നഴ്‌സ് വേഷത്തില്‍ 3 മാസം; കെയര്‍ ഹോമിലെ ചൂഷണവും ദുരിതവും പകര്‍ത്തി മലയാളി ജേണലിസ്റ്റ്, ബിബിസി അന്വേഷണപരമ്പര പുറത്ത്
ഇംഗ്ലണ്ടിലെ കെയർ ഹോമുകളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ കെയർ നഴ്സുമാർ അനുഭവിക്കുന്ന ചൂഷണങ്ങളും അന്തേവാസികൾ നേരിടേണ്ടി വരുന്ന ദയനീയ സാഹചര്യങ്ങളും ലോകത്തിനു മുന്നിൽ തുറന്നുകാട്ടി മാധ്യമ പ്രവർത്തകൻ. മലയാളിയായ ബാലകൃഷ്‌ണൻ ബാലഗോപാലാണ് ബിബിസിയിലൂടെ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
വിവിധ ഏജൻസികൾക്ക് വൻ തുക നൽകി കേരളത്തിൽ നിന്നുൾപ്പെടെ ഇംഗ്ലണ്ടിലെ കെയർ ഹോമുകളിലേക്ക് ജോലിക്കെത്തുന്ന വിദേശ കെയർ നഴ്സുമാരെ പിആറിന്റെയും നഷ്ടപരിഹാരത്തിന്റെയും പേരിൽ കുരുക്കിലാക്കി ചൂഷണം ചെയ്യുന്നത് 'ബിബിസി പനോരമ' എന്ന പരമ്പരയിലൂടെ പുറത്തുവിട്ട റിപ്പോർട്ടിൽ വിശദമായി തുറന്നുകാട്ടുന്നു.
നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രമുഖ കമ്പനിക്ക് കീഴിലുള്ള 15 കെയർ ഹോമുകളിൽ ഒന്ന് കേന്ദ്രീകരിച്ചാണ് ബാലകൃഷ്‌ണൻ അന്വേഷണാത്മക റിപ്പോർട്ട് തയാറാക്കിയത്. ന്യൂകോസിലിലുള്ള ബണ്ടി മൽഹോത്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള 'അഡിസൺ കോർട്ട്' കെയർ ഹോമിൽ മൂന്ന് മാസം കെയർ ഗിവർ ആയി ജോലി ചെയ്ത് രഹസ്യമായി ശേഖരിച്ച വീഡിയോ ക്ലിപ്പുകളും വിദഗ്ധരുടെ അഭിപ്രായങ്ങളും കോർത്തിണക്കിയുള്ളതാണ് ബിബിസിയുടെ വിശദമായ റിപ്പോർട്ട്.
ബാലകൃഷ്ണൻ തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് അൻപതോളം അന്തേവാസികളുള്ള ഈ കെയർ ഹോമിൽ അവരെ പരിചരിക്കുന്നതിനായി പരിമിത നഴ്സുമാരാണുള്ളത്. മിക്കപ്പോഴും രാത്രിയിൽ ഇത്രയും പേരെ പരിചരിക്കാനായി ഒരാൾ മാത്രമേ ഉണ്ടാകാറുള്ളൂ. അതേസമയം, ഭീമമായ തുകയാണ് അന്തേവാസികളുടെ കുടുംബത്തിൽനിന്ന് ആഴ്ചതോറും കെയർ ഹോം കമ്പനിയിലേക്കെത്തുന്നതെന്ന് 'അഡിസൺ കോർട്ടി'ലുണ്ടായിരുന്ന ജോയ്‌സ് ബേർഡ്‌സ് എന്നയാളുടെ മകൾ ബിബിസിക്ക് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാകുന്നു. ആഴ്ചയിൽ ശരാശരി 1,100 പൗണ്ട് (ഒരു ലക്ഷം രൂപ) വരെയാൻ ഇവരിൽനിന്ന് ഫീസ് ഈടാക്കുന്നത്.
നഴ്സുമാരുടെ അഭാവത്തിൽ അന്തേവാസികൾ അനുഭവിക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയും അവർ നേരിടുന്ന ദയനീയ സാഹചര്യങ്ങളും അര മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയിൽ വ്യക്തമായി തുറന്നുകാട്ടുന്നുണ്ട്. കൃത്യമായ മരുന്നുകളും പരിചരണവും ലഭിക്കാത്തതിന്റെ പേരിൽ മരിച്ചവരുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്.
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ അഭാവം ഇംഗ്ലണ്ടിൽ വർധിച്ചുവരികയാണ്. 2023ൽ മാത്രം 140,000 വിസയാണ് ആരോഗ്യമേഖലയിലെ ജോലിക്കാർക്കായി ബ്രിട്ടൻ നൽകിയത്. ഇവയിൽ 39,000 വിസയും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. മികച്ച ജീവിതാന്തരീക്ഷവും സാമ്പത്തികനിലയും മുന്നിൽ കണ്ടാണ് ഇന്ത്യയിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറുന്നത്. വിദേശത്തേക്കുള്ള വിസ ലഭിക്കാൻ വിവിധ ഏജൻസികളിൽ ഭീമമായ തുകയാണ് കെട്ടിവെക്കേണ്ടി വരുന്നത്.
സർക്കാർ വെബ്സൈറ്റ് വഴി അപേക്ഷിച്ചാൽ കേവലം 551 പൗണ്ട് (ഏകദേശം 58,000 രൂപ) മാത്രം ചെലവാകുന്ന വീസയ്ക്കായി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ ആറായിരം മുതൽ പതിനായിരം പൗണ്ട് വരെ (ഏകദേശം ആറ് ലക്ഷം മുതൽ 10 ലക്ഷം രൂപ) നൽകിയാണ് ജോലി നേടിയതെന്ന് മലയാളികളിൽ ചിലർ ബിബിസി ഡോക്യുമെന്‍ററിയിൽ തുറന്നുപറയുന്നു.
പി ആർ കുരുക്കിൽപ്പെട്ട് ചൂഷണത്തിനിരയാകേണ്ടി വരുന്നതും നിലവിലെ സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ജോലി തേടിപ്പോകാൻ ശ്രമിക്കുമ്പോൾ തിരികെ നൽകേണ്ട ഭീമ തുക കാണിച്ച് നഴ്സിങ് ഹോമുകളിൽ കുരുക്കിലായി പോകുന്ന സാഹചര്യവും മലയാളികളായ നഴ്സുമാർ വിഡിയോയിൽ പറയുന്നുണ്ട്.
വിദേശത്തേക്ക് ഏതെങ്കിലും തൊഴിലുടമയുടെ സ്പോൺസർഷിപ്പിൽ ആരോഗ്യമേഖലയിൽ ജോലിക്കെത്തുന്നവർ അതിൽനിന്ന് മാറിയാൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ അടുത്ത സ്‌പോൺസറെ കണ്ടെത്തിയിരിക്കണം. ഇല്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് തിരിച്ച പോകേണ്ട സാഹചര്യമുണ്ടാകും. ഇക്കാര്യത്തിലാണ് കെയർ ഹോം ഉടമകൾ തൊഴിലാളികളെ മുതലെടുക്കുന്നത്. നിലവിലെ ജോലി രാജിവെവയ്ക്കുകയാണെങ്കിൽ നാല് ലക്ഷം രൂപ വരെയാണ് ഉടമകൾ നഷ്ടപരിഹാരം ചോദിക്കുന്നത്.
ഭീമമായ തുക കൈപ്പറ്റി പരിചരണമെന്ന പേരിൽ അന്തേവാസികൾക്ക് നേരെ കാണിക്കുന്ന അനീതിയും വിദേശത്തുനിന്ന് ജോലിക്കെത്തുന്ന നഴ്സുമാർ അനുഭവിക്കുന്ന മാനസിക സമ്മർദവും ഇതിനെല്ലാം വിപരീതമായി കോടികൾ ലാഭം കൊയ്യുന്ന സ്ഥാപനത്തിന്റെ ലാഭക്കണക്കും കോർത്തിണക്കിയാണ് ബിബിസി പനോരമയുടെ 'കെയർ വർക്കേഴ്സ് അണ്ടർ പ്രഷർ' പരമ്പര.
ഇമിഗ്രേഷൻ സംബന്ധിച്ച് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി (എംഎസി) കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ രാജ്യത്തെ ആരോഗ്യ മേഖലയിൽ ജീവനക്കാർ അനുഭവിക്കുന്ന ചൂഷണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ബിബിസിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്.