'നിജ്ജർ കൊലപാതകം ആസൂത്രിതം'; ആക്രമണദൃശ്യം പുറത്ത്

'നിജ്ജർ കൊലപാതകം ആസൂത്രിതം'; ആക്രമണദൃശ്യം പുറത്ത്

കനേഡിയൻ പൗരത്വമുള്ള ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം
Updated on
1 min read

ഇന്ത്യ - കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. നിജ്ജർ കൊല്ലപ്പെട്ട ഒൻപത് മാസത്തിനുശേഷമാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.

സിബിഎസ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയൻ അന്വേഷണാത്മക ഡോക്യുമെന്ററി പരമ്പരയായ 'ദി ഫിഫ്ത്ത് എസ്റ്റേറ്റി'ൽനിന്ന് ലഭ്യമായ വീഡിയോ സിബിഎസ് ന്യൂസാണ് പുറത്തുവിട്ടത്. വിവിധ സ്രോതസുകൾ വീഡിയോ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

2020-ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജർ, 2023 ജൂൺ 18-ന് വൈകുന്നേരം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്കു പുറത്ത് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ചാരനിറത്തിലുള്ള ഡോഡ്ജ് റാം പിക്കപ്പ് ട്രക്കുമായി ഗുരുദ്വാരയുടെ പാർക്കിങ് സ്ഥലത്തുനിന്ന് നിജ്ജർ പോകുന്നത് വിഡിയോയിൽ കാണാവുന്നതാണ്.

വാഹനം എക്സിറ്റിനടുത്ത് എത്തുമ്പോൾ ഒരു വെള്ള സെഡാൻ കാർ വണ്ടിയെ തടഞ്ഞുകൊണ്ട് മുന്നിൽ നിർത്തുന്നു. പിന്നാലെ രണ്ടുപേർ ഓടിവന്ന് നിജ്ജറിനെ വെടിവെച്ച് കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. വെടിവെച്ച രണ്ട് പേരും സിൽവർ കളർ ടൊയോട്ട കാംറിയിൽ കയറിയാണ് രക്ഷപ്പെടുന്നത്.

'നിജ്ജർ കൊലപാതകം ആസൂത്രിതം'; ആക്രമണദൃശ്യം പുറത്ത്
ആരാണ് ഹർദീപ് സിങ് നിജ്ജർ? ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ബാധിച്ച കൊലപാതകം

സംഭവം നടക്കുമ്പോൾ സമീപത്തെ മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന രണ്ട് പേർ വെടിയൊച്ച കേട്ട സ്ഥലത്തേക്ക് ഓടിവരുന്നതും അക്രമികളെ പിന്തുടരാൻ ശ്രമിക്കുന്നതും കാണാം. ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങളെത്തുമ്പോൾ രണ്ട് ആളുകൾ ഓടിപ്പോകുന്നത് കണ്ടുവെന്നത് സാക്ഷികളിലൊരാളായ ഭൂപീന്ദർ സിങ് സിദ്ദു വെളിപ്പെടുത്തിയിരുന്നു.

"ഓടിയെത്തിയവർ നിജ്ജറിന് പ്രാഥമിക ശുശ്രൂഷ നല്‍കി. എന്നാൽ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. ശ്വസിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല," എന്നായിരുന്നു ഭൂപീന്ദർ സിങ് സിദ്ദുവിന്റെ പരാമര്‍ശം.

'നിജ്ജർ കൊലപാതകം ആസൂത്രിതം'; ആക്രമണദൃശ്യം പുറത്ത്
'ഇന്ത്യ ഞങ്ങളുടെ പൗരനെ കൊന്നതിന് തെളിവുണ്ട്'; വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് ആപത്ത്: ട്രൂഡോ

അക്രമികളെ സിദ്ദുവിന്റെ സുഹൃത്ത് മൽകിത് സിങ് പിന്തുടർന്നെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു. അക്രമികൾ കയറിയ ടൊയോട്ട കാംറിയിൽ മറ്റ് മൂന്നു പേർ ഉണ്ടായിരുന്നുവെന്നും സിബിസി ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. അക്രമികള്‍ അന്‍പതോളം തവണ വെടിയുതിർത്തതായും 34 വെടിയുണ്ടകള്‍ നിജ്ജാറിന്റെ ശരീരത്തില്‍ പതിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) ഇതുവരെ നിജ്ജാർ കൊലപാതകത്തിൽ ആരെയും പ്രതികളാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ ഈ കൊലപാതകം ഇന്ത്യയും കാനഡയും തമ്മിൽ വലിയ നയതന്ത്ര തർക്കങ്ങൾക്കാണ് വഴിവച്ചത്.

കനേഡിയൻ പൗരത്വമുള്ള ഹർദീപ് സിങ് നിജ്ജറിനെ കാനഡയിൽവച്ച് കൊലപ്പെടുത്തിയിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ ആരോപണം പാർലമെൻറിൽ ഉന്നയിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.

'നിജ്ജർ കൊലപാതകം ആസൂത്രിതം'; ആക്രമണദൃശ്യം പുറത്ത്
തെളിവെവിടെ? ട്രൂഡോയുടെ പ്രസ്താവന നിജ്ജാര്‍ കൊലക്കേസ് അന്വേഷണം നശിപ്പിച്ചു; വിമര്‍ശനവുമായി ഇന്ത്യ

ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾ കാനഡയിൽ ശക്തമാകുന്നുവെന്ന് ഇന്ത്യയും തിരിച്ചടിച്ചു. എൽടിടിഇയും ഖലിസ്ഥാൻ അനുകൂല സംഘടനകളുമുൾപ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ ശക്തമായ സാന്നിധ്യം കാനഡയിലുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഭീകരരെ കാനഡ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in