ബഖ്മുത്ത് പിടിച്ചെടുത്തെന്ന് റഷ്യ; നിഷേധിച്ച് യുക്രെയ്ന്‍, പ്രതിരോധം തുടരുകയാണെന്ന് സൈനിക മേധാവി
യുക്രെയ്ന്റെ കിഴക്കന്‍ നഗരമായ ബഖ്മുത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്തതായി റഷ്യ. ഏതാനും ദിവസങ്ങളായി മേഖലയില്‍ റഷ്യ - യുക്രെയ്ന്‍ സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായിരുന്നു. വാഗ്നര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നഗരം പിടിച്ചെടുത്തതെന്നാണ് റഷ്യന്‍ വാദം. പിടിച്ചെടുക്കലിന് നേതൃത്വം നല്‍കിയ സൈനികരെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ അഭിനന്ദിച്ചു.
വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗനി പ്രിഗോഷിനാണ് ബഖ്മുത്തില്‍ നിന്ന് യുക്രെയ്ന്‍ സൈന്യത്തെ പുറത്താക്കിയെന്ന് അവകാശപ്പെട്ടത്. ഇതിന് തെളിവായി വീഡിയോകളും പ്രിഗോഷിന്‍ പുറത്തുവിട്ടു. ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തിയ സൈനികര്‍ക്ക് പുടിന്‍ പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കിയതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പ്രിഗോഷിന്റെ അവകാശവാദം യുക്രെയ്ന്‍ പൂര്‍ണമായും തള്ളി. മേഖലയില്‍ ഇപ്പോഴും കനത്തപോരാട്ടം തുടരുകയാണെന്നാണ് യുക്രെയ്ന്‍ സൈനിക മേധാവി അവകാശപ്പെട്ടത്. റഷ്യ പൂര്‍ണമായും നഗരം പിടിച്ചെടുത്തെന്ന വാദം ശരിയല്ലെന്നും യുക്രെയ്ന്‍ സൈന്യം ഇപ്പോഴും മേഖലയിലുണ്ടെന്നും പ്രതിരോധ മന്ത്രി പറയുന്നു. ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ ആക്രമണത്തില്‍ വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് നഗരത്തിലുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബഖ്മുത്തിന്റെ വടക്കന്‍ തെക്ക് ഭാഗങ്ങളില്‍ ആറ് മാസത്തോളമായി യുക്രെയ്ന്‍ സേന കനത്ത പ്രതിരോധമാണ് തീര്‍ത്തതെന്ന അവകാശവാദങ്ങള്‍ക്ക് പിന്നാലെയാണ് റഷ്യ ബഖ്മുത്ത് കീഴടക്കി എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്നു. ബഖ്മുത്തിലെ രണ്ട് കിലോമീറ്ററിലേറെ ഭാഗം റഷ്യയില്‍ നിന്ന് പൂര്‍ണമായും വീണ്ടെടുത്തതായും യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടിരുന്നു.
ജി 7 നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളാഡിമര്‍ സെലന്‍സ്‌കി ജപ്പാനിലേക്ക് പോയതിനിടെയാണ് റഷ്യയുടെ ഏറ്റവും പുതിയ അവകാശവാദം. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികള്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്തുണ യുക്രെയ്‌ന് നല്‍കിയിരുന്നു. മാത്രമല്ല റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 ന് തുടങ്ങിയ റഷ്യന്‍ അധിനിവേശത്തില്‍ പിടിച്ചെടുത്ത പല സ്ഥലങ്ങളും കടുത്ത പോരാട്ടത്തിലൂടെ യു്‌ക്രെയ്ന്‍ തിരിച്ച് പിടിച്ചിരുന്നു. ഇനിയും സ്ഥലങ്ങള്‍ പിടിച്ചെടുക്കുമെന്നും വ്‌ളാഡിമര്‍ സെലന്‍സ്‌കി അറിയിച്ചു. മനോവീര്യത്തിന്റെ കോട്ട എന്നാണ് ബഖ്മുത്തിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.