'വ്യാജന്മാരെ പൂട്ടണമെന്ന് കോടതി, പറ്റില്ലെന്ന് ഇലോൺ മസ്‌ക്'; ബ്രസീലിലെ പ്രവർത്തനം അവസാനിപ്പിച്ച് എക്സ്
സെൻസർഷിപ്പ് ഉത്തരവുകളെത്തുടർന്ന് ബ്രസീലിൽ സേവനങ്ങൾ അവസാനിപ്പിച്ച് മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ്. ബ്രസീലിലെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തലാക്കുന്നുവെന്ന് ശനിയാഴ്ച എക്സ് അറിയിച്ചിരുന്നു. പ്ലാറ്റ്‌ഫോമിലെ ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ബ്രസീലിയൻ സുപ്രീംകോടതി ജഡ്ജ് അലക്സാന്ദ്രേ ഡി മൊറേസ് എക്‌സിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
തീവ്ര വലതുപക്ഷ നേതാവും ബ്രസീൽ മുൻ പ്രസിഡന്റുമായ ജെയർ ബോൾസോനാരോയുടെ ഭരണകാലത്ത് വ്യാജ വാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന എക്‌സിലെ ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. "ഡിജിറ്റൽ മിലിഷ്യകൾ" എന്ന് വിളിക്കപ്പെടുന്ന ഇവരെക്കുറിച്ച് അന്വേഷണവും പുരോഗമിക്കുകയാണ്. എന്നാൽ എക്സിന്റെ ഉടമയും സ്പേസ് എക്സ് മേധാവിയുമായ ശതകോടീശ്വരൻ ഇലോൺ മസ്‌ക്, കോടതിയുടെ ഉത്തരവിന് പിന്നാലെ അക്കൗണ്ടുകൾ സജീവമാക്കുമെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതോടെ മസ്കിനെതിരെ അന്വേഷണം ആരംഭിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങി. എക്‌സിനെ സംബന്ധിച്ച ജഡ്ജി മൊറേസിൻ്റെ തീരുമാനങ്ങളെ "ഭരണഘടനാ വിരുദ്ധം" എന്ന് മസ്‌ക് വിശേഷിപ്പിച്ചെങ്കിലും ബ്രസീലിലെ നിയമങ്ങൾ പാലിക്കാൻ തയാറാണെന്ന് എക്സ് അധികൃതർ പിന്നീട് കോടതിയെ അറിയിച്ചിരുന്നു. ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ സജീവമായി തുടരുന്നതിന് പിന്നിൽ "സാങ്കേതിക പിഴവുകൾ" ആണെന്ന് എക്സ് കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ശനിയാഴ്ചത്തെ പ്രഖ്യാപനത്തിന് പിന്നാലെ ജഡ്ജി മൊറേസിനെതിരെ രൂക്ഷവിമർശനമാണ് മസ്‌ക് നടത്തിയത്. മൊറേസ് നീതിക്ക് തീർത്തും അപമാനമാണെന്നായിരുന്നു മസ്കിന്റെ വിമർശനം . കൂടാതെ "രഹസ്യ സെൻസർഷിപ്പ്, സ്വകാര്യ വിവരങ്ങൾ കൈമാറൽ" എന്നിങ്ങനെയുള്ള കോടതിയുടെ ഉത്തരവുകൾ അംഗീകരിക്കാൻ കമ്പനിക്ക് കഴിയില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
അതേസമയം, നിർദിഷ്ട മാറ്റങ്ങൾ കൊണ്ടുവരുന്നില്ലെങ്കിൽ രാജ്യത്തെ കമ്പനി പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് ജഡ്ജി അലക്സാന്ദ്രേ ഡി മൊറേസ് രഹസ്യമായി ഭീഷണിപ്പെടുത്തിയാതായി എക്സ് ആരോപിക്കുന്നു. അതിനാൽ “ജീവനക്കാരുടെ സുരക്ഷയ്ക്കായി, ബ്രസീലിലെ ഞങ്ങളുടെ പ്രവർത്തനം അടിയന്തരമായി നിർത്താൻ തീരുമാനിച്ചു" എന്നാണ് എക്സ് അറിയിക്കുന്നത്. മൊറേസ് ഒപ്പിട്ടതായി ആരോപിക്കപ്പെടുന്ന ഒരു രേഖയുടെ ചിത്രങ്ങളും എക്സില്‍ പങ്കുവെച്ചിരുന്നു.
ഉത്തരവുകൾ പൂർണമായി പാലിച്ചില്ലെങ്കിൽ, എക്‌സ് പ്രതിനിധി റേച്ചൽ നോവ കോൺസെക്കാവോയ്‌ക്കെതിരെ അറസ്റ്റ് വാറന്റും പ്രതിദിനം 3,653 ഡോളർ പിഴയും ചുമത്തുമെന്നാണ് രേഖയിൽ പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ സംസാരിക്കില്ലെന്നും എക്‌സ് പങ്കിട്ട രേഖയുടെ ആധികാരികത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യില്ലെന്നും മൊറേസും പറഞ്ഞു.