"കൂട്ടപിരിച്ചുവിടൽ തീരുമാനം ഒഴിവാക്കാൻ കഴിയാത്തത്": ന്യായീകരണവുമായി സിഇഒ സുന്ദർ പിച്ചൈ
ഗൂഗിളിലെ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനെ ന്യായീകരിച്ച് സിഇഒ സുന്ദർ പിച്ചൈ. കമ്പനിയുടെ വളർച്ച മന്ദഗതിയിയിലായതിനാൽ കൈക്കൊള്ളേണ്ട തീരുമാനായിരുന്നു പിരിച്ചുവിടലെന്ന് പിച്ചൈ വിശദീകരിച്ചു. നിർണായക തീരുമാനങ്ങൾ കൈക്കൊള്ളേണ്ട അവസരമാണ്. അതിന്റെ ഭാഗമായാണ് താൻ ബോർഡ് അംഗങ്ങളെയും സ്ഥാപകരെയും സമീപിച്ച് ആറ് ശതമാനം പേരെ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പിച്ചൈ വിശദീകരിച്ചു. തിങ്കളാഴ്ച ചേർന്ന ജീവനക്കാരുടെ മീറ്റിങ്ങിലാണ് ഗൂഗിൾ സിഇഒ ഇക്കാര്യം വിശദീകരിച്ചത്.
തിങ്കളാഴ്ച ചേർന്ന ജീവനക്കാരുടെ മീറ്റിങ്ങിലാണ് ഗൂഗിൾ സിഇഒ ഇക്കാര്യം വിശദീകരിച്ചത്
'ഇത് താൻ എടുക്കേണ്ടിയിരുന്ന തീരുമാനമെന്നും കൃത്യമായും മനസിലാക്കിയും പ്രവർത്തിച്ചില്ലെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളാകുമായിരുന്നു' എന്നും പിച്ചൈ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൂഗിൾ 12,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി അറിയിച്ചത്. കൂട്ടപിരിച്ചുവിടലിനെ പറ്റി ഊഹാപോഹങ്ങൾ നിലനിന്നിരുന്നു എങ്കിലും പിരിച്ചുവിടൽ ടെക് രംഗത്ത് വലിയ ഞെട്ടൽ ഉണ്ടാക്കി. ഓഫീസിലെ ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വന്നപ്പോഴാണ് പുറത്താക്കിയതിനെ പറ്റി പല ജീവനക്കാരും മനസിലാക്കിയത്. എന്നാൽ തീരുമാനം ശ്രദ്ധാപൂർവം എടുത്തതാണെന്നും പെട്ടെന്നുണ്ടായതല്ലെന്നും പിച്ചൈ പറഞ്ഞു.
തീരുമാനം ശ്രദ്ധാപൂർവം എടുത്തതാണെന്നും പെട്ടെന്നുണ്ടായതല്ലെന്നും പിച്ചൈ
"പിരിച്ചുവിടുക എന്നത് ആകസ്മികമായി എടുത്ത തീരുമാനമായിരുന്നില്ല. നേതൃപദവിയിലുള്ളവർക്കും ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയാത്തതിനാൽ സീനിയർ വൈസ് പ്രസിഡന്റ് മുതൽ മുകളിലുള്ളവരുടെ വാർഷിക ബോണസിലും ഇത്തവണ കുറവുണ്ടാകും" പിച്ചൈ പറഞ്ഞു.
സാധാരണയായി സ്ഥാപനങ്ങളിൽ മാനേജർമാർക്ക് പരിരക്ഷ ലഭിക്കാറുണ്ട്. എന്നാൽ ഗൂഗിളിൽ 30000-ത്തിലധികം മാനേജർ മാരുള്ളതിനാലാണ് അതിന് സാധിക്കാത്തതെന്നും ജീവനക്കാരുമായുള്ള മീറ്റിംഗിൽ ചീഫ് പീപ്പിൾ ഓഫീസർ ഫിയോണ സിക്കോണി ചൂണ്ടിക്കാട്ടി. കമ്പനിയിൽ ദീർഘകാലം ജോലി ചെയ്തിട്ടുള്ള ജീവനക്കാർക്ക് പ്രതിഫലമായി പിരിഞ്ഞുപോകുമ്പോഴുള്ള പാക്കേജുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും മീറ്റിംഗിൽ അറിയിച്ചു. പ്രധാനപ്പെട്ട മേഖലകളിൽ നിക്ഷേപത്തിനുള്ള അവസരമൊരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഗൂഗിൾ മാതൃസ്ഥാപനമായ ആൽഫബെറ്റ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പൊറാട്ടും പറഞ്ഞു.
സാമ്പത്തിക അനിശ്ചിതത്വം സാങ്കേതിക മേഖലയെ അപ്പാടെ ബാധിക്കുമെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളും പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. പിരിച്ചുവിടുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജീവനക്കാർക്ക് അയച്ച കത്തിൽ സുന്ദർ പിച്ചൈ അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ വളർച്ചയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ആദ്യകാല നിക്ഷേപങ്ങൾക്കും സേവനമൂല്യത്തിനും സുന്ദർ പിച്ചൈ നന്ദി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കമ്പനിയുടെ വരവ് ചെലവുകൾ പ്രതീക്ഷിച്ചതിനൊപ്പം എത്തിയിരുന്നില്ല. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭം, 27 ശതമാനം ഇടിഞ്ഞ് 13.9 ബില്യൺ ഡോളറിലെത്തിയതായും സുന്ദർ പിച്ചൈ കൂട്ടിച്ചേർത്തു.