ലെബനനിൽ 'സമയം' ശരിയല്ല; നട്ടം തിരിഞ്ഞ് ജനങ്ങൾ

ലെബനനിൽ 'സമയം' ശരിയല്ല; നട്ടം തിരിഞ്ഞ് ജനങ്ങൾ

തീരുമാനം രാജ്യത്തെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള ഭിന്നത വർധിപ്പിക്കുന്നതാണെന്നും അധികാരികൾ ജനങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്
Updated on
2 min read

തെക്ക് പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ലെബനന്‍ ഇപ്പോള്‍ അസാധാരണമായൊരു 'സമയ' പ്രതിസന്ധി നേരിടുകയാണ്. ഓരേ രാജ്യത്തെ ജനങ്ങള്‍ പിന്തുടരുന്നത് രണ്ട് വ്യത്യസ്ത സമയമേഖല. മുസ്ലിം മത വിഭാഗത്തില്‍പെട്ടവര്‍ ഒരു സമയമേഖലയും ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ മറ്റൊരു സമയമേഖലയും പിന്തുടരാന്‍ തീരുമാനിച്ചതോടെ അസാധാരണമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.

വാര്‍ഷിക സമയ മാറ്റത്തില്‍ വന്ന ആശയ കുഴപ്പങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കാധാരം. യൂറോപ്പിലെ മറ്റു പല രാജ്യങ്ങള്‍ക്കൊപ്പം ലെബനനും എല്ലാ വര്‍ഷവും മാര്‍ച്ച് അവസാന ഞായറാഴ്ച തങ്ങളുടെ സമയം ഒരു മണിക്കൂര്‍ മുന്‍പോട്ട് മാറ്റുമായിരുന്നു. ശൈത്യകാലത്ത് നിന്ന് വസന്തകാലത്തേക്ക് മാറുമ്പോള്‍ രാജ്യത്തെ പകലിന്റെ ദൈര്‍ഘ്യവും സമയവും തമ്മിലുള്ള അന്തരം ഒഴിവാക്കാനാണ് ഇങ്ങനെ സമയം മാറ്റുന്നത്. എന്നാല്‍ ഈ വര്‍ഷം സമയം മാറ്റുന്ന ഈ പ്രക്രിയ മാര്‍ച്ചില്‍ ആയിരിക്കില്ല എന്നും ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ 21 ന് നടപ്പാക്കിയാല്‍ മതിയെന്നും ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി പ്രഖ്യാപിച്ചു.

1975 മുതൽ 1990 വരെ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾ തമ്മിൽ ആഭ്യന്തരയുദ്ധം നടന്ന രാജ്യത്ത് ഒരു വിഭാഗം ഇതിനെ അനുകൂലിക്കുകയും ഒരു വിഭാഗം ഈ രീതിയെ പിന്തുടരാൻ വിസമ്മതിക്കുകയും ചെയ്തു

എന്തുകൊണ്ടാണ് സമയമാറ്റം നടപ്പാക്കുന്നത് നീട്ടിവച്ചത് എന്നതില്‍ വ്യക്തമായ മറുപടി പ്രധാനമന്ത്രി നല്‍കിയിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ചെവിക്കൊള്ളാതെ സാധാരണ പോലെ ഞായറാഴ്ച മുതല്‍ സമയമാറ്റം വരുത്താന്‍ ഒരു വിഭാഗം തയ്യാറായി. മറ്റൊരുവിഭാഗം സമയമാറ്റം ഏപ്രിലിലേക്ക് മാറ്റി. ഇതോടെ രാജ്യത്ത് ആളുകള്‍ രണ്ട് സമയത്തില്‍ ജീവിക്കുന്ന സ്ഥിതിയായി . ഇത് ദൈനംദിന കാര്യങ്ങളെ ബാധിക്കുന്നു എന്നാണ് ജനങ്ങളുടെ പ്രതികരണം വ്യക്തമാക്കുന്നത്. റംസാന്‍ പ്രമണിച്ചാണ് സമയമാറ്റം നീട്ടിവച്ചെതന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ പ്രഖ്യാപന പ്രകാരം മുസ്ലീം പുണ്യമാസമായ റംസാനിന്റെ അവസാനമായിരിക്കും സമയമാറ്റം നടക്കുക. ഇത് പ്രകാരം റംസാന്‍ വ്രതം എടുക്കുന്ന രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് രാത്രി 7 മണിക്ക് പകരം വൈകുന്നേരം 6 മണിയോടെ വ്രതം മുറിക്കാം. ഈ ക്രമീകരണത്തിനായാണ് പ്രധാനമന്ത്രി സമയമാറ്റം വൈകിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഞായറാഴ്ച മുതല്‍ മാറ്റം നടപ്പാക്കാന്‍ ക്രിസ്ത്യന്‍ വിഭാഗം തയ്യാറാവുകയാണ്. ഈ സമയമാണ് രാജ്യത്തെ അന്താരാഷ്ട്ര സമയം.

പ്രധാനമന്ത്രിയുടെ തീരുമാനത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ട് സ്‌കൂള്‍ സമയങ്ങളും ഒരു മണിക്കൂര്‍ സമയമാറ്റത്തോടെയാണ് പ്രവര്‍ത്തിക്കുക എന്ന് വിദ്യാഭ്യാസ മന്ത്രി അബ്ബാസ് ഹലാബി ഞായറാഴ്ച വ്യക്തമാക്കി. പ്രമുഖ മാധ്യമസ്ഥാപനങ്ങളും വ്യവസായികളും സമയമാറ്റം വരുത്തിയപ്പോള്‍ ലെബനന്റെ ദേശീയ വിമാനക്കമ്പനിയായ മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് ഉള്‍പ്പടെയുള്ളവര്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ മുസ്ലീം സ്ഥാപനങ്ങളും പാര്‍ട്ടികളും പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോയി. ലെബനനിലെ ഏറ്റവും സ്വാധീനമുള്ളതും വലുതുമായ ക്രിസ്ത്യന്‍ സഭ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് നീക്കി വെച്ചു. മറ്റു ക്രിസ്ത്യന്‍ പാര്‍ട്ടികളും സ്ഥാപനങ്ങളും ഇതിനോട് യോജിച്ചു.

നിലവിലെ സ്ഥിതിയെ സംബന്ധിച്ച് രസകരമായ കുറിപ്പുകളും ലെബനനിലെ ആളുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെക്കുന്നുണ്ട്. ' ഞാന്‍ എന്റെ കുട്ടികളെ രാവിലെ 8 മണിക്ക് സ്‌കൂളില്‍ വിട്ടതിന് ശേഷം 42 കിലോമീറ്റര്‍ അകലെയുള്ള എന്റെ ജോലിസ്ഥലത്ത് എത്തിച്ചേരുന്നത് രാവിലെ 7:30 നാണ്. വൈകുന്നേരം 5 മണിക്ക് ജോലി കഴിഞ്ഞിറങ്ങുന്ന ഞാന്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്ത് വൈകുന്നേരം 7 മണിക്ക് വീട്ടിലെത്തുന്നു ' ഒരു ലെബനീസ് യുവതി ട്വീറ്റ് ചെയ്തു. എന്നാല്‍ തീരുമാനം ഭരണപരമായ നടപടിക്രമമാണ് എന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രധാനമന്ത്രി.

1975 മുതല്‍ 1990 വരെ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ ആഭ്യന്തരയുദ്ധം നടന്ന രാജ്യമാണ് ലെബനന്‍. ഇതിനകം തന്നെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ നേരിടുന്ന രാജ്യത്ത് തീരുമാനം കൂടുതല്‍ ഭിന്നിപ്പുകള്‍ ഉണ്ടാക്കുകയാണ്. രാജ്യത്തെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള ഭിന്നത വര്‍ധിപ്പിക്കുന്നതാണ് പുതിയ സാഹചര്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലെബനനിലെ രാഷ്ട്രീയ-മത നേതാക്കള്‍ തമ്മിലുള്ള തര്‍ക്കവും രൂക്ഷമാവുകയാണ്.

logo
The Fourth
www.thefourthnews.in