തീരുമാനം തെറ്റായിപ്പോയി ; 
ക്ഷമ ചോദിച്ച് ബ്രിട്ടീഷ് പ്രധാന മന്ത്രി ലിസ് ട്രസ്

തീരുമാനം തെറ്റായിപ്പോയി ; ക്ഷമ ചോദിച്ച് ബ്രിട്ടീഷ് പ്രധാന മന്ത്രി ലിസ് ട്രസ്

വിവാദ സാമ്പത്തിക നയത്തില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞത് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍
Updated on
1 min read

ബ്രിട്ടീഷ് സര്‍ക്കാരിന്റെ മിനി ബഡ്ജറ്റ് സാമ്പത്തിക നയത്തില്‍ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാന മന്ത്രി ലിസ് ട്രസ്. മിനി ബഡ്ജറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് അറിയിച്ച ലിസ് സംഭവിച്ച തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ചു.ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദ സാമ്പത്തിക നയം മൂലം ബുദ്ധിമുട്ടിയ ജനങ്ങളോട് ലിസ്ട്രസ് മാപ്പ് പറഞ്ഞത്.

അധിക നികുതി അടയ്‌ക്കേണ്ടി വന്നിരുന്ന ജനങ്ങളെ സഹായിക്കാനായിരുന്നു ബില്‍ കൊണ്ട് വന്നത്. പക്ഷെ നീക്കങ്ങള്‍ കുറച്ച് അധികം ധൃതിയിലായി എന്നത് അംഗീകരിക്കുന്നു. എത്രയും പെട്ടെന്ന് സാമ്പത്തിക സ്ഥിരതയിലേക്ക് തിരികെ എത്താനാണ് ഒരു പുതിയ ചാന്‍സിലറെ നിയമിച്ചതെന്നും ട്രസ് കൂട്ടി ചേര്‍ത്തു. ചെയ്തത് അവിവേകമായി എന്നത് തിരിച്ചറിയുന്നു എന്നും, പറ്റിയ തെറ്റ് ഏറ്റ് പറയുന്നത് സത്യസന്ധമായ രാഷ്ട്രീയപ്രവർത്തനത്തിന്റെ ലക്ഷണമായി താന്‍ കരുതുന്നെന്നും ലിസ് ട്രസ് പറഞ്ഞു. , നേതൃസ്ഥാനത്ത് താന്‍ തുടരുമെന്നും ലിസ് കൂട്ടിച്ചേർത്തു.

രാജ്യത്തെ ധാരാളം കുടുംബങ്ങള്‍ക്ക് പദ്ധതി മൂലം ബുദ്ധിമുട്ടുണ്ടായി.വായ്പാ തിരിച്ചടവിനായി ജനങ്ങള്‍ വളരേയധികം ബുദ്ധിമുട്ടി. താന്‍ കൂടി പിന്താങ്ങിയ സാമ്പത്തിക നയത്തിലുണ്ടായ വീഴ്ച അംഗീകരിക്കുന്നെന്നും ലിസ് ട്രസ് വ്യക്തമാക്കി.

ലിസ്ട്രസും മുന്‍ ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങും ചേര്‍ന്ന് നടപ്പിലാക്കിയ പുതിയ നികുതി പരിഷ്കാരം പ്രധാനമന്ത്രിയെ വെട്ടിലാക്കിയിരുന്നു. ദീര്‍ഘവീക്ഷണം ഇല്ലാതെ നടപ്പിലാക്കിയ പദ്ധതിയെ തുടർന്ന് ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിനെ പുറത്തക്കേണ്ട സാഹചര്യവുമുണ്ടായി

സാമ്പത്തിക നയത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളില്‍ നിന്നും മുഖം രക്ഷിക്കാനായാണ് ക്വാസി ക്വാര്‍ട്ടെങ്ങിനെ മാറ്റി ജെറെമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ക്വാസിയെ പുറത്താക്കിയതുകൊണ്ട് മാത്രം തന്റെ കൂടി അറിവോടെ നടപ്പിലാക്കിയ പദ്ധതിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും മാറി നില്‍ക്കാന്‍ സാധിക്കില്ലെന്നുള്ള ആരോപണങ്ങള്‍ക്കിടെയാണ് ലിസ് ട്രസിന്റെ പ്രതികരണം.

ബ്രിട്ടീഷ് സര്‍ക്കാര്‍ നിലവില്‍ 60 ബില്ല്യണ്‍ പൗണ്ടിന്റെ നഷ്ടത്തിലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ക്വാസി ക്വാര്‍ട്ടെങ്ങ് നടപ്പാക്കിയ ആദായ നികുതി വെട്ടിക്കുറയ്ക്കല്‍ അടക്കമുള്ള പദ്ധതികള്‍ പുതിയ ധനമന്ത്രി ഹണ്ട് പിന്‍വലിച്ചു. മറ്റൊരു യു ടേണിലൂടെ രാജ്യത്തിനെ സാമ്പത്തിക ഭദ്രതയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി എന്നാണ് വിലയിരുത്തല്‍

logo
The Fourth
www.thefourthnews.in