ലിസ് ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
മാര്‍ഗരറ്റ് താച്ചറിനും തെരേസാ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന മൂന്നാമത്തെ വനിതയായി ലിസ് ട്രസ്. കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തോൽപ്പിച്ചാണ് ലിസിന്റെ ജയം. ലിസിന് 81,325 വോട്ടും ഋഷി സുനകിന് 60,399 വോട്ടുമാണ് ലഭിച്ചത്. ബോറിസ് ജോൺസൺ രാജിവെയ്ക്കുന്നതോടെ സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കുന്ന ലിസ് ട്രസിന് 2025 ജനുവരി വരെ പദവിയിൽ തുടരാം.
സ്‌കോട്‌ലൻഡിലെ ബാല്‍ മോറല്‍ കാസിലില്‍ കഴിയുന്ന എലിസബത്ത് രാജ്ഞിയെ ലിസ് ട്രസ് നാളെ കാണും. ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണിത്. ഇതിന് മുൻപ് ബോറിസ് ജോൺസൺ പദവിയിൽ നിന്ന് ഒഴിയും.
ലിസ് ട്രസിന് 57.4% വോട്ടും ഋഷി സുനകിന് 42.6% വോട്ടുമാണ് ലഭിച്ചത്. കൺസർവേട്ടീവ് പാർട്ടി ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനുള്ള ജയമാണ് ഇത്.
തിരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ച പാർട്ടി പ്രവർത്തകർക്ക് ലിസ് ട്രസ് നന്ദി പറഞ്ഞു. ശക്തമായ പോരാട്ടം കാഴ്ചവെച്ച ഋഷി സുനകിനെയും ലിസ് അഭിനന്ദിച്ചു. 2025 പൊതുതിരഞ്ഞെടുപ്പിൽ ലേബർപാർട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നും ലിസ് ഫലപ്രഖ്യാപനത്തിന് ശേഷം പറഞ്ഞു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ അടക്കമുള്ളവർ ലിസിന് അഭിനന്ദനവുമായി എത്തി.
ബ്രിട്ടനിലെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന ലിസ്ട്രസിനു മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉളളത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും തുടർന്നുണ്ടായ രാഷ്ട്രീയ ഇടപെടലുകളും ബ്രിട്ടനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജീവിത ചെലവും പണപ്പെരുപ്പവും അനിയന്ത്രിതമായി വര്‍ധിച്ചു. ഇന്ധന വില ഇരട്ടിയലധികമായി.
അന്താരാഷ്ട്ര വ്യാപാരം, നീതിന്യായം തുടങ്ങിയ വകുപ്പുകളില്‍ തുടര്‍ച്ചയായി മന്ത്രിപദവി വഹിച്ച ശേഷം ഒരു വര്‍ഷം മുമ്പാണ് ട്രസ് വിദേശകാര്യ സെക്രട്ടറിയായത്. 2016 ല്‍, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരാനായി ക്യാമ്പയിന്‍ ചെയ്തവരില്‍ പ്രമുഖയായിരുന്നു ലിസ് ട്രസ്. പിന്നീട് ബ്രിട്ടീഷുകാര്‍ ബ്രെക്സിറ്റിനെ പിന്തുണച്ചപ്പോള്‍ കൂറ് മാറുകയായിരുന്നു.