മിന്‍സ മറിയം ജേക്കബ്
മിന്‍സ മറിയം ജേക്കബ്

ഖത്തറില്‍ സ്‌കൂള്‍ ബസ്സിനുള്ളില്‍ നാല് വയസ്സുകാരി മരിച്ച സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡനെതിരെയാണ് നടപടി
Published on

ഖത്തറില്‍ സ്‌കൂള്‍ ബസ്സിനുള്ളില്‍ കുട്ടി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അഭിലാഷ്-സൗമ്യ ദമ്പതികളുടെ മകള്‍ നാല് വയസ്സുകാരി മിന്‍സ മറിയം ജേക്കബ് മരിച്ച സംഭവത്തിലാണ് നടപടി. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡനാണ് അടച്ചുപൂട്ടുന്നത്. വീഴ്ചവരുത്തിയ സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, മിന്‍സ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. അല്‍ വക്രയിലെ എമര്‍ജന്‍സി ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ നൂറ് കണക്കിനാളുകള്‍ മിന്‍സയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡന്‍
സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡന്‍

നാലാം പിറന്നാള്‍ ദിനത്തിലാണ് മിന്‍സയ്ക്ക് സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധ കാരണം ജീവന്‍ നഷ്ടപ്പെട്ടത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം.

രണ്ട് ദിവസം നീണ്ട വിശദമായ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷമാണ് മിന്‍സയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. ദോഹയില്‍ നിന്ന് പുലര്‍ച്ചെ ഒന്നരയ്ക്കുള്ള വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. എട്ടരയോടെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് ചിങ്ങവനത്തേക്ക് കൊണ്ട് പോകും. മിന്‍സയുടെ മരണത്തില്‍ ആഭ്യന്തര, വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്.

logo
The Fourth
www.thefourthnews.in