'പ്രിയപ്പെട്ട കാറ്റി മാർഷിന്  ക്രിസ്റ്റബെല്ലിന്‌റെ എഴുത്ത്'; ആ കത്ത് വിലാസം തേടിയെത്തി 100 വര്‍ഷങ്ങള്‍ക്ക് ശേഷം

'പ്രിയപ്പെട്ട കാറ്റി മാർഷിന് ക്രിസ്റ്റബെല്ലിന്‌റെ എഴുത്ത്'; ആ കത്ത് വിലാസം തേടിയെത്തി 100 വര്‍ഷങ്ങള്‍ക്ക് ശേഷം

എലിസബത്ത് രാജ്ഞിയുടെ ജനനത്തിനും ഒരു പതിറ്റാണ്ട് മുൻപാണ് ഈ കത്ത് എഴുതിയിട്ടുള്ളത്
Updated on
2 min read

കത്തുകള്‍, ഒരു കാലത്ത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ കത്തുകള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ആശയങ്ങളും, വികാരങ്ങളും കൈമാറി അവ ഒരു തലമുറയുടെ ജീവിതത്തിന്റെ ഭാഗമായി. ആശയ വിനിമയ സംവിധാനങ്ങള്‍ വളര്‍ന്നു, കാലം മാറി. കത്തുകളുടെ പ്രചാരം വളരെ കുറഞ്ഞു. ഈ സമയത്താണ് സൗത്ത് ലണ്ടനിലെ ഫ്‌ളാറ്റിന്റെ വിലാസത്തില്‍ ഒരു കത്ത് എത്തുന്നത്. അത് ഒരു നൂറ്റാണ്ടിന് മുന്‍പ് അയച്ചതായിരുന്നു. ബ്രിട്ടനിലെ ബാത്തിൽ നിന്നും ലണ്ടനിലേക്ക് അയച്ച കത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ എടുത്തത് 100 വർഷമാണ്.

ബ്രിട്ടനിലെ ബാത്തിൽ നിന്നും ലണ്ടനിലേക്ക് അയച്ച കത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയത് 100 വർഷത്തിന് ശേഷം

ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ സ്റ്റാമ്പ് പതിച്ച് 1916-ഫെബ്രുവരിയിൽ അയച്ച കത്താണ് 2021-ൽ തിയേറ്റർ ഡയറക്ടർ ഫിൻലേ ഗ്ലെന്റെ സൗത്ത് ലണ്ടനിലെ ഫ്ലാറ്റിൽ വന്നെത്തിയത്. കത്ത് കിട്ടിയപ്പോൾ അന്ധാളിച്ചുപോയ ഫിൻലേയും കാമുകിയും കുറച്ചു നാൾ കത്ത് കയ്യിൽ സൂക്ഷിക്കുകയും പിന്നീട് ഒരു ചരിത്രകാരന് കൈമാറുകയും ചെയ്തു. അങ്ങനെയാണ് ഒരു നൂറ്റാണ്ടിന് മുൻപ് കാറ്റി മാർഷിന് അവളുടെ സുഹൃത്ത് ക്രിസ്റ്റബെൽ മെനെൽ അയച്ച കത്തിനെക്കുറിച്ച് ലോകം അറിയുന്നത്.

ഫിൻലേ ഗ്ലെന്റ്  കത്തുമായി
ഫിൻലേ ഗ്ലെന്റ് കത്തുമായി

ഒന്നാം ലോക മഹായുദ്ധകാലത്തിന്റെ മധ്യത്തിലാണ് ഹെന്രി ടുക്ക് മെന്നേൽ എന്ന പ്രമുഖ ചായ വ്യാപാരിയുടെ മകളായ ക്രിസ്റ്റബെൽ ഈ കത്ത് അയച്ചിട്ടുള്ളത്. അവളുടെ കുടുംബം പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബാത്തിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. അവിടുത്തെ വിശേഷങ്ങൾ പങ്കുവെച്ച്കൊണ്ടാണ് ലണ്ടനിൽ താമസമാക്കിയിരുന്ന കാറ്റി മാർഷിന് അവൾ കത്തയച്ചിരിക്കുന്നത്. ലണ്ടനിലെ ധനിക വ്യവസായിയായിരുന്ന ഓസ്വാൾഡ് മാർഷ് എന്നയാളുടെ ഭാര്യയായിരുന്നു കാറ്റി. "എന്റെ പ്രിയപ്പെട്ട കാറ്റി " എന്നുതുടങ്ങുന്ന കത്തിൽ ക്രിസ്റ്റബെൽ എഴുതിയിരിക്കുന്നു, "കഠിനമായ തണുപ്പ് കാരണം ഞാൻ ഇവിടെ വളരെ ബുദ്ധിമുട്ടിലാണ്".

എലിസബത്ത് രാജ്ഞിയുടെ ജനനത്തിനും ഒരു പതിറ്റാണ്ട് മുൻപാണ് ഈ കത്ത് എഴുതപ്പെട്ടിട്ടുള്ളത്. കത്തിൽ '16 എന്നെഴുതിയത് കണ്ട ഫിൻലേ ആദ്യം കരുതുന്നത് 2016 ൽ അയച്ച കത്ത് ആണെന്നാണ്. എന്നാൽ സ്റ്റാമ്പിൽ രാഞ്ജിക്ക് പകരം രാജാവിനെ കണ്ടതോടെ സംശയമായി. നന്നായി പരിശോധിച്ചപ്പോൾ ഒരു നൂറ്റാണ്ട് പഴക്കമുള്ളതാണെന്ന് മനസ്സിലായി. മറ്റൊരാളുടെ കത്ത് പരിശോധിക്കുന്നത് മോശമല്ലേ എന്ന് കരുതി അദ്ദേഹം കത്ത് സൂക്ഷിച്ചത് ഒരു വർഷമാണ്. പിന്നീടാണ് ഇതിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് ചരിത്ര ഗവേഷകർക്ക് കൈമാറാൻ തീരുമാനിച്ചത്.

തെക്കുകിഴക്കൻ ലണ്ടനിലെ ഒരു പ്രദേശമായ "സിഡെൻഹാം" എന്നിടത്തേക്ക് അയച്ച കത്ത് എങ്ങനെ ഫിൻലേയുടെ ഫ്ലാറ്റിൽ എത്തി എന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. അടച്ചുപൂട്ടിയ സിഡെൻഹാം തപാൽ ഓഫീസിൽ നിന്ന് നഷ്ടപ്പെട്ടതാകാം കത്ത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ അത് വീണ്ടും കണ്ടെത്തിയതായിരിക്കാം.

അയച്ചയാളുടെയോ സ്വീകർത്താവിന്റെയോ ബന്ധുക്കൾ ആരെങ്കിലും വരികയാണെങ്കിൽ കത്ത് കൈമാറാൻ തയ്യാറാണെന്ന് ഫിൻലേ ഗ്ലെൻ പറയുന്നു. " അവരുടെ കുടുംബത്തിന്റെ ചരിത്രത്തെ സംബന്ധിച്ച രേഖയാണിത് "

logo
The Fourth
www.thefourthnews.in