My Body My Right - 2022  ലെ പെണ്‍ രാഷ്ട്രീയം

My Body My Right - 2022 ലെ പെണ്‍ രാഷ്ട്രീയം

നീതിയേയും സമത്വത്തേയും മാനദണ്ഡമാക്കി നോക്കുമ്പോള്‍ 2022 ലെ ലോകം എങ്ങനെയായിരുന്നു.
Updated on
2 min read

പകുതി ആകാശത്തിന്റെ അവകാശികളെന്ന് പറയുന്നവരെ സംബന്ധിച്ചിടത്തോളം 2022 മുന്‍ വര്‍ഷങ്ങളില്‍ നിന്ന് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നുവോ?

ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെവെച്ച് നോക്കുമ്പോള്‍ ലോകം സമാധാനത്തോടെ പുറത്തിറങ്ങിയ വര്‍ഷമാണ് 2022. കോവിഡ് ഭീതിയെ അതിജീവിക്കാന്‍ ലോകത്തെ പ്രാപ്തമാക്കിയ വര്‍ഷം. എന്നാല്‍ ലോകത്തിന്റെ ഈ അതിജീവനം, അതേ അര്‍ഥത്തില്‍ സ്ത്രീകള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞോ? ഇല്ലെന്ന് തന്നെയാണ് 2022 പറയുന്നത്.

പെണ്‍കുട്ടികളോട് പഠിത്തം അവസാനിപ്പിച്ച് വീട്ടില്‍ ഇരിക്കാന്‍ പറയുകയാണ് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം അധികാരത്തിലേറിയ അന്നുമുതല്‍ ലോകം ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നായിരുന്നു അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ .

അതിന്റെ നടപടികള്‍ ഭരണത്തിലേറിയ ആദ്യ നാളുകളില്‍ തന്നെ നടപ്പിലാക്കി തുടങ്ങിയിരുന്നു താലിബാന്‍. ഇപ്പോള്‍ സര്‍വകലാശാല വിദ്യാഭ്യാസവും അവസാനിപ്പിച്ചിരിക്കുകയാണ് താലിബാന്‍

എന്നും സ്ത്രീകളെ തളയ്ക്കാന്‍ ഉപയോഗിച്ചിരുന്ന മതശാസനകള്‍ തന്നെയാണ് ഇവിടെ താലിബാന്‍ ഭരണകൂടവും തങ്ങളുടെ പുരുഷമേധാവിത്വം ഉറപ്പിക്കാന്‍ ഉപയോഗിച്ചത്. സ്ത്രീകള്‍ പഠിക്കുകയോ, ജോലിക്കുപോകുകയോ ചെയ്യരുതെന്ന് പറയുന്ന താലിബാന് ഈ നാട്ടിലും മറ്റു രാജ്യങ്ങളിലും ആരാധകരുണ്ട്. അവരെ വിമോചകരായും വിസ്മയിപ്പിക്കുന്നവരെന്നും വിശേഷിപ്പിക്കുന്നവരുമുണ്ട്.

അഫ്ഗാനില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നാണ് തിട്ടൂരമെങ്കില്‍, തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വസ്ത്രം മാത്രമെ ധരിക്കാവു വെന്നാണ് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ ശാസനം. ധാര്‍മിക പോലീസ് ഭരണകൂടം ഉദ്യേശിച്ച രീതിയില്‍ ഹിജാബ് ധരിക്കാത്തതിന് മഹ്സ അമിനി എന്ന 25 കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി. പിന്നീട് സമീപകാലത്തെ ഏറ്റവും വലിയ സ്ത്രീ പ്രതിഷേധത്തിന്റെ വേദിയാവുകയായിരുന്നു ഇറാന്‍ .

മുടിമുറിച്ചും, ഹിജാബ് കത്തിച്ചും നടത്തിയ പ്രതിഷേധം, സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ ജ്വലിപ്പിക്കുന്ന ഏടായി തുടരും... ഹിജാബിനെതിരെയായിരുന്നു മത രാഷ്ട്രമായ ഇറാനില്‍ സ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നതെങ്കില്‍ മതേതര രാഷ്ട്രമായ ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങിയത് ഹിജാബ് ധരിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു .

മത, ഭരണ കൂട ശാസനകള്‍ക്ക് വിധേയപ്പെടാതെ സ്വന്തം ശരീരത്തിന് മേല്‍ അവകാശം സ്ഥാപിക്കാനായിരുന്നു എല്ലായിടത്തും സ്ത്രീകള്‍ തെരുവിലിറങ്ങിയത്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല സ്ത്രീകളുടെ പോരാട്ടം. സ്വന്തം കുടുംബത്തില്‍ നിന്നാണ് ഓരോ സ്ത്രീയുടെയും പോരാട്ടം ആരംഭിക്കുന്നത്. എന്റെ അമ്മയാണ് എന്നെ ഫെമിനിസ്റ്റ് ആക്കിയത് എന്ന് ഒരു പ്രമുഖ നടി പറഞ്ഞപ്പോള്‍ കളിയാക്കിയ സമൂഹമാണ് കേരളം..

ഓരോ ഭാരതീയ അടുക്കളയില്‍ നിന്നാണ് അസമത്വങ്ങള്‍ ആരംഭിക്കുന്നത്. അവിടെ വളര്‍ത്തുന്ന ആണ്‍ ബോധവും പുരുഷ മേധാവിത്വവും കൊന്നുതള്ളിയത് നിരവധി പെണ്‍കുട്ടികളെയാണ്

ഈ വര്‍ഷവും അത തന്നെ തുടര്‍ന്നു. 2022 പടിയിറങ്ങുമ്പോള്‍ ഗാര്‍ഹിക പീഡനം കാരണം ജീവിതം ഉപേക്ഷിച്ച പെണ്‍കുട്ടികളുടെ കഥകള്‍ ദിനവാര്‍ത്തകള്‍ മാത്രമായി ചുരുങ്ങുകയാണ്. ജീവിതത്തില്‍ തീരുമാനം എടുത്തതിന്റെ പേരില്‍ എത്ര പെണ്‍കുട്ടികള്‍ക്കാണ് സ്വന്തം ജീവന്‍ നഷ്ടമായത് പ്രണയപ്പക എന്ന പേരിട്ടാണ് ഇതിനെ പുരുഷ സമൂഹം ന്യായം ചമച്ചത്.

ഭര്‍ത്താവിനെ ഈശ്വരനായി കണ്ടു കാല്‍ തൊട്ട് തൊഴാന്‍ ഇഷ്ടമുള്ള , അടിമത്വവും അനുസരണയും മഹിമയായി കാണുന്ന ഭാരതീയ സംസ്‌ക്കാരം പ്രഘോഷിക്കുന്നവര്‍ ഇപ്പോഴും ആധിപത്യ ശക്തികളായി തുടരുകയാണ്... മതത്തിനും, ഭരണകൂടത്തിനും, ആണ്‍കൊയ്മയ്ക്കും, എതിരെയുള്ള പോരാട്ടം തന്നെയായിരിക്കും 2023 ലെയും സ്ത്രീകളുടെ രാഷ്ട്രീയ ജീവിതം

logo
The Fourth
www.thefourthnews.in