ശ്രീലങ്കയില്‍ ചൈന നിര്‍മ്മിച്ച ലോട്ടസ് ടവര്‍
ശ്രീലങ്കയില്‍ ചൈന നിര്‍മ്മിച്ച ലോട്ടസ് ടവര്‍

ശ്രീലങ്കയില്‍ ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച 'ലോട്ടസ് ടവര്‍' നാളെ തുറക്കും

113 മില്യണ്‍ യുഎസ് ഡോളര്‍ ചൈനയില്‍ നിന്ന് കടമെടുത്താണ് ലോട്ടസ് ടവറിന്റെ നിര്‍മ്മാണം
Updated on
2 min read

ചൈനീസ് വായ്പയില്‍ നിര്‍മ്മിച്ച ഏറ്റവും ഉയരം കൂടിയ നിര്‍മ്മിതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീലങ്കയിലെ ലോട്ടസ് ടവര്‍ നാളെ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയും ചൈനയും തമ്മിലുള്ള അടുപ്പത്തിന്റെ ശേഷിപ്പായാണ് ഈ 'വെള്ളാന' പദ്ധതി വിലയിരുത്തപ്പെടുന്നത്. ചൈനയില്‍ നിന്ന് 13 മില്യണ്‍ യുഎസ് ഡോളര്‍ കടമെടുത്താണ് ലോട്ടസ് ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തലസ്ഥാനമായ കൊളംബോ നഗരത്തിലാണ് 350 മീറ്റര്‍ (1,155 അടി) ഉയരമുള്ള ലോട്ടസ് കമ്മ്യൂണിക്കേഷന്‍സ് ടവര്‍.ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തില്‍ തന്നെയാണ് ലോട്ടസ് ടവറിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.

ടവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊളംബോ ലോട്ടസ് ടവര്‍ മാനേജ്മെന്റ് കമ്പനി വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി നിരീക്ഷണ ഡെക്ക് തുറക്കും. അറ്റകുറ്റപ്പണി ചെലവ് വളരെ വലുതായതിനാല്‍ നഷ്ടം നികത്താന്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ ശ്രമിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. "ഞങ്ങള്‍ക്ക് ഇത് അടച്ചിടാന്‍ കഴിയില്ല. പരിപാലനച്ചെലവ് വളരെ വലുതാണ്. കെട്ടിടത്തിന്റെ പരിപാലന ചെലവിനായി ഇതൊരു വിനോദ കേന്ദ്രമാക്കി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' ലോട്ടസ് ടവര്‍ മാനേജ്മെന്റ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പ്രസാദ് സമരസിംഗ മാധ്യമപ്രവര്‍ത്തകരോട് പറഞ്

ശ്രീലങ്കയെ വർഷങ്ങളോളം ഭരിച്ച രാജപക്സെ സഹോദരന്മാരുടെ കീഴില്‍ ചൈനീസ് വായ്പകള്‍ ഉപയോഗിച്ച് നിരവധി 'വെള്ളാന' പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഹാംബന്‍തോട്ടയിലെ തുറമുഖം ഇതിനുദാഹരണമാണ്. ചൈനീസ് വായ്പയില്‍ നിര്‍മ്മിച്ച ഹാംബന്‍തോട്ട ഒടുവില്‍ വായ്പ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ 2017ല്‍ ചൈനയ്ക്ക് തന്നെ 99 വര്‍ഷത്തെ പാട്ടത്തിന് കൊടുക്കേണ്ടി വന്നു. അത്തരത്തിലൊരു പദ്ധതിയാണ് കമ്മ്യൂണിക്കേഷന്‍ ടവറും. ആശയവിനിമയം, നിരീക്ഷണം, വിനോദസഞ്ചാരം എന്നിവ ലക്ഷ്യം വച്ചാണ് ഈ കമ്മ്യൂണിക്കേഷന്‍ ടവര്‍ നിര്‍മ്മിച്ചതെങ്കിലും അഴിമതി ആരോപണങ്ങളെ തുടർന്ന് ടവര്‍ ഇതുവരെ തുറക്കാന്‍ സാധിച്ചിരുന്നില്ല

88.65 മില്യണ്‍ ഡോളറിന്റെ ചൈനീസ് വായ്പകളാണ് ലോട്ടസ് ടവറിന്റെ നിര്‍മ്മാണത്തിന് പ്രധാനമായും ധനസഹായം നല്‍കുന്നത്. ബാക്കിയുള്ളത് ശ്രീലങ്കന്‍ ഗവണ്‍മെന്റാണ് വഹിക്കുന്നത്.പ്രസിഡന്റിന്റെ ഓഫീസ് പറയുന്നതനുസരിച്ച് ഏകദേശം 66 മില്യണ്‍ ഡോളര്‍ തിരിച്ചടച്ചു.ബാക്കിയുള്ള ലോണ്‍ തവണകള്‍ 2024-ഓടെ പൂര്‍ത്തിയാകും. എന്നാല്‍ കമ്മ്യൂണിക്കേഷന്‍ ടവറിന് ശ്രീലങ്കയെ മുഴുവനായി ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലാത്തിനാലും നിലവിലെ സംപ്രേഷണം മെച്ചപ്പെടുത്താന്‍ സാധിക്കാത്തതിനാലും ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് വിലയിരുത്തല്‍.എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നതിനാല്‍ ലോട്ടസ് ടവറിനെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തെറ്റായ വികസന മാതൃകകളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുമാണ് രാജ്യത്തെ പ്രധാനമായും കടക്കെണിയിലേക്ക് എത്തിച്ചത്. ജനങ്ങള്‍ക്കോ രാജ്യത്തിന്റെ സമ്പദ്ഘടനയ്‌ക്കോ യാതൊരു ഗുണവും ലഭിക്കാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ചൈനീസ് ബാങ്കില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ വായ്പകളെടുത്ത് ബഹുനില കെട്ടിടങ്ങളും വിമാനത്താവളങ്ങളൊക്കെയാണ് രാജ്യത്ത് നിര്‍മ്മിച്ചത്. ഇത്തരം നിര്‍മ്മിതികളില്‍ നിന്ന് തിരിച്ച് വരുമാനം ലഭിക്കാതെ വന്നതോടെ വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാതാവുകയും വിദേശ കടങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഭരണകൂടത്തിന്റെ അലംഭാവം മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. ഇതേ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിലാണ് പ്രസിഡന്റ് രജപക്‌സെക്ക് രാജ്യത്ത് നിന്ന് പലായനം ചെയ്യുകയും രാജിവെക്കേണ്ടി വരികയും ചെയ്തത്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനും ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുമായി അടുത്തിടെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ശ്രീലങ്കയ്ക്ക് 2.9 ബില്യണ്‍ ഡോളര്‍ ജാമ്യ വായ്പ അനുവദിക്കുകയുണ്ടായി.

logo
The Fourth
www.thefourthnews.in