എല്‍ടിടിഇ നേതാവ് പ്രഭാകരന്‍
എല്‍ടിടിഇ നേതാവ് പ്രഭാകരന്‍

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുത്തൽ; 'ഉചിതമായ സമയത്ത് പുറത്തുവരും'

പ്രഭാകരന്റെ അനുമതിയോടെയാണ് താന്‍ ഇത് പ്രഖ്യാപിക്കുന്നതെന്നും പ്രഭാകരന്റെ കുടുംബം അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ടെന്നും നെടുമാരന്‍ വെളിപ്പെടുത്തി
Updated on
2 min read

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്നും ഉചിതമായ സമയത്ത് ജനങ്ങള്‍ക്ക് മുന്നില്‍ വരുമെന്നും ലോക തമിഴ് ഫെഡറേഷന്‍ നേതാവ് നെടുമാരൻ. പ്രഭാകരന്റെ അനുമതിയോടെയാണ് താന്‍ ഇത് പ്രഖ്യാപിക്കുന്നതെന്നും പ്രഭാകരന്റെ കുടുംബം അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ടെന്നും നെടുമാരന്‍ വെളിപ്പെടുത്തി. ശ്രീലങ്കന്‍ സൈന്യവുമായ ഏറ്റുമുട്ടലില്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും വാദം.

ശ്രീലങ്കയിലെ രജപക്സെ ഭരണം തകർന്നതും രാജ്യത്തെ നിലവിലെ സാഹചര്യവും പ്രഭാകരന് പുറത്തുവരാനുള്ള ശരിയായ സമയമെന്ന് നെടുമാരന്‍ തഞ്ചാവൂരിലെ മുള്ളിവയ്ക്കലിൽ‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രഭാകരന്റെ മരണത്തെ സംബന്ധിച്ച ഊഹാപോഹങ്ങളും സംശയങ്ങളും പ്രചരിക്കുന്നത് താന്റെ പ്രഖ്യാപനത്തോടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാകരന് പൂര്‍ണ പിന്തുണ നല്‍കുന്നതില്‍ ലോകമെമ്പാടുമുള്ള തമിഴരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് നെടുമാരന്‍ ആഹ്വാനം ചെയ്തു. പ്രഭാകരനൊപ്പം നില്‍ക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോടും പാര്‍ട്ടികളോടും തമിഴ്നാട്ടിലെ പൊതുജനങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

2009 ലാണ് ശ്രീലങ്കന്‍ സൈന്യം പ്രഭാകരനെ വധിച്ചതായി അവകാശപ്പെട്ടത്. വാഹന വ്യൂഹത്തില്‍ യുദ്ധരംഗത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രഭാകരനെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് സൈന്യത്തിന്റെ അവകാശവാദം. ഇതിന് തെളിവായി അദ്ദേഹത്തിന്റെ മൃതദേഹവും കാണിച്ചു. പ്രഭാകരന്‍ രക്തസാക്ഷിയായെന്ന് എല്‍ടിടിഇ രാജ്യാന്തര വിഭാഗം തലവന്‍ സെല്‍വരാസ പദ്മനാഥന്‍ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ സൈന്യം തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രഭാകരന്‍ സുരക്ഷിതനാണെന്നും വേണ്ട സമയത്ത് പൊതുജനത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും രണ്ടുതവണ എല്‍ടിടിഇ പറഞ്ഞിരുന്നു. പ്രഭാകരനുമായി ഏറെ അടുപ്പമുണ്ടായിരുന്ന തമിഴ്നാട്ടിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ എസ് രാധാകൃഷ്ണന്‍ പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് നേരത്തെ സമൂഹമാധ്യമങ്ങളിൽ അവകാശപ്പെട്ടിരുന്നു. പ്രഭാകരന്‍ എവിടെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ശ്രീലങ്കയിലെ നിലവിലെ സാഹചര്യങ്ങള്‍ കാരണമാണ് ഞങ്ങള്‍ ഈ പ്രഖ്യാപനം നടത്തുന്നതെന്നുമാണ് നെടുമാരന്‍ ഇപ്പോൾ പറയുന്നത്.

പി  നെടുമാരൻ
പി നെടുമാരൻ

പ്രഭാകരന്റെ മൃതദേഹം എൽടിടിഇ മുന്‍ നേതാവ് കരുണ അമ്മന്‍ തിരിച്ചറിഞ്ഞിരുന്നു. ഡിഎന്‍എ പരിശോധനയില്‍ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചതായി സര്‍ക്കാരും അറിയിച്ചു. എന്നാല്‍ മൃതദേഹം പ്രഭാകരന്റേതാണെന്ന് തെളിയിക്കാൻ ഇതുവരെ സർക്കാരിനായിട്ടില്ലെന്നാണ് മുന്‍ ശ്രീലങ്കന്‍ എംപി ശിവലിംഗത്തിന്റെ വാദം. പ്രഭാകരന്‍ ജീവിച്ചിരിക്കുന്നുവെന്നത് നെടുമാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും എന്നാല്‍ അത് തള്ളികളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നെടുമാരന്റെ വാദം സത്യമാണെങ്കില്‍ ഇതില്‍ എല്ലാ തമിഴരും സന്തോഷിക്കുമെന്നും ശിവലിംഗം അഭിപ്രായപ്പെട്ടു.

logo
The Fourth
www.thefourthnews.in