ലൂയിസ് ഇനാസിയോ ലൂല ഡ സിൽവ
ലൂയിസ് ഇനാസിയോ ലൂല ഡ സിൽവ

ബ്രസീലിൽ ഇടതുപക്ഷത്തിന് മേൽക്കൈ, ലുല ആദ്യ റൗണ്ടില്‍ മുന്നിൽ

ആദ്യഘട്ട റൗണ്ട് പൂർത്തിയാകുമ്പോൾ ആർക്കും 50% വോട്ടിൽ കൂടുതൽ ആർക്കും ലഭിക്കാത്തതിനാൽ ഒക്ടോബർ 30ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും
Updated on
2 min read

കടുത്ത സാമ്പത്തിക- സാമൂഹിക പ്രതിസന്ധികൾക്കിടയിൽ ബ്രസീൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവയ്ക്ക് ഭൂരിപക്ഷം. ആദ്യഘട്ട റൗണ്ട് പൂർത്തിയാകുമ്പോൾ ആർക്കും 50% വോട്ടിൽ കൂടുതൽ ആർക്കും ലഭിക്കാത്തതിനാൽ ഒക്ടോബർ 30ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ഞായറാഴ്ചയാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. തീവ്ര വലതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ജയീർ ബോൾസെനാരോ എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. .

തിങ്കളാഴ്ച രാവിലെ 5.30ഓടെയാണ് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നത്. 97.3 ശതമാനം വോട്ടിംഗ് മെഷീനുകളും എണ്ണിക്കഴിഞ്ഞപ്പോൾ, വർക്കേഴ്സ് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ലൂല ഡ സിൽവയ്ക്ക് 47.9% വോട്ടുകളും ബോൾസെനാരോയ്ക്ക് 43.7 ശതമാനവും ലഭിച്ചതായി സുപ്പീരിയർ ഇലക്ടറൽ കോടതി (ടിഎസ്ഇ) എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു.

ഏകദേശം 156 ദശലക്ഷം വോട്ടർമാരിൽ 73.3 ശതമാനം പേർ വോട്ട് രേഖെപ്പടുത്തിയത്. പ്രമുഖ പോളിംഗ് സ്ഥാപനമായ ഡാറ്റാഫോള പ്രസിദ്ധീകരിച്ച അഭിപ്രായ സർവേയിൽ മുൻ പ്രസിഡന്റിന് 50 ശതമാനം വോട്ടും ബോൾസെനാരോയ്ക്ക് 36 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാൽ തിരിച്ചു വരവ് ലക്ഷ്യമിടുന്ന ലൂലയ്ക്ക് ചെറിയ തോതിൽ നിരാശയാണ് ഫലങ്ങൾ സമ്മാനിച്ചിരിക്കുന്നത്. അതേസമയം ബോൾസെനാരോ ക്യാമ്പുകൾക്ക് ഇത് ഊർജ്ജം പകർന്നിരിക്കുകയാണ്.

ലൂയിസ് ഇനാസിയോ ലൂല ഡ സിൽവ
ബ്രസീലില്‍ ഇത്തവണ കാറ്റ് ഇടത്തേക്കോ?

ആദ്യ റൗണ്ടിൽ തന്നെ ലൂലയോട് തോൽക്കുമെന്ന സർവേകളെ ബോൾസെനാരോ, തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തള്ളി കളഞ്ഞിരുന്നു. കൂടാതെ ബ്രസീലിലെ വോട്ടിംഗ് സമ്പ്രദായം അഴിമതി നിറഞ്ഞതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തോൽക്കുകയാണെങ്കിൽ പോലും അത് അംഗീകരിക്കാൻ തയ്യാറാകില്ലെന്ന സൂചനയും നൽകി. മുൻ സൈനിക ക്യാപ്റ്റൻ കൂടിയായ ബോൾസെനാരോ ഒരു ഭരണകൂട അട്ടിമറി വരെ നടത്തിയേക്കാനുള്ള സാധ്യതയും നിരീക്ഷകർ തള്ളിക്കളയുന്നില്ല,

ബ്രസീലിൽ നിലവിൽ പട്ടിണി നിരക്ക് വളരെ രൂക്ഷമാണ്. ജനസംഖ്യയുടെ പകുതിയിലധികവും ഭക്ഷണ ദൗർലഭ്യത മൂലം ദുരിതമനുഭവിക്കുകയാണ്. കൂടാതെ ഉയരുന്ന വിലക്കയറ്റവും ജനജീവിതയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിൽ നിന്നൊരു മോചനം വാഗ്ദാനം ചെയ്തുകൊണ്ടാണ് മുൻ പ്രസിഡന്റ് ലൂല വോട്ട് തേടിയത്. തന്റെ ഭരണകാലത്ത് ഉണ്ടാക്കിയ സാമ്പത്തിക മുന്നേറ്റങ്ങൾ തിരിച്ചുകൊണ്ട് വരുമെന്നും അദ്ദേഹം പറയുന്നു.

ആമസോൺ കാടുകളുടെ വൻ തോതിലുള്ള നശീകരണവും, 6,80,000 പേരുടെ മരണത്തിനിടയാക്കിയ കോവിഡ് കാലത്തെ ഉദാസീന നിലപാടുകളുമാണ് ബോൾസെനാരോയുടെ ജനസമ്മിതി കുറച്ചത്.

"ദൈവത്തെയും രാജ്യത്തെയും കുടുംബത്തെയും (God, country and family)" സംരക്ഷിക്കുമെന്നതാണ് വലതുപക്ഷ നേതാവ് മുന്നോട്ട് വെയ്ക്കുന്ന പ്രധാന മുദ്രാവാക്യം. ഒരു വലിയ വിഭാഗത്തിനിടയിൽ സ്വീകാര്യനല്ലെങ്കിലും ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ, വലതുപക്ഷ രാഷ്ട്രീയ വക്താക്കൾ, സ്വകാര്യ സ്ഥാപനം മേധാവികൾ എന്നിവർക്കിടയിൽ ബോൾസെനാരോയ്ക്ക് വലിയ പിന്തുണയുണ്ട്.

logo
The Fourth
www.thefourthnews.in