ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റു; 35 ക്യാബിനറ്റ് മന്ത്രിമാരിൽ 11 വനിതകൾ
ബ്രസീൽ പ്രസിഡന്റായി ഇടതുപക്ഷ വർക്കേഴ്സ് പാർട്ടി നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ നേതാവ് ജയിര്‍ ബോള്‍സനാരോയെ തോല്‍പ്പിച്ചാണ് മുന്‍ പ്രസിഡന്റ് കൂടിയായ ലുല ബ്രസീലിന്‌റെ അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. 35അംഗ മന്ത്രിസഭയും പുതിയ പ്രസിഡന്‍റ് പ്രഖ്യാപിച്ചു. ക്യാബിനറ്റ് മന്ത്രിമാരിൽ 11 പേർ സ്ത്രീകളാണ്. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച മറീന സിൽവയാണ് പരിസ്ഥിതി മന്ത്രി.
ഇത് മൂന്നാം തവണയാണ് ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ബ്രസീലിയയില്‍ രാഷ്ട്രപതിയുടെ കൊട്ടാരമായ പലന്‍സിയോ ഡോ പ്ലനാല്‍റ്റോയുടെ മുന്നില്‍ പതിനായിരങ്ങളാണ് സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനെത്തിയത്.
സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചേംബർ ഓഫ് ഡെപ്യൂട്ടീസിന് മുൻപാകെ നടത്തിയ പ്രസംഗത്തിൽ, ജനങ്ങൾക്കൊപ്പം ചേർന്ന് രാജ്യം പുനർനിർമ്മിക്കുമെന്ന് പറഞ്ഞ ലുല, പാവപ്പെട്ടവർക്കും പരിസ്ഥിതിക്കും വേണ്ടിയാകും തന്‍റെ പോരാട്ടമെന്നും പ്രഖ്യാപിച്ചു.''ഭരണഘടന നിലനിർത്താനും സംരക്ഷിക്കാനും ബ്രസീലിയൻ ജനതയുടെ പൊതുനന്മ പ്രോത്സാഹിപ്പിക്കാനും ബ്രസീലിന്റെ ഐക്യത്തിനും സമഗ്രതയ്ക്കും സ്വാതന്ത്ര്യത്തിനും പിന്തുണ നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു''-ലുല പറഞ്ഞു.
അതേസമയം പദവി കൈമാറ്റ ചടങ്ങിൽ പങ്കെടുക്കാതെ മുൻ പ്രസിഡന്റ് ജയിര്‍ ബോള്‍സനാരോ അമേരിക്കയിലേക്ക് പോയി. ബോള്‍സനാരോയും അനുയായികളും തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിരുന്നില്ല. അധികാരം നഷ്ടമായ ബോൾസനാരോ അനുകൂലികൾ രാജ്യവ്യാപക പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ലുല ഡ സില്‍വയ്ക്ക് 50.9 ശതമാനം വോട്ടുകളും ബോൾസനാരോയ്ക്ക് 49.1 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
ലുല പ്രസിഡന്റ് പദവി ഒഴിഞ്ഞതോടെ തന്നെ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുന്ന ലുല വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വരിക. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ദുർബലമായ സമ്പദ്‌വ്യവവസ്ഥയും ജനാധിപത്യ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ബോള്‍സനാരോയ്ക്ക് തിരിച്ചടിയായത്. ബോള്‍സനാരോയുടെ ഭരണത്തില്‍ രാജ്യം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയും അരക്ഷിതാവസ്ഥയുമാണ്. ബോൾസനാരോയുടെ ഭരണകാലത്ത് 15 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ വന നശീകരണമാണ് ബ്രസീലിൽ സംഭവിച്ചത്.
2003 ജനുവരി മുതല്‍ 2011 ജനുവരി വരെ തുടര്‍ച്ചയായി രണ്ടുതവണ ലുല പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടിയിരുന്നു. അഴിമതി കേസില്‍ ഉള്‍പ്പെട്ടതോടെ 2017ല്‍ തടവ് ശിക്ഷയാണ് ലുലയ്ക്ക് കോടതി വിധിച്ചത്. ഒന്നരവര്‍ഷത്തോളം ജയില്‍വാസം. പിന്നീട് സുപ്രീംകോടതി വെറുതെവിട്ടതോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായത്.