അബോധാവസ്ഥയിലുള്ള മൈക്കൾ ഷൂമാക്കറുമായി എഐ അഭിമുഖം ;ജർമൻ മാസികയുടെ എഡിറ്റർ പുറത്ത്

അബോധാവസ്ഥയിലുള്ള മൈക്കൾ ഷൂമാക്കറുമായി എഐ അഭിമുഖം ;ജർമൻ മാസികയുടെ എഡിറ്റർ പുറത്ത്

"മൈക്കൽ ഷൂമാക്കർ, ദ ഫസ്റ്റ് ഇന്റർവ്യൂ" എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ ചിരിക്കുന്ന ചിത്രവും ചേർത്താണ് മാസികയുടെ കവർ പ്രസിദ്ധീകരിച്ചത്
Updated on
1 min read

പ്രമുഖ ഫോ‍ർമുല വൺ താരം മൈക്കൾ ഷൂമാക്കറുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ച അഭിമുഖം പ്രസിദ്ധീകരിച്ച ജർമൻ മാസികയുടെ എഡിറ്ററെ പുറത്താക്കി. താരത്തിന്റെ കുടുംബത്തോട് മാസികയുടെ പ്രസാധകർ ക്ഷമാപണം നടത്തി. "മൈക്കൽ ഷൂമാക്കർ ദ ഫസ്റ്റ് ഇന്റർവ്യൂ" എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ ചിരിക്കുന്ന ചിത്രവും ചേർത്താണ് ഡൈ അക്‌റ്റ്വെല്ല എന്ന ജർമൻ മാസികയുടെ കവർ പ്രസിദ്ധീകരിച്ചത്. ഏഴ് തവണ ലോക ചാമ്പ്യനായ ഷൂമാക്കറിന് 2013 ഡിസംബറിലാണ് സ്കീയിംഗ് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹത്തെ ആരും പുറത്തു കണ്ടിട്ടില്ല.

ഡൈ അക്‌റ്റ്വെല്ല മാസികയിലെ അഭിമുഖം
ഡൈ അക്‌റ്റ്വെല്ല മാസികയിലെ അഭിമുഖം

ഷൂമാക്കറുടെ ചിരിക്കുന്ന ചിത്രത്തിന് താഴെയായി "ഇത് മോഹിപ്പിക്കുന്ന യാഥാർത്ഥ്യമായി തോന്നുന്നു" എന്ന് ഉപശീര്‍ഷകവും എഴുതിയിരുന്നു. എന്നാൽ മാസിക തുറന്ന് വായിക്കുമ്പോൾ മാത്രമാണ് ഇത് എഐ ഉപയോഗിച്ച് തയ്യാറാക്കിയ അഭിമുഖമാണെന്ന് വ്യക്തമാകുന്നത്. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇത്തരത്തിലുള്ള വരികൾ എഴുതി ചേർത്തതാണ് നിയമനടപടിയിലേക്ക് കടക്കാൻ താരത്തിന്റെ കുടുംബത്തെ പ്രേരിപ്പിച്ചത്. താരത്തിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് കുടുംബം ആരോപിച്ചത്.

ഷൂമാക്കറുടെ കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കർശനമായ സ്വകാര്യത കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ള കുറച്ച് ആളുകൾക്ക് മാത്രമാണ് സന്ദർശിക്കാൻ അനുവാദമുള്ളത്. 2021ൽ പുറത്തിറങ്ങിയ ഒരു നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച വെളിപ്പെടുത്തലുമായി ഭാര്യ കൊറീന രംഗത്തെത്തിയിരുന്നു. “ഞങ്ങൾ വീട്ടിൽ ഒരുമിച്ച് താമസിക്കുന്നു, തെറാപ്പി ചെയ്യുന്നു. മൈക്കിളിന്റെ ആരോഗ്യനില മെച്ചപ്പെടുത്താൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു,” ഡോക്യുമെന്ററിയിൽ കൊറീന പറഞ്ഞു. മൈക്കിൾ എപ്പോഴും ആഗ്രഹിച്ചിരുന്നത് പോലെയൊരു ജീവിതവുമായി മുൻപോട്ടുപോകാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in