ശൂന്യതയിലേക്ക് മറഞ്ഞ എംഎച്ച് 370 മലേഷ്യൻ എയർലൈൻ; ദുരൂഹതയുടെ പതിറ്റാണ്ട്

ശൂന്യതയിലേക്ക് മറഞ്ഞ എംഎച്ച് 370 മലേഷ്യൻ എയർലൈൻ; ദുരൂഹതയുടെ പതിറ്റാണ്ട്

239 യാത്രക്കാരുമായി മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് പറന്നുയർന്ന വിമാനം എവിടെയാണ് എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്
Updated on
2 min read

പത്ത് വർഷം മുന്‍പൊരു മാർച്ച് എട്ട്, 15 രാജ്യങ്ങളില്‍ നിന്നുള്ള 239 യാത്രക്കാരുമായി മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നൊരു വിമാനം പറന്നുയർന്നു. മലേഷ്യ എയർലൈന്‍സ് ഫ്ലൈറ്റ് 370. ബീജീങ്ങിലേക്കായിരുന്നു യാത്ര. നിശ്ചയിച്ച 35,000 അടി ഉയരം ബോയിങ് 777 താണ്ടി. വിയറ്റ്നാമീസ് എയർ ട്രാഫിക് കണ്‍ട്രോളിലേക്ക് വ്യതിചലിക്കാനുള്ള നിർദേശം വന്നു. "ഗുഡ് നൈറ്റ്, മലേഷ്യന്‍ ത്രീ സെവന്‍ സീറൊ," നിർദേശം പിന്തുടർന്ന പൈലറ്റില്‍ നിന്ന് വന്ന മറുപടി ഇതായിരുന്നു. പിന്നീട് ആ വിമാനത്തില്‍ നിന്ന് ഒരു പ്രതികരണം ഉണ്ടായില്ല.

നിശ്ചയിച്ച പാതയില്‍ നിന്നും മലായ് പെനിന്‍സുലയുടെ ഭാഗത്തേക്ക് വിമാനം വ്യതിചലിച്ചു. അസാധാരണ നിമിഷങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. പിന്നീട് റഡാർ ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ദിശ തെറ്റി മണിക്കൂറുകളോളം വിമാനം പറന്നതായാണ് വിശ്വസിക്കപ്പെടുന്നത്. ശൂന്യതയിലേക്കായിരുന്നു ആ യാത്ര എന്നത് തിരിച്ചറിയുമ്പോഴേക്കും ആശയവിനിമയത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതായിരുന്നു.

ഫ്ലൈറ്റ് 370നെവിടെ എന്ന ലോകത്തിന്റെ ചോദ്യത്തിന് ഒരു ദശാബ്ദത്തിനിപ്പുറവും ഉത്തരം നല്‍കാന്‍ ഒരു വിദഗ്ധ സംഘത്തിനുമായിട്ടില്ല. ഇന്ധനം തീർന്നതിനെ തുടർന്ന് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകർന്ന് വീണതാകാമെന്ന് ചില ഔദ്യോഗിക വൃത്തങ്ങള്‍ വിധിയെഴുതിയിട്ടുണ്ട്. വിമാനം കാണാതായതും എവിടെയാണ് മറഞ്ഞതെന്നതും വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ മിസ്റ്ററികളിലൊന്നായി ഇന്നും തുടരുന്നു.

തിരച്ചിലും ശൂന്യതയില്‍

ലോകചരിത്രം കണ്ട ഏറ്റവും വലിയ തിരച്ചിലിന്റെ ദിനങ്ങളായിരുന്നു പിന്നീട്. ആദ്യ ഘട്ട തിരച്ചിലിന്റെ ദൈർഘ്യം 52 ദിവസമായിരുന്നു. 336 സേർച്ച് ഫ്ലൈറ്റുകള്‍ ഉപയോഗിച്ചുള്ള വ്യോമയാന ശ്രമം. 1.7 ദശലക്ഷം ചതുരശ്ര മൈല്‍ വ്യാപിച്ചുള്ള തിരച്ചിലായിരുന്നു നടന്നത്.

2017 ജനുവരിയില്‍ ഓസ്ട്രേലിയ, മലേഷ്യ, ചൈന സർക്കാരുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു. ഏകദേശം 46,000 ചതുരശ്ര മൈല്‍ പരിധിയാണ് തിരച്ചിലില്‍ ഉള്‍പ്പെട്ടത്. ഇതിനായി ചിലവാക്കിയ തുക 150 മില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു. പിന്നീട് ഓഷ്യന്‍ ഇന്‍ഫിനിറ്റിയുമായി ചേർന്ന് മലേഷ്യന്‍ സർക്കാർ വീണ്ടും തിരച്ചിലിനിറങ്ങി. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങളുടെ അതിസമ്മർദമായിരുന്നു നടപടിക്ക് പിന്നിലെ കാരണം. പക്ഷേ, ഓഷ്യന്‍ ഇന്‍ഫിനിറ്റിക്കും ഉത്തരം നല്‍കാനായില്ല.

ശൂന്യതയിലേക്ക് മറഞ്ഞ എംഎച്ച് 370 മലേഷ്യൻ എയർലൈൻ; ദുരൂഹതയുടെ പതിറ്റാണ്ട്
ആകാശസീമയില്‍ മറഞ്ഞ കല്‍പ്പന ചൗള; കൊളംബിയ ദുരന്തത്തിന് ഇരുപത്തിയൊന്നാണ്ട്‌

അവശിഷ്ടങ്ങളിലും ദുരൂഹത

വിമാനം തകർന്നെന്ന് സ്ഥിരീകരിക്കാനാകുന്ന തരത്തില്‍ അവശിഷ്ടങ്ങളൊന്നും വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വിമാനത്തില്‍ നിന്നുള്ളതെന്ന് കരുതപ്പെടുന്ന ചില അവശിഷ്ടങ്ങള്‍ ആഫ്രിക്കന്‍ വന്‍കരയുടെ തീരങ്ങളിലും മഡഗാസ്കർ, മൗറീഷ്യസ്, റിയുണിയന്‍, റോഡ്രിഗസ് ദ്വീപുകളില്‍ കണ്ടെത്തിയതായി വിവരമുണ്ട്.

2015ല്‍ ഇന്ത്യന്‍ ഓഷ്യന്റെ ഫ്രഞ്ച് ദ്വീപിലെ റീയൂണിയന്‍ തീരത്ത് ഒരു വലിയ വസ്തു അടിഞ്ഞു. ഇത് ബോയിങ് 777ന്റെ ഫ്ലാപെറോണാണെന്നാണ് അന്വേഷണസംഘം അനുമാനിക്കുന്നത്. 2016 ഫെബ്രുവരിയില്‍ മൊസാംബിക്ക് തീരത്ത് ത്രികോണ ആകൃതിയിലുള്ള ഒരു ഫൈബർ ഗ്ലാസും നൊ സ്റ്റെപ്പ് എന്നെഴുതിയ ഒരു അലുമിനിയവും അടിഞ്ഞു.

ടാന്‍സാനിയന്‍ ദ്വീപിലടിഞ്ഞ ഒരു വിമാനത്തിന്റെ വിങ് ഫ്ലാപ്പ് ബോയിങ് 777ന്റേതാണെന്ന് ഓസ്ട്രേലിയന്‍ സർക്കാർ സ്ഥിരീകരിച്ചു. ഓസ്ട്രേലിയന്‍ ട്രാന്‍സ്പോർട്ട് സേഫ്റ്റി ബ്യൂറോയായിരുന്നു അവശിഷ്ടം ബോയിങ് 777നുമായി ഒത്തുനോക്കുകയും ഉറപ്പിക്കുകയും ചെയ്തത്.

സർക്കാർ റിപ്പോർട്ടുകള്‍

നാല് വർഷം നീണ്ടു നിന്ന തിരച്ചിലിനും അന്വേഷണത്തിനും ശേഷം 495 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. വിമാനത്തിന് എന്ത് സംഭവിച്ചുവെന്നത് കണ്ടെത്താന്‍ സാധിക്കാതെയാണ് റിപ്പോർട്ട് അവസാനിക്കുന്നതും. സുരക്ഷാ അന്വേഷണ സംഘത്തിന്റെ തലവനായ കോക് സൂ ചോന്‍ വിമാനം ഹൈജാക്ക് ചെയ്യപ്പെടാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞില്ല. പക്ഷേ, എന്താണ്, എന്തിനാണ് എന്നതില്‍ വ്യക്തത വരുത്താന്‍ അദ്ദേഹത്തിനുമായിട്ടില്ല.

പൈലറ്റ് സഹാരി അഹമ്മദ് ഷാ, ഫസ്റ്റ് ഓഫീസറായ ഫാരിഖ് അബ്ദുള്‍ ഹമീദ് എന്നിവരുടെ പശ്ചാത്തലം പൂർണമായും പരിശോധിച്ചായിരുന്നു റിപ്പോർട്ട്. യാത്രക്കാരുടെ സാമ്പത്തിക സാഹചര്യം, ആരോഗ്യം, ശബ്ദം തുടങ്ങിയവും പരിശോധനയ്ക്ക് വിധേയമായി. അസ്വാഭാവീകമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

ശൂന്യതയിലേക്ക് മറഞ്ഞ എംഎച്ച് 370 മലേഷ്യൻ എയർലൈൻ; ദുരൂഹതയുടെ പതിറ്റാണ്ട്
"രാജാ ഓടിക്കോ" എന്നാരോ വിളിച്ചത് കേട്ടു; പോലീസ് രാജനെ കൊണ്ടുപോയി കൊന്നു

ഇനിയെന്ത്?

ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് സഞ്ചരിച്ച ഒരു ദശാബ്ദത്തിന് ശേഷം വീണ്ടുമൊരു അന്വേഷണത്തിന് തയാറെടുക്കുകയാണ് ഓഷ്യന്‍ ഇന്‍ഫിനിറ്റി. പുതിയ തിരച്ചില്‍ ദൗത്യം ഓഷ്യന്‍ ഇന്‍ഫിനിറ്റിയുമായി ചർച്ച ചെയ്യാന്‍ മലേഷ്യന്‍ സർക്കാർ തയാറാണെന്ന് ഔദ്യോഗിക പ്രസ്താവന ഈ വാരമാണ് പുറത്തുവന്നത്.

ആറ് വർഷം മുന്‍പ് അവസാനിപ്പിച്ച തിരച്ചലിന് ശേഷം വീണ്ടുമൊരു ശ്രമത്തിന് തയാറാണെന്ന് ഓഷ്യന്‍ ഇന്‍ഫിനിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവായ ഒലിവർ പ്ലങ്കറ്റ് വ്യക്തമാക്കിക്കഴിഞ്ഞു. ഏറ്റവും വെല്ലുവിളി നിറഞ്ഞ തിരച്ചിലായിരിക്കും ഇതെന്നാണ് ഒലിവറിന്റെ വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in