ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള നിർബന്ധിത വധശിക്ഷ അവസാനിപ്പിച്ച് മലേഷ്യ; പകരം ചാട്ടവാറടിയും 40 വർഷം വരെ തടവും

ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള നിർബന്ധിത വധശിക്ഷ അവസാനിപ്പിച്ച് മലേഷ്യ; പകരം ചാട്ടവാറടിയും 40 വർഷം വരെ തടവും

ഔദ്യോഗിക കണക്കുകൾ പ്രകാരം 1992 മുതൽ 2023 വരെ 1318 തടവുകാരെ മലേഷ്യയിൽ തൂക്കിലേറ്റിയിട്ടുണ്ട്
Updated on
1 min read

കൊലപാതകം, തീവ്രവാദം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള നിർബന്ധിത വധശിക്ഷ അവസാനിപ്പിച്ച് മലേഷ്യൻ സർക്കാർ. നിർബന്ധിത വധശിക്ഷ നീക്കം ചെയ്യുന്നതിനും വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും സ്വാഭാവിക- ജീവപര്യന്തം തടവുശിക്ഷകൾ നിർത്തലാക്കൽ തുടങ്ങി വിപുലമായ നിയമപരിഷ്കാരങ്ങളാണ് മലേഷ്യൻ പാർലമെന്റ് ഇന്ന് പാസാക്കിയത്. ഇതോടെ 1,300 കുറ്റവാളികൾക്ക് ശിക്ഷാ പുനഃപരിശോധനയ്ക്ക് അർഹതയുണ്ടാകും. 34 ക്രിമിനൽ കുറ്റകൃത്യങ്ങൾക്കാണ് മലേഷ്യയിൽ വധശിക്ഷ ലഭിക്കുക. ഇതിൽ 11 എണ്ണമാണ് നിർബന്ധിത വധശിക്ഷയിൽ ഉൾപ്പെട്ടിരുന്നത്.

2018ൽ അധികാരമേറ്റ സർക്കാർ രാജ്യത്ത് വധശിക്ഷ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ എതിരാളികളുടെ സമ്മർദത്തെ തുടർന്ന് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോവേണ്ടി വന്നു. വധശിക്ഷ നിലനിർത്തുമെന്നും എന്നാൽ കോടതികൾ അവരുടെ വിവേചനാധികാരത്തിൽ മറ്റ് ശിക്ഷകൾ നൽകാൻ അനുവദിക്കുമെന്നും സർക്കാർ പറഞ്ഞു. എന്നാൽ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 40 വർഷം വരെ ജീവപര്യന്തം തടവോ അല്ലെങ്കിൽ ചാട്ടവാറടിയും ഉണ്ടാകും. പുതിയ ജയിൽ ശിക്ഷ, കുറ്റവാളിയുടെ സ്വാഭാവിക ജീവിതകാലം മുഴുവൻ തടവുശിക്ഷ ആവശ്യപ്പെടുന്ന എല്ലാ മുൻ വ്യവസ്ഥകൾക്കും പകരമാകും. മലേഷ്യൻ നിയമ പ്രകാരം 30 വർഷത്തെ നിശ്ചിത കാലാവധിയായി നിർവചിച്ചിരിക്കുന്ന ജീവപര്യന്തം തടവുശിക്ഷ നിലനിർത്തും.

തട്ടിക്കൊണ്ടുപോകൽ, തോക്ക് കടത്തൽ പോലുള്ള ആളപായം ഉണ്ടാകാത്ത കുറ്റകൃത്യങ്ങളെയും വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അസാധാരണമായ കേസുകളിൽ വധശിക്ഷ വിധിക്കുന്നതിനുള്ള വിവേചനാധികാരം ജഡ്ജിമാർ നിലനിർത്തി. പാസാക്കിയ ഭേദഗതികൾ കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നിവ ഉൾപ്പെടെ നിലവിൽ വധശിക്ഷ ലഭിക്കാവുന്ന 34 കുറ്റകൃത്യങ്ങൾക്ക് ബാധകമാണ്.

കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുന്നതിന് വധശിക്ഷകൾക്ക് കാര്യമായി ഒന്നും ചെയ്യാൻ ആയില്ലെന്ന് മലേഷ്യൻ ഡെപ്യൂട്ടി നിയമമന്ത്രി രാംകർപാൽ സിങ് പാർലമെന്റിൽ വ്യക്തമാക്കി. "വധശിക്ഷ അത് കൊണ്ടുവരാൻ ഉദ്ദേശിച്ച ഫലം കൊണ്ടുവന്നില്ല"- അദ്ദേഹം പറഞ്ഞു. ശിക്ഷാവിധികളുമായി ബന്ധപ്പെട്ട മറ്റ് നടപടികളെല്ലാം പഴയ രീതിയിൽ തന്നെ തുടരും. പുതിയ നിയമം മുൻകാല പ്രാബല്യത്തോടെ നിലവിൽ വരും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് അവരുടെ ശിക്ഷകൾ പുനഃപരിശോധിക്കാൻ 90 ദിവസം അനുവദിക്കും. നിലവിൽ 1,341 തടവുകാരാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കോബിന്റെ കീഴിലുള്ള മുൻ മലേഷ്യൻ സർക്കാർ നിർബന്ധിത ശിക്ഷയായി വധശിക്ഷ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് രാജ്യത്തെ വധശിക്ഷ റദ്ദാക്കാനുള്ള നിയമനിർമാണ പ്രക്രിയ വീണ്ടും ആരംഭിച്ചത്. നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള രണ്ട് ബില്ലുകൾ കഴിഞ്ഞ ആഴ്ച പാർലമെന്റിൽ അവതരിപ്പിച്ചു. വധശിക്ഷ ഇപ്പോഴും തുടരുന്ന 53 രാജ്യങ്ങളിൽ ഒന്നാണ് മലേഷ്യ. ഔദ്യോഗിക കണക്കുകൾ പ്രകാരം 1992 മുതൽ 2023 വരെ 1318 തടവുകാരെ മലേഷ്യയിൽ തൂക്കിലേറ്റിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in