ഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്താന്‍ മുയിസുവിന് പ്രതിപക്ഷത്തിന്റെ ഉപദേശം; മാലദ്വീപ് അയയുമോ?
ഇന്ത്യയും മാലദ്വീപും തമ്മില്‍ മുന്‍പില്ലാത്ത തരത്തില്‍ നയതന്ത്ര ബന്ധം ഉലയുമ്പോള്‍ നിലപാട് മയപ്പെടുത്താന്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് മേല്‍ സമ്മര്‍ദം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം ഇത്തരത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മർദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുഹമ്മദ് മുയിസു അധികാരത്തിലേറിയതിന്. ചൈന അനുകൂല നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനായ അദ്ദേഹം സ്വീകരിച്ച വിവിധ നയങ്ങളാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം ഉലച്ചിലിലേക്ക് നയിച്ചത്. എന്നാല്‍ ഇന്ത്യയുമായുള്ള ഭിന്നത കഴിയും വേഗത്തില്‍ അവസാനിപ്പിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ജുംഹൂറി പാർട്ടി (ജെപി) നേതാവ് ഗാസുയിം ഇബ്രാഹിമാണ് ഏറ്റവും ഒടുവിലായി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മാലദ്വീപ് പ്രസിഡന്റിന്റെ തീവ്ര ചൈനീസ് അനുകൂല നിലപാടുകൾ അദ്ദേഹം അധികാരത്തിൽ എത്തുന്നതിനു മുൻപേ തന്നെ സജീവ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മുൻപത്തെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നു മുഹമ്മദ് മുയിസുവിന്റേത്. മുയിസ് അധികാരത്തിൽ എത്തിയതിന് പിന്നാലെ തന്നെ മാലദ്വീപിന്റെ പരമ്പരാഗത പങ്കാളിയായിരുന്ന ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീണ് തുടങ്ങിയിരുന്നു. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിൽ മാലിദ്വീപില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയോട് അദ്ദേഹം ഔദ്യോഗികമായി ആവശ്യപ്പെട്ടതോടെ നയം വ്യക്തമാകുകയായിരുന്നു.
മാലിദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. ദ്വീപിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈന്യം മാലിദ്വീപിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് മുയിസു തിരഞ്ഞെടുപ്പിൽ പ്രചരണത്തിൽ ഉടനീളം ആരോപിച്ചിരുന്നു. നിലവിൽ മാർച്ച് 15 ഓടെ മുഴുവൻ സൈന്യത്തെയും ദ്വീപിൽ നിന്ന് പിൻവലിക്കാക്കണമെന്നാണ് ഇന്ത്യക്ക് നൽകിയിരിക്കുന്ന അന്ത്യശാസനം.
നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് യാത്രയോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നമാണ് പരസ്യപോരാകുന്നത്. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമർശിച്ച് മാലദ്വീപ് മന്ത്രിമാര്‍ സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. നരേന്ദ്ര മോദി കോമാളിയാണ് എന്നായിരുന്നു ഒരു മന്ത്രിയുടെ പരാമർശം. ഇന്ത്യ - ഇസ്രയേൽ ബന്ധത്തെയും ഇവർ രൂക്ഷമായി വിമർശിച്ചു. എന്നാൽ ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പി. മാലദ്വീപ് ടൂറിസത്തിന് എതിരെ ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്‌കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ഇന്ത്യക്കാർ മാലദ്വീപ് ബഹിഷ്കരിക്കണമെന്ന തരത്തിലുള്ള ആഹ്വാനങ്ങളും ഉണ്ടായി. പിന്നാലെ മൂന്ന് മന്ത്രിമാരെ പിന്നീട് മാലദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ നിർബന്ധിതരാക്കുന്ന നിലയിലാണ് ഇപ്പോഴുയരുന്ന സമ്മര്‍ദം. സർക്കാരിന്റെ ചൈനീസ് അനുകൂല നിലപാടുകളോടുള്ള പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് തന്നെയാണ് ഇതിന് മുഖ്യ കാരണമാകുന്നത്.
മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങളുടെ അംഗീകാരത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സർക്കാർ അനുകൂല എംപിമാരും പ്രതിപക്ഷ നിയമസഭാംഗങ്ങളും തമ്മിൽ ഞായറാഴ്ച പാർലമെൻ്റിൽ വലിയ സംഘർഷം ഉണ്ടായിരുന്നു. കയ്യാങ്കളിയിലാണ് ഈ സംഘർഷം അവസാനിച്ചത്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പ്രസിഡന്റ് മന്ത്രിമാരെ നോമിനേറ്റ് ചെയ്യുകയും അവരെ പാർലമെന്റ് അംഗീകരിക്കുകയും ചെയ്യുന്നതാണ് മാലദ്വീപിലെ രീതി. കഴിഞ്ഞ നവംബറിൽ അധികാരത്തിലെത്തിയ മൊഹമ്മദ് മൊയ്‌സുവിന്റെ മന്ത്രിമാരെ ഇതുവരെ പാർലമെന്റ് അംഗീകരിച്ചിട്ടില്ല. ഇവരെ അംഗീകരിക്കില്ലെന്ന പാര്‍ലമെന്റിന്റെ തീരുമാനത്തോടെ മാലദ്വീപ് സർക്കാർ കൂടുതൽ സമർദ്ദത്തിലാവുകയാണ്.
മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഇന്ത്യയുമായുള്ള വാട്ടര്‍ സര്‍വെ പദ്ധതിയില്‍ നിന്ന് മാലിദ്വീപ് പിന്മാറി. 2019 ജൂണ്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹിയും തമ്മില്‍ ഒപ്പുവച്ച ഹൈഡ്രോഗ്രാഫിക് സര്‍വേയില്‍ നിന്നാണ് പിന്മാറ്റം ഉണ്ടായത്. മാലദ്വീപിന്റെ സമുദ്രാതിര്‍ത്തിയില്‍ വേലിയറ്റങ്ങള്‍, സമുദ്ര പ്രവാഹങ്ങള്‍, തീരങ്ങള്‍, പവിഴ പുറ്റുകള്‍ എന്നിവയെ കുറിച്ച് പഠിക്കാന്‍ ഹൈഡ്രോളിക് സര്‍വേ നടത്താന്‍ ഇന്ത്യക്ക് അനുവാദം നല്‍കിയതായിരുന്നു കരാര്‍. മുയിസു സർക്കാർ ഔദ്യോഗികമായി അവസാനിപ്പിക്കുന്ന ആദ്യ ഉഭയകക്ഷി കരാറായിരുന്നു ഇത്. ഇത്രയും കാലം മാലദ്വീപിലെ പ്രതിരോധ സേനയുമായി സഹകരിച്ച് സഹകരിച്ചു പോന്നിരുന്നത് ഇന്ത്യയെ തട്ടിമാറ്റി വ്യോമനിരീക്ഷണത്തിനായി പുതിയ ഡ്രോണുകൾ വാങ്ങാനായി തുർക്കിയുമായി 37 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.