മാലദ്വീപ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്: മുഹമ്മദ് മുയിസുവിന് മുന്നേറ്റം, ചൈന അനുകൂല നിലപാടുകള്‍ ശരിവച്ച് ജനവിധി
മാലദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് (പിഎന്‍സി) പാര്‍ട്ടി വന്‍ഭൂരിപക്ഷത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 90 സീറ്റുകളില്‍ 60 എണ്ണത്തിലും പിഎന്‍സി വിജയം ഉറപ്പിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 66 സീറ്റുകളിലെങ്കിലും പിഎന്‍സി മുന്നേറുന്നതായി മാലദ്വീപ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം കൂടിയാണ് പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.
എന്നാല്‍ ഫലപ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് ഒരാഴ്ചയോളം എടുക്കും. മെയ് ആദ്യത്തിലായിരിക്കും പുതിയ അസംബ്ലി പ്രാബല്യത്തില്‍ വരിക. പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി)ക്ക് 10 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 9 സീറ്റുകളില്‍ സ്വതന്ത്രര്‍ക്കാണ് മുന്നേറ്റമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ഏറെ നിര്‍ണായകമായിരുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് ജനപിന്തുണയുണ്ടെന്ന് ഉറപ്പിക്കുന്നതുകൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. മുഹമ്മദ് മുയിസുവിന്റെ വിദേശ നയം ജനം സ്വീകരിക്കുമോ എന്നതുകൂടിയാണ് തിരഞ്ഞെടുപ്പില്‍ പരിശോധിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇന്ത്യക്കും ചൈനക്കും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം.
ചൈന അനുകൂല നിലപാടുകള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട നേതാവാണ് മുഹമ്മദ് മുയ്‌സു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അദ്ദേഹം പ്രധാനമായും ഉന്നയിച്ചത് ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളായിരുന്നു. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയോടുള്ള മൃദുസമീപനം ഉപേക്ഷിക്കുകയും ചൈനയോട് കൂടുതല്‍ അടുക്കുകയും ചെയ്യുന്ന നയങ്ങളായിരുന്നു മുയ്‌സു നടപ്പാക്കിയത്. മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പുറത്താക്കാനും ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനുമുള്ള തീരുമാനമായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍, മുയ്‌സുവിന്റെ നയങ്ങള്‍ രാജ്യം അംഗീകരിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നതെന്നാണ് വിലയിരുത്തല്‍.