ജോ ബൈഡന് വധഭീഷണി, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ എഫ്ബിഐ വെടിവച്ചുകൊന്നു
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നേരെ ഭീഷണി മുഴക്കിയ ആളെ വെടിവച്ചുകൊന്നു. അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനമായ യൂട്ട സന്ദർശിക്കാൻ ബൈഡൻ എത്തുന്നതിന് മണിക്കൂറുകൾ മുൻപ് എഫ്ബിഐ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും തുടർന്നുണ്ടായ സംഘട്ടനത്തിലാണ് വെടിയുതിർക്കേണ്ടി വന്നതെന്നുമാണ് എഫ്ബിഐയുടെ വിശദീകരണം.
ക്രെയ്ഗ് റോബർട്സൺ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വാർധക്യ ജീവിതം നയിക്കുന്ന അദ്ദേഹം ട്രംപ് അനുകൂലിയാണെന്നും സമൂഹ മാധ്യമങ്ങൾ വഴി ബൈഡനെ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ബൈഡൻ യൂട്ടയിലേക്ക് വരുന്നുണ്ടെന്ന് കേട്ടു, അതിനാൽ സ്നൈപ്പർ തോക്ക് തയ്യാറാക്കി വയ്ക്കുകയാണെന്നും റോബർട്സൺ പോസ്റ്റ് ഇട്ടിരുന്നു. കൂടാതെ ബൈഡനെ കോമാളികളുടെ നേതാവെന്നും അദ്ദേഹം പോസ്റ്റിൽ വിശേഷിപ്പിച്ചിരുന്നു. 'ബൈഡൻ യൂട്ടയിലേക്ക് വരുന്നുണ്ടെന്ന് കേട്ടു, സ്നൈപ്പർ തോക്ക് തുടച്ച് വയ്ക്കുകയാണ്, കോമാളികളുടെ നേതാവിന് സ്വാഗതം' സമൂഹ മാധ്യമത്തിൽ റോബർട്സൺ പങ്കുവച്ച പോസ്റ്റ്. "ഡെമോക്രാറ്റ് (ബൈഡന്റെ പാർട്ടി) ഉന്മൂലനം" എന്ന് പേരിട്ടിരിക്കുന്ന സെമി-ഓട്ടോമാറ്റിക് റൈഫിൾ ഉൾപ്പെടെ തന്റെ വിപുലമായ തോക്ക് ശേഖരണത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ റോബർട്സൺ പങ്കുവച്ചിരുന്നു.
ബൈഡന് പുറമെ വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലന്റിനെയും ഉൾപ്പെടെ ഭീഷണിപ്പെടുത്തിയതായി പരാതികളുണ്ട്. ഒരു പോസ്റ്റിൽ പ്രസിഡൻഷ്യൽ കൊലപാതകത്തിനുള്ള സമയമായെന്നും 'ബൈഡന് ശേഷം കമല' എന്നും അദ്ദേഹം കുറിച്ചിരുന്നു. കൂടാതെ, പോൺതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയെന്ന കേസിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയ മൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബര്ഗിനെ വെടിവയ്ക്കുമെന്നും അയാൾ പറഞ്ഞിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഭീഷണികൾ, പ്രസിഡന്റിനെ ഭീഷണിപ്പെടുത്തൽ, ഫെഡറൽ നിയമപാലകരെ സ്വാധീനിക്കുക, പ്രതികാരം ചെയ്യുക എന്നിങ്ങനെ മൂന്ന് വകുപ്പുകളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
അമേരിക്കയിലെ ക്രമസമാധാന നില 1970 ന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്തരം സംഭവങ്ങളെന്നതും ശ്രദ്ധേയമാണ്. അമേരിക്ക വലിയ രീതിയിൽ ധ്രുവീകരിക്കപ്പെട്ട അവസ്ഥയിലാണെന്നും രാഷ്ട്രീയ അക്രമങ്ങൾ സമീപ വർഷങ്ങളിൽ വർദ്ധിച്ചു എന്നുമായിരുന്നു ബുധനാഴ്ച പുറത്തിറക്കിയ റോയിട്ടേഴ്‌സ് റിപ്പോർട്ടിലെ പരാമര്‍ശം.
അതേസമയം, നിലവിൽ ബൈഡൻ പടിഞ്ഞാറൻ അമേരിക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുകയാണ്. ബുധനാഴ്ച ന്യൂ മെക്സിക്കോയിലെ ആൽബുകെർക്കിയിലുണ്ടായിരുന്ന അദ്ദേഹം വ്യാഴാഴ്ച സാൾട്ട് ലേക്ക് സിറ്റിയിലേക്ക് പോകും.