ചരിത്രത്തിലെ വലിയ പിരിച്ചുവിടല്‍: മെറ്റ 11,000 ജീവനക്കാരെ പുറത്താക്കും, വെട്ടിക്കുറച്ചത് 13% തസ്തികകള്‍

ചരിത്രത്തിലെ വലിയ പിരിച്ചുവിടല്‍: മെറ്റ 11,000 ജീവനക്കാരെ പുറത്താക്കും, വെട്ടിക്കുറച്ചത് 13% തസ്തികകള്‍

ഈ ആഴ്ച വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ മെറ്റാ പ്ലാറ്റ്ഫോമുകളില്‍ ഉണ്ടായേക്കുമെന്ന് വാള്‍ സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു
Updated on
1 min read

ട്വിറ്ററിന് പിന്നാലെ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവയുടെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍. 11,000 ജീവനക്കാരെയാണ് മെറ്റ പുറത്താക്കുന്നത്. വരുമാനത്തിലുണ്ടായ വന്‍ തകർച്ചയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് എത്തിച്ചത്.

മെറ്റയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പേരെ പിരിച്ചുവിടുന്നത്. ജീവനക്കരുടെ എണ്ണം ഈ വര്‍ഷം 87,314 ത്തിലേക്ക് ഉയർന്നതിന് പിന്നാലെയാണ് നടപടി എന്നതും ശ്രദ്ധേയാമാണ്. കമ്പനിയിലെ 13 ശതമാനത്തോളം തസ്തികകളാണ് വെട്ടിക്കുറച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെറ്റാ പ്ലാറ്റ്ഫോമുകളില്‍ ഈ ആഴ്ച വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ ഉണ്ടായേക്കുമെന്ന് വാള്‍ സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ, പുറത്താക്കപ്പെടുന്ന ജീവനക്കാരോട് ക്ഷമ ചോദിച്ച് മെറ്റ സിഇഒ സിഇഒ മാർക്ക് സക്കർബർഗ് രംഗത്തെത്തി. കമ്പനിക്കുണ്ടായ നഷ്ടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായും സക്കർബർഗ് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ ആരംഭത്തിൽ കമ്പനി അമിത നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ മഹാമാരിയ്ക്ക് ശേഷവും പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടന്നില്ല. ഓൺലൈൻ വാണിജ്യം മുൻകാല ട്രെൻഡുകളിലേക്ക് തിരിച്ചെത്താത്തത് മാത്രമല്ല, മാക്രോ ഇക്കണോമിക് രംഗത്തെ മാന്ദ്യം, വർദ്ധിച്ച മത്സരം, പരസ്യ വരുമാനത്തിലെ നഷ്ടം എന്നിവ വരുമാനം പ്രതീക്ഷിച്ചതിലും കുറയാൻ കാരണമായെന്നും സക്കര്‍ ബര്‍ഗ് ചൂണ്ടിക്കാട്ടി.

മെറ്റയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേയ്ക്കുമെന്ന് സെപ്റ്റംബർ അവസാനം തന്നെ സക്കർബർഗ് മുന്നറിയിപ്പ് നൽകിയിരുന്നു. മാറുന്ന വിപണിക്ക് അനുസൃതമായി ചെലവുകൾ വെട്ടിക്കുറയ്ക്കാനും ടീമുകളെ പുനഃക്രമീകരിക്കാനും മെറ്റാ ഉദ്ദേശിക്കുന്നു എന്നായിരുന്നു പ്രതികരണം.

മെറ്റാവേര്‍സ് നിക്ഷേപം ഫലം കാണാന്‍ ഏകദേശം ഒരു ദശാബ്ദമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യല്‍, ഷട്ടര്‍ പ്രൊജക്ടുകള്‍, ടീമുകളെ പുനഃസംഘടിപ്പിക്കല്‍ എന്നിവ നിര്‍ത്തിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മെറ്റായുടെ ഷെയര്‍ഹോള്‍ഡര്‍ ആള്‍ട്ടിമീറ്റര്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് സക്കര്‍ബര്‍ഗിന് എഴുതിയ തുറന്ന കത്തില്‍ കമ്പനി ജോലികളും മൂലധനച്ചെലവും വെട്ടിക്കുറച്ച് കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. എഞ്ചിനീയര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതികള്‍ ജൂണ്‍ മാസത്തില്‍ തന്നെ മെറ്റ 30 ശതമാനത്തോളം വെട്ടിക്കുറച്ചിരുന്നു. ഉയര്‍ന്ന പലിശനിരക്ക്, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, യൂറോപ്പിലെ ഊര്‍ജ പ്രതിസന്ധി എന്നിവ കാരണം ആഗോള സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതിനാല്‍, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍, ട്വിറ്റര്‍, സ്‌നാപ്പ് ഇങ്ക് എന്നിവയുള്‍പ്പെടെ നിരവധി സാങ്കേതിക കമ്പനികള്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുകയും നിയമനങ്ങള്‍ കുറയ്ക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in