ചൈനയിൽ വിവാഹം കുറയുന്നു; പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതിയുമായി സർക്കാർ
ചൈനയില്‍ വിവാഹം കുറയുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് 2022 ലെ വിവാഹ നിരക്കെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യ കുറയുന്നതിന് പിന്നാലെ വിവാഹത്തിലും ഉണ്ടാകുന്ന കുറവ് രാജ്യത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തുകയാണ്.
ചൈനയിലെ സിവില്‍ അഫയേഴ്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022 ല്‍ 68 ലക്ഷം വിവാഹമാണ് രജിസ്റ്റര്‍ ചെയ്തത്. 2021 ല്‍ ഇത് 76.3 ലക്ഷമാണ്. ഇത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021നെ അപേക്ഷിച്ച് 10.5 ശതമാനത്തിന്റെ കുറവാണ് വിവാഹത്തില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. വിവാഹ രജിസ്‌ട്രേഷന്‍ ആരംഭിച്ച 1986 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കഴിഞ്ഞ വര്‍ഷം ചൈനയിലെ ജനനനിരക്ക് 1,000 പേര്‍ക്ക് 6.77 എന്ന നിലയില്‍ കുറഞ്ഞിരുന്നു. 2021-ല്‍ 7.52 ആയിരുന്നു ജനനനിരക്ക്. അതേസമയം, രാജ്യത്തെ മരണനിരക്ക് ഉയര്‍ന്നനിലയിലാണ്. 1974-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് 2022 ല്‍ രേഖപ്പെടുത്തിയത്. 1,000 പേരില്‍ 7.37 എന്നതാണ് 2022 ലെ മരണനിരക്ക്.
ഉയര്‍ന്ന മരണനിരക്കും താഴ്ന്ന ജനനനിരക്കും രാജ്യത്തെ ജനസംഖ്യ കുറയുന്നതിനും കാരണമാക്കി. 2022 ല്‍ അറുപത് വര്‍ഷത്തെ കുറഞ്ഞ ജനസംഖ്യയാണ് രേഖപ്പെടുത്തിയത്. കൊവിഡ് മഹാമാരി ഈ മാറ്റങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, സാമ്പത്തിക പിന്നാക്കാവസ്ഥ തുടങ്ങിയവയെല്ലാം മറ്റ് ഘടകങ്ങളാണ്.
1980 മുതല്‍ 2016 വരെ നടപ്പാക്കിയ ഒറ്റക്കുട്ടി നയം രാജ്യത്തെ ജനസംഖ്യ കുറയാനും യുവാക്കളുടെ എണ്ണം കുറയ്ക്കാനും കാരണമായിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണത്തിനായിരുന്നു ഈ നയം രാജ്യം നടപ്പാക്കിയത്. 2016 ന് ശേഷം നയം തിരുത്തി. നിലവില്‍ മൂന്ന് കുട്ടികള്‍ വരെയാകാം എന്നാണ് നയം.
ഭാവിയില്‍ ഇത് പ്രശ്‌നമാകുമെന്ന തിരിച്ചറിവോടെ പല പദ്ധതികളും ചൈനീസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടരപ്പാക്കുന്നുണ്ട്.വിവാഹം പോത്സാഹിപ്പിക്കുന്നതും കുട്ടികള്‍ക്ക് വളരാന്‍ അനുകൂലമായതുമായ സാഹചര്യം വളര്‍ത്തിയെടുക്കുക ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍. നവദമ്പതികള്‍ക്ക് ശമ്പളത്തോടുകൂടിയ വിവാഹ അവധി വര്‍ധിപ്പിക്കുന്നതടക്കം നടപടികള്‍ പല പ്രവശ്യകളിലും നടപ്പാക്കുന്നുണ്ട്.