ഗ്രിഡ് തകരാർ; വൈദ്യുതിയില്ലാതെ വലഞ്ഞ് പാകിസ്താന്‍
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പാകിസ്താനില്‍ വൈദ്യുതി ബന്ധവും താറുമാറായി. ഇന്ധനചെലവ് ലാഭിക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ വൈദ്യുതി ഉല്പാദന യൂണിറ്റുകള്‍ താത്ക്കാലികമായി അടച്ചുപൂട്ടിയിരുന്നു. ഇതോടെ നാഷണല്‍ ഗ്രിഡിന്റെ ഫ്രീക്വന്‍സി കുറഞ്ഞു. ഇതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായതെന്ന് ഊര്‍ജമന്ത്രി ഖുറും ദസ്തഗിറിനെ ഉദ്ധരിച്ച് പാക് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വോള്‍ട്ടേജില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടതോടെ യൂണിറ്റുകള്‍ അടച്ചുപൂട്ടുകയായിരുന്നു എന്ന് അധികൃതര്‍
ഇന്ന് രാവിലെയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഫ്രീക്വന്‍സി വ്യതിയാനം റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് വോള്‍ട്ടേജില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടതോടെ യൂണിറ്റുകള്‍ അടച്ചു പൂട്ടുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ കറാച്ചി, ഇസ്ലാമാബാദ്, ലാഹോര്‍, പെഷവാര്‍ എന്നീ പ്രധാന നഗരങ്ങളടക്കം ഇരുട്ടിലായി.
അതേസമയം പാകിസ്താനില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അടിയന്തര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉണ്ടായില്ലെങ്കില്‍ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുമെന്നും ഐഎംഎഫ് സഹായം ഉടന്‍ പുനരാരംഭിക്കേണ്ടതുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഐഎംഎഫ് വായ്പ മാസങ്ങളോളം വൈകിയതോടെ സാമ്പത്തിക സഹായത്തില്‍ കണ്ണും നട്ടിരിക്കുകയാണ് രാജ്യം.
കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞ കഴിഞ്ഞ വര്‍ഷത്തെ പ്രളയവും പാകിസ്താനില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിന് കാരണമായി
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രഖ്യാപിച്ച ജനകീയ പദ്ധതികളെല്ലാം തന്നെ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇത് വിപണിയെ മോശമായി ബാധിക്കുകയും അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിന് കാരണമായിത്തീരുകയും ചെയ്തു. ഇതോടെ സാധാരണക്കാരായ ജനങ്ങളുടെ ദൈംനംദിന ജീവിതം കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്‌ക്കൊപ്പം കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞ കഴിഞ്ഞ വര്‍ഷത്തെ പ്രളയവും പാകിസ്താനില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിന് കാരണമായി. ഇതിനിടയ്ക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായും ഫലം കാണുന്നില്ല.