ഹാദി മറ്റാര്‍, സല്‍മാന്‍ റുഷ്ദി
ഹാദി മറ്റാര്‍, സല്‍മാന്‍ റുഷ്ദി

'ഞാന്‍ ഖൊമേനിയുടെ ആരാധകന്‍': റുഷ്ദിയെ കൊല്ലാന്‍ ശ്രമിച്ച ഹാദി മറ്റാര്‍

എഴുത്തിലൂടെ റുഷ്ദി ഇസ്ലാമിനെ അപമാനിച്ചുവെന്ന് മറ്റാര്‍
Updated on
1 min read

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ച ഹാദി മറ്റാര്‍, ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ ആരാധകന്‍. മറ്റാര്‍ തന്നെ ഇക്കാര്യം പറഞ്ഞതായാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ ഇറാനിയന്‍ നേതാവിനെ ബഹുമാനിക്കുന്നു. എഴുത്തിലൂടെ റുഷ്ദി ഇസ്ലാമിനെ അപമാനിച്ചുവെന്ന് വിശ്വസിക്കുന്നതായും ന്യൂയോര്‍ക്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മറ്റാര്‍ പറയുന്നു.

റുഷ്ദിയുടെ ദി സാത്തനിക് വേഴ്‌സ് പൂര്‍ണമായും വായിച്ചിട്ടില്ലെന്നും ഏതാനും പേജുകള്‍ മാത്രമേ കണ്ടിട്ടുള്ളുവെന്നും മറ്റാര്‍

റുഷ്ദിയുടെ ദി സാത്തനിക് വേഴ്‌സസ് പൂര്‍ണമായും വായിച്ചിട്ടില്ലെന്ന് മറ്റാര്‍ പറഞ്ഞു. ഏതാനും പേജുകള്‍ മാത്രമേ കണ്ടിട്ടുള്ളു. എന്നാല്‍ അദ്ദേഹത്തിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കണ്ടിട്ടുണ്ട്. റുഷ്ദിയെ താന്‍ വെറുക്കുന്നുവെന്നും മറ്റാര്‍ കൂട്ടിച്ചേര്‍ത്തു.

ഹാദി മറ്റാര്‍ കുറ്റക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നഥാനിയല്‍ ബറോണ്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, മറ്റാറിന്റെ അമ്മ റുഷ്ദിക്കു നേരെയുള്ള ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. റുഷ്ദിക്കു നേരെയുള്ള ആക്രമണത്തില്‍ ഇറാന് പങ്കുള്ളതായി പലരും സംശയം പങ്കുവെച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യ വക്താവ് നാസര്‍ കനാന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായി ബന്ധമില്ലെന്ന് പ്രതിയും ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങളും അറിയിച്ചു.

ഹാദി മറ്റാര്‍, സല്‍മാന്‍ റുഷ്ദി
'ആക്രമണത്തിന് കാരണം റുഷ്ദിയും അനുയായികളും മാത്രം'; ആരോപണങ്ങള്‍ തള്ളി ഇറാന്‍

ആക്ഷേപഹാസ്യ, അതിയാഥാര്‍ത്ഥ്യ ഗദ്യശൈലിക്ക് പേരുകേട്ട എഴുത്തുകാരനാണ് സല്‍മാന്‍ റുഷ്ദി. 1988ല്‍ 'ദ സാത്താനിക് വേഴ്സസ്' എന്ന പുസ്തകം പുറത്തിറയങ്ങിയതോടെ അദ്ദേഹത്തിനെതിരെ വധഭീഷണി ഉയര്‍ന്നു. മതനിന്ദ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇന്ത്യ, പാകിസ്ഥാന്‍, തുടങ്ങിയ പല രാജ്യങ്ങളിലും പുസ്തകം നിരോധിച്ചിരുന്നു. പല ഇടങ്ങളിലും പുസ്തകം കാരണം കലാപങ്ങളും ഉണ്ടായി. ഇതേ സമയത്താണ് 1989ല്‍ റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖൊമേനി ഫത്വ പുറപ്പെടുവിക്കുന്നത്.

ഫത്വ ആക്രമണത്തിന് പ്രചോദനമായിട്ടുണ്ടോയെന്ന് അന്വേഷിക്കും

അതിനുശേഷം റുഷ്ദി വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്നു. ഖൊമേനി മരിച്ചിട്ടും ഫത്വ പ്രാബല്യത്തില്‍ തുടര്‍ന്നു. ഫത്വ പിന്‍വലിക്കുന്ന തരത്തിലുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. എങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റുഷ്ദിക്കെതിരെ ഭീഷണികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആക്രമണം നടത്താന്‍ മറ്റാറിന് ഫത്വ പ്രേരണയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജീവന് തന്നെ ഭീഷണിയുണ്ടായിട്ടും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി കാലങ്ങളായി വാദിക്കുന്ന റുഷ്ദിക്കെതിരെ നടന്ന ആക്രമണത്തെ രാഷ്ട്രനേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാരുള്‍പ്പെടെ അപലപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in