എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക പ്രശ്നങ്ങൾക്ക്  പരിഹാരമോ? ഓസ്‌ട്രേലിയയിൽ ചികിത്സാനുമതി

എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക പ്രശ്നങ്ങൾക്ക് പരിഹാരമോ? ഓസ്‌ട്രേലിയയിൽ ചികിത്സാനുമതി

മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന മരുന്നുകളുടെ ഒരു ഉപവിഭാഗമായ സൈക്കെഡെലിക് മരുന്നിന്‍റെ ഉപയോഗം നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ
Updated on
2 min read

മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സൈക്കഡെലിക്‌ മരുന്നുകളുടെ ഉപയോഗം നിയമവിധേയമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന മരുന്നുകളുടെ ഒരു ഉപവിഭാഗമായ സൈക്കഡെലികിന്റെ ഉപയോഗം നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി മാറി ഇതോടെ ഓസ്‌ട്രേലിയ. സൈക്കഡെലിക്‌ മരുന്നുകൾ മാനസികാരോഗ്യ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷങ്ങൾ യുഎസ്, കാനഡ, ഇസ്രേയേൽ എന്നീ രാജ്യങ്ങളിൽ പുരോഗമിക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയ ഈ രംഗത്ത് വിജയകരമായ മുന്നേറ്റം നടത്തിയിരിക്കുന്നത്.

അംഗീകാരമുള്ള മാനസികാരോഗ്യ ചികിത്സാ വിദഗ്‌ധർക്കാണ് സൈക്കെഡെലിക്‌ മരുന്നുകൾ നിർദ്ദേശിക്കാനാകുന്നത്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ അനുഭവിക്കുന്നവർക്ക് എംഡിഎംഎയും ചിലതരം വിഷാദരോഗങ്ങൾക്ക് മാന്ത്രിക കൂണുകളും നിർദ്ദേശിക്കാം എന്നാണ് കണ്ടെത്തൽ. വിവാദപരമായ ഈ നീക്കം വലിയ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നാണ് നിരവധി ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. എന്നാൽ അമിത പ്രാധാന്യം കല്പിക്കേണ്ടതില്ലെന്നും തീരുമാനം വളരെ തിടുക്കത്തിലുള്ളതെന്നുമാണ് മറ്റൊരു കൂട്ടം അഭിപ്രായപ്പെടുന്നത്.

മയക്കുമരുന്നുകളുടെ സ്വാധീനം ഉള്ളതിനാൽ ഉപയോക്‌താവിന് അസ്വസ്ഥതത ഉണ്ടാക്കിയേക്കാമെന്നും മോശം അനുഭവത്തിന് കാരണമായേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം പതിനായിരം ഡോളറാണ് (എട്ട് ലക്ഷത്തിലധികം രൂപ) ചികിത്സയ്ക്കായി വേണ്ടി വരുന്നതെന്ന് ഓസ്‌ട്രേലിയയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക പ്രശ്നങ്ങൾക്ക്  പരിഹാരമോ? ഓസ്‌ട്രേലിയയിൽ ചികിത്സാനുമതി
ഡൽഹി മെട്രോയിലിനി മദ്യത്തിന് വിലക്കില്ല; രണ്ട് കുപ്പികള്‍ വരെ കൈയില്‍ കരുതാമെന്ന് പ്രഖ്യാപനം

പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ന് മുതൽ ഓസ്‌ട്രേലിയയിലെ അംഗീകൃത മനോരോഗ ചികിത്സാ വിദഗ്‌ദ്ധർക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന് എംഡിഎംഎയും വിഷാദത്തിന് സൈലോസിബിനും നിർദ്ദേശിക്കാം.

ഒരു മരുന്ന് കഴിച്ച് പോകുന്ന ലാഘവത്തോടെ ഇതിനെ കാണാൻ കഴിയില്ലെന്നും,സൈക്കെഡെലിക്‌ മരുന്നുകളുടെ ഉപയോഗം കൃത്യമായി നിരീക്ഷിക്കുമെന്നും സൗത്ത് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിലെ മാനസികാരോഗ്യ വിദഗ്‌ധനായ ഡോ.മൈക്ക് മസ്‌കർ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് മുതൽ എട്ട് ആഴ്ച വരെ നീണ്ട് നിൽക്കുന്ന മൂന്ന് ചികിത്സാ ഘട്ടങ്ങളിലൂടെ രോഗി കടന്നുപോകും. എട്ട് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതാണ് ഓരോ ചികിത്സാഘട്ടവും.

ഒരു തെറാപ്പിസ്റ്റ് ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും രോഗിയുടെ കൂടെ മുഴുവൻ സമയവും ഉണ്ടാകും. എന്നിരുന്നാലും ഒരു അത്ഭുതകരമായ പരിഹാരം ഉണ്ടാകുമെന്നുള്ള പ്രതീക്ഷ രോഗികൾ പുലർത്തരുതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സൈക്കെഡെലിക്‌ മരുന്നുകൾക്ക് മനോരോഗ ചികിത്സയ്ക്ക് സാധ്യതയുണ്ടെങ്കിലും, ഇപ്പോഴത്തെ കണ്ടെത്തൽ വളരെ വേഗത്തിൽ സംഭവിച്ചതായാണ് മെൽബണിലെ സ്വിൻബേൺ യൂണിവേഴ്‌സിറ്റിയിലെ കോഗ്‌നിറ്റീവ് ന്യൂറോ സൈക്കോളജിസ്റ്റായ പ്രൊഫസർ സൂസൻ റോസെലിന്റെ അഭിപ്രായം. ഹൃദയ സംബന്ധമായ അസുഖത്തിനോ കാൻസറിനോ ഇത്ര വേഗത്തിൽ ഒരു മരുന്ന് കണ്ടെത്താനാകില്ലെന്നും സൂസൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓസ്‌ട്രേലിയയുടെ തെറാപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (ടിജിഎ) എംഡിഎംഎയും സൈലോസിബിനും വീണ്ടും തരംതിരിച്ച് മനോരോഗത്തിന്റെ ചികിത്‌സയ്ക്കായി ഉപയോഗിക്കാം എന്ന കണ്ടെത്തൽ നടത്തിയത്.

ഗുരുതരമായ മാനസികാരോഗ്യ അവസ്ഥകളുള്ള രോഗികൾക്ക് നിയന്ത്രിതമായ അന്തരീക്ഷത്തിൽ ഇത്തരത്തിലുള്ള സൈക്കഡെലിക്‌ മരുന്നുകൾ താരതമ്യേന സുരക്ഷിതമാണെന്ന് തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി.

ചികിത്സയുടെ കാര്യത്തിൽ ഇനിയും കൂടുതൽ തെളിവുകൾ ലഭിക്കാനുണ്ടെങ്കിലും ആരോഗ്യപരമായ നിയന്ത്രിത അന്തരീക്ഷത്തിൽ ഈ മയക്ക് മരുന്നുകളുടെ ഉപയോഗം രോഗികൾക്ക് പ്രയോജനകരമാകും എന്നും അപകടസാധ്യത മറികടക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.

എംഡിഎംഎ, സൈലോസിബിൻ എന്നിവ അടങ്ങിയ അംഗീകൃത ഉത്പന്നങ്ങളൊന്നും നിലവിലില്ല. പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ മനോരോഗ വിദഗ്ധർക്ക് ഇവ അടങ്ങിയ മരുന്നുകൾ നിയമപരമായിത്തന്നെ വിതരണം ചെയ്യാനാകും.

logo
The Fourth
www.thefourthnews.in