ലോകത്തിലെ ഏറ്റവും നീളംകൂടിയ മൂക്കിന്റെ ഉടമ, മെഹ്മെത് ഒസ്യുരെക് ഇനി ഓർമ

ലോകത്തിലെ ഏറ്റവും നീളംകൂടിയ മൂക്കിന്റെ ഉടമ, മെഹ്മെത് ഒസ്യുരെക് ഇനി ഓർമ

തുർക്കി പൗരനായ ഒസ്യൂരെക്കിന്റെ മൂക്കിന് 3.46 ഇഞ്ച് (8.8 സെ.മീ) വലിപ്പമാണുള്ളത്
Updated on
1 min read

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന്റെ ഉടമയെന്ന ​ഗിന്നസ് റെക്കോർ‍ഡ് സ്വന്തമാക്കിയ മെഹ്മെത് ഒസ്യുരെക് (75) അന്തരിച്ചു. ഒസ്യൂരെക്കിന്റെ മരണവിവരം ​ഗിന്നസ് വേൾഡ് റെക്കോർഡിന്റെ (ജിഡബ്ല്യുആർ) ഔദ്യോഗിക വെബ്സൈറ്റാണ് പുറത്തുവിട്ടത്. ഒസ്യൂരെക്കിന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും ജിഡബ്ല്യുആർ പ്രതികരിച്ചു. വാർധക്യസഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒസ്യുരെകിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു, തുടർന്ന് ജീവൻ രക്ഷിക്കാനായി ശസ്ത്രക്രിയ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും ജിഡബ്ല്യുആർ വ്യക്തമാക്കി. തുർക്കി പൗരനായ ഒസ്യൂരെക്കിന്റെ മൂക്കിന് 3.46 ഇഞ്ച് (8.8 സെമീ) വലിപ്പമാണുള്ളത്.

എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു ഒസ്യൂരെക്. അവനോട് എല്ലാവർക്കും സ്നേഹം മാത്രമായിരുന്നു. ഗിന്നസ് റെക്കോഡ് നേടിക്കൊടുത്ത മൂക്കിനാൽ താനെങ്ങനെ അനുഗ്രഹിക്കപ്പെട്ടുവെന്നും അദ്ദേഹം പലപ്പോഴും പങ്കുവച്ചിരുന്നതായും ജിഡബ്ല്യുആർ പറയുന്നു. 2021 നവംബറിലാണ് ഒസ്യൂരെക്കിനെ തേടി അവസാനമായി ഗിന്നസ് വേൾഡ് റെക്കോർഡ് എത്തുന്നത്. ജീവിച്ചിരിക്കുന്ന പുരുഷമാരിൽ ഏറ്റവും നീളം കൂടിയ മൂക്കുള്ള വ്യക്തിയെന്ന ബഹുമതിക്ക് മുമ്പും രണ്ടു തവണ ഒസ്യൂരെക് അർഹനായിരുന്നു. 2001ലാണ് ആദ്യമായി അദ്ദേഹത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് തേടിയെത്തുന്നത്.

ജന്മനാടായ ആർട്‌വിനിലാണ് ഒസ്യൂരെക്കിന്റ അന്ത്യകർമങ്ങൾ നടന്നത്. പ്രിയപ്പെട്ടവർ അദ്ദേഹത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. പിതാവിന്റെ വിയോഗത്തിൽ അതിയായ വേദനയുണ്ടെന്നും മകൻ ബാരിസ് ടർക്കിഷ് ന്യൂസ് പോർട്ടലിനോട് പ്രതികരിച്ചു. 'അച്ഛന്റെ ആരാധകർക്ക് നന്ദി. അദ്ദേഹത്തിന്റെ വേർപാടിൽ ഞങ്ങൾക്ക് വേദനയുണ്ട്. അദ്ദേഹം വളരെയധികം ദയയുള്ളവനായിരുന്നു, ഒരു വ്യക്തിയെയും അദ്ദേഹം വേദനിപ്പിക്കാറില്ലായിരുന്നു. അച്ഛന്റെ ജീവിതം ശാന്തിയും സമാധാനവും നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒസ്യുരെകിനെ മറ്റ് വ്യക്തികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ നീണ്ട മൂക്ക് മാത്രമല്ലെന്നും 2021ൽ ഒസ്യുരെക് വെളിപ്പെടുത്തിയിരുന്നു. മണം പിടിക്കാനുള്ള തന്റെ കഴിവ് മറ്റ് ആളുകളിൽ നിന്ന് വ്യത്യസ്തമാണെന്നായിരുന്നു ഒസ്യുരെക് ജിഡബ്ല്യുആർനോട് വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in