ടെക്‌സസില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ  വംശീയാധിക്ഷേപം
; ആക്രമണം നടത്തിയ സ്ത്രീ അറസ്റ്റില്‍

ടെക്‌സസില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ വംശീയാധിക്ഷേപം ; ആക്രമണം നടത്തിയ സ്ത്രീ അറസ്റ്റില്‍

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്
Updated on
1 min read

യുഎസിലെ ടെക്സസില്‍ ഇന്ത്യക്കാരായ നാല് വനിതകളെ വംശീയമായി അധിക്ഷേപിച്ച സ്ത്രീ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ബുധനാഴ്ച രാത്രി ഡാലസിലെ ഒരു റസ്റ്റോറന്റിന്റെ പാർക്കിങ് ഏരിയയില്‍ വെച്ചാണ് എസ്മെറാള്‍ഡ അപ്റ്റ ഇന്ത്യന്‍ വനിതകളെ കയ്യേറ്റം ചെയ്തത്. വീഡിയോയില്‍ അമേരിക്കയില്‍ ജനിച്ച മെക്സിക്കന്‍ അമേരിക്കന്‍ എന്നാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്.

ഇന്ത്യന്‍ വംശജരായ നാല് സ്ത്രീകള്‍ സംസാരിക്കുന്നതിനിടെ മാതൃഭാഷ കടന്നുവന്നതോടെ എവിടെ പോയാലും അവിടെയെല്ലാം ഇന്ത്യക്കാരാണ്, ഇന്ത്യക്കാരെ വെറുപ്പാണെന്ന് ആക്രോശിച്ച് എസ്മെറാള്‍ഡ ആക്രമിക്കുകയായിരുന്നു. ‘എല്ലാ ഇന്ത്യക്കാരും നല്ല ജീവിതം തേടിയാണ് അമേരിക്കയിലേക്ക് വരുന്നത് . ഇന്ത്യയിലെ ജീവിതം നല്ലതാണെങ്കിൽ നിങ്ങൾ എന്തിനാണ് ഇങ്ങോട്ട് വരുന്നത്’– എന്നാണ് എസ്മെറാള്‍ഡ സ്ത്രീകളോട് ചോദിച്ചത്. ആക്രമണത്തിനിരയായവർ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയിരുന്നു. എസ്മെറാള്‍ഡ അധിക്ഷേപിച്ചവരിലൊരാളുടെ മകളാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

അറസ്റ്റിലായ എസ്മെറാൾഡയ്ക്കെതിരെ ശരീരത്തിനു നേരെയുള്ള ആക്രമണം, തീവ്രവാദ ഭീഷണി എന്നീ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 10,000 ഡോളർ പിഴയടച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കൂവെന്ന് ഡല്ലാസ് നഗരത്തിലെ പ്ലാനോ പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in