യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 മരണം; കൊല്ലപ്പെട്ടത് ധനസഹായം വാങ്ങാനെത്തിയവര്‍

യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 മരണം; കൊല്ലപ്പെട്ടത് ധനസഹായം വാങ്ങാനെത്തിയവര്‍

നിരവധി ആളുകൾക്ക് പരുക്കേറ്റു, 13 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ.
Updated on
1 min read

യെമനിലെ തലസ്ഥാനമായ സനയിൽ തിക്കിലും തിരക്കിലും പെട്ട് വ്യാഴാഴ്ച ഏകദേശം 85 പേർ കൊല്ലപ്പെട്ടു. മുസ്ലിങ്ങളുടെ പുണ്യമാസമായ റംസാൻ അവസാനിക്കാനിക്കിരിക്കേ വ്യാപാരികൾ ധനസഹായം നൽകുന്നുവെന്നറിഞ്ഞ് വാങ്ങാനായി എത്തിയവരായിരുന്നു ഇവർ. നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റു.

ഇറാന്റെ സഹായത്തോടെ ഷിയാ തീവ്രവാദ സംഘടനയായ ഹൂതികളുടെ നിയന്ത്രണത്തിലാണ് യെമൻ. അവരുടെ ടിവി ചാനലായ അൽ മസീറയാണ് വാർത്ത ആദ്യം പുറത്തുവിട്ടത്. സംഭവത്തെ 'ദുരന്തപൂർണം' എന്ന് ഹൂതി ആഭ്യന്തര മന്ത്രാലയം വിശേഷിപ്പിച്ചു. ആഭ്യന്തര യുദ്ധത്തിൽ തകർന്നു തരിപ്പണമായ രാജ്യത്തെ ജനങ്ങൾ പണവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതത്തിലാണ്.

ധനസഹായം സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് നഗരത്തിലെ സ്കൂളിൽ തിങ്ങിക്കൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ഹൂതികൾ സേനയിലെ ഉദ്യോഗസ്ഥർ വായുവിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇതൊരു ഇലക്ട്രിക്കൽ വയറിൽ തട്ടി, പൊട്ടിത്തെറിക്കുകയും കാത്തുനിന്നവരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതായും സാക്ഷികൾ പറഞ്ഞു. 5,000 യെമൻ റിയാൽ അല്ലെങ്കിൽ ഒരാൾക്ക് ഏകദേശം 740 ഇന്ത്യൻ രൂപയായിരുന്നു സഹായമായി നൽകിയിരുന്നത്.

ധനസഹായം നടത്തിയ രണ്ട് വ്യാപാരികൾ നിലവിൽ കസ്റ്റഡിയിലാണെന്നും അന്വേഷണം നടക്കുകയായണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2015ലാണ് യെമനിലെ സർക്കാരിനെ പുറത്താക്കി ഹൂതി വിമതർ രാജ്യത്തിൻറെ നിയന്ത്രണം ഏറ്റെടുക്കുന്നത്. അതിൽ പിന്നെ ഇങ്ങോട്ട് സംഘർഷങ്ങളുടെ ഓർമകളാണ് യെമനികൾക്ക് ഓർക്കാനുള്ളത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയുടെ ഒരു വലിയ ഭാഗം നിലവിൽ വിമത സേനയുടെ അധികാരപരിധിയിലാണ്.

യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 മരണം; കൊല്ലപ്പെട്ടത് ധനസഹായം വാങ്ങാനെത്തിയവര്‍
യെമന്‍ ആഭ്യന്തര യുദ്ധം ബാധിച്ചത് പതിനായിരത്തിലേറെ കുട്ടികളെ; കണക്കുകള്‍ പുറത്തുവിട്ട് യുനിസെഫ്

പ്രസിഡന്റായിരുന്ന അബ്ദുറബ്ബ് മൻസൂർ ഹാദി വിദേശത്തേക്ക് പലായനം ചെയ്തു, സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ സഖ്യം യെമനിൽ ഭരണം പുനഃസ്ഥാപിക്കാൻ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. സംഘർഷങ്ങളിൽ 1,50,000-ത്തിലധികം ആളുകൾ മരിച്ചുവെന്നും 23 ദശലക്ഷത്തിലധികം ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനുഷിക സഹായം ആവശ്യമായി വന്നതായും റിപ്പോർട്ടുണ്ട്.

നിലവിൽ ചൈന മധ്യസ്ഥത വഹിച്ച സൗദി- ഇറാൻ ചർച്ചയിലൂടെ ഈ വിഷയത്തിന് പരിഹാരം കണ്ടേക്കുമെന്നാണ് പ്രതീക്ഷകൾ. ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വർഷങ്ങൾ നീണ്ട വൈര്യം മറന്ന് ഇറാനും സൗദിയും ഒന്നിച്ചതിന് പിന്നാലെ നിരവധി ഹൂതി തടവുകാരെ സൗദി വിട്ടയച്ചിരുന്നു. കൂടാതെ യെമനിലേക്ക് സാധനങ്ങളുമായി എത്തുന്ന കപ്പലുകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങളും സൗദി എടുത്തുമാറ്റി. സൗദിക്കും നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന ഹൂതി സംഘവുമായുള്ള അനുനയങ്ങൾ പശ്ചിമേഷ്യൻ മേഖലയെ കൂടുതൽ സമാധാനപരമാക്കുമെന്നുമാണ് വിലയിരുത്തലുകൾ.

logo
The Fourth
www.thefourthnews.in