കുടുംബമായി അവധിയാഘോഷിക്കാൻ യുഎഇലേക്ക് പോകാം; കുട്ടികൾക്ക് സൗജന്യ വിസ, എങ്ങനെ അപേക്ഷിക്കാം?
സുഹൃത്തുക്കളും കുടുംബവുമായി യുഎഇ യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ എങ്ങനെ യുഎഇ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്നു നോക്കാം. ഒരു സംഘം ആളുകൾ ഒരു മിച്ച് പോവുകയാണെങ്കിൽ കുട്ടികൾക്ക് യുഎഇ-ൽ സൗജന്യ വിസ ലഭിക്കുമെന്ന കാര്യം അധികമാർക്കും അറിയില്ല. 18 വയസിൽ താഴെയുള്ള എല്ലാവർക്കും സൗജന്യമായി വിസ നൽകുന്ന പദ്ധതി പ്രകാരമാണ് ഇത്.
എന്നാൽ കുടുംബം മാത്രമായി പോകുന്നതിനെക്കാൾ ഒന്നിലധികം കുടുംബങ്ങളുള്ള ഒരു സംഘമായി പോകുന്നതാണ് സാമ്പത്തികമായി ലാഭമുണ്ടാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്. കുടുംബമായി പോകുമ്പോൾ കുട്ടികൾക്കുള്ള സൗജന്യ വിസ ലഭിക്കില്ല, അത് സംഘമായി പോകുമ്പോൾ മാത്രമേ ലഭിക്കൂ.
സംഘമായി പോകുമ്പോൾ ഒരു രക്ഷിതാവിന്റെ കൂടെ മാത്രം സഞ്ചരിക്കുന്ന കുട്ടിക്കും സൗജന്യ വിസ ലഭിക്കും. 30 മുതൽ 60 ദിവസം വരെലഭിക്കുന്ന വിസ യാത്രാമധ്യേ നീട്ടിക്കിട്ടുകയും ചെയ്യും. ദീപാവലി അടുത്ത് നിൽക്കുന്ന ഈ സമയത്ത് നിരവധി സംഘങ്ങളാണ് ഗ്രൂപ്പ് വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നത്. ഇത് പുതിയ സംവിധാനമല്ല, രണ്ട് വർഷം മുമ്പുതന്നെ ലോകം മുഴുവനുമുള്ള യാത്രക്കാർക്ക് ഇങ്ങനെ ഒരു സൗകര്യം യുഎഇ ഒരുക്കിയിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം?
*ഓരോ കുടുംബങ്ങളും അവരുടെ പാസ്പോർട്ടുകളും ഫോട്ടോകളും ട്രാവൽ ഏജൻസിയിൽ നൽകണം
*അപേക്ഷ തുക ഏജൻസിയിൽ നൽകണം. കുട്ടികൾക്ക് വിസ സൗജന്യമാണെങ്കിലും ട്രാവൽ ഏജന്റിന്റെ സർവീസ് ചാർജ്, ഇൻഷുറൻസ് ചാര്‍ജ് ഉൾപ്പടെ ഏജന്റിനു നൽകണം.
*ഏജൻസി അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കും
*ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വിസ ലഭിക്കും.
ചെലവ്
*മുതിർന്നവരുടെ വിസഫീസും കുട്ടികളുടെ സർവീസ് ചാർജും ഓരോ ഏജൻസിക്കനുസരിച്ച് വ്യത്യാസമുണ്ടാകാം.
*30 ദിവസത്തേക്ക് രക്ഷിതാക്കൾക്ക് 350 മുതൽ 500 ദിർഹം വരെയാണ് ഫീസ്.
*ഒരു കുട്ടിയുടെ സർവീസ് ചാർജ് 80 മുതൽ 120 ദിർഹം വരെ.
*60 ദിവസത്തേക്ക് വിസ നീട്ടി വാങ്ങുകയാണെങ്കിൽ മുതിർന്നവർക്ക് 500 മുതൽ 650 ദിർഹം വരെ ചെലവ് വരും. സർവീസ് ചാർജും ഇൻഷുറൻസും 130 മുതൽ 170 ദിർഹം വരെ.
ആവശ്യമുള്ളത്
*പാസ്പോർട്ടിന്റെ കോപ്പി
*പാസ്പോർട്ട് സൈസ് ഫോട്ടോ
വിസ കാലാവധി എങ്ങനെ നീട്ടാം?
നിങ്ങൾക്ക് യാത്രയ്ക്കിടയിൽ തന്നെ ഫാമിലി വിസ നീട്ടി വാങ്ങാവുന്നതാണ്. കാലാവധി നീട്ടുമ്പോൾ കുട്ടികൾക്ക് സൗജന്യം ഉണ്ടാകില്ല. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മുഴുവൻ തുകയും അടയ്‌ക്കേണ്ടതുണ്ട്. രാജ്യത്ത് നിന്നുകൊണ്ടുതന്നെ വിസ കാലാവധി നീട്ടുമ്പോൾ മുഴുവൻ തുകയും നൽകണമെന്നാണ് നിയമം. ഇങ്ങനെ 120 ദിവസത്തേക്കുവരെ കാലാവധി നീട്ടാൻ സാധിക്കുന്നതാണ്.