ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്
ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഹമാസ് സൈനികർ കൊല്ലപ്പെട്ടുവെന്നും അതിൽ ഒരാൾ സിൻവാറാണെന്നുമാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇസ്രയേൽ.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന സിൻവാർ, ഇസ്രേയലിന്റെ ഹിറ്റ്‌ലിസ്റ്റിൽ ഒന്നാമനായിരുന്നു. വിഷയത്തിൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രയേൽ ബന്ദികൾക്കൊപ്പം ഗാസയിലെ തുരങ്കങ്ങളിൽ ഒന്നിലാണ് സിൻവാർ കഴിഞ്ഞിരുന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ആക്രമണം നടന്ന സ്ഥലത്ത് ബന്ദികൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. തെക്കൻ ഗാസൻ നഗരമായ റഫയിൽ ഇസ്രയേൽ ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഹമാസ് സൈനികരെ വധിച്ചതെന്ന് ഇസ്രയേൽ സൈനിക റേഡിയോ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ടവരിൽ ഒരാൾ സിൻവാർ ആണെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നതെന്നും ഡിഎൻഎ പരിശോധനകൾ നടക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. ഇരുപക്ഷവും റഫയിലെ കെട്ടിടത്തിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നും പിന്നീട് നടത്തിയ തിരച്ചിലിനിടെയാണ് യഹിയ സിൻവാറിനോട് സാദൃശ്യമുള്ളയാളുടെ മൃതദേഹം കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
സിൻവാറിൻ്റെ ഡിഎൻഎയും മറ്റ് ബയോമെട്രിക് വിവരങ്ങളും അദ്ദേഹം നേരത്തെ ഇസ്രേയൽ ജയിലിൽ കഴിഞ്ഞിരുന്നതിനാൽ ഐഡിഎഫിൻ്റെ കൈവശമുണ്ട്. ഡിഎൻഎ പരിശോധന കഴിഞ്ഞാലുടൻ സ്ഥിരീകരണമുണ്ടാകും. സിൻവാർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം പൂർണമായും വിശ്വസിക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
യഹ്‌യ സിൻവാർ മരിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സിൻവാർ കൊല്ലപ്പെട്ടെന്ന് സൂചന നൽകികൊണ്ട് ഇസ്രയേൽ പ്രതിരോധ മന്ത്രി യോഅവ് ഗാലൻ്റ് എക്‌സിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടിട്ടുണ്ട്. "നമ്മുടെ ശത്രുക്കൾക്ക് ഒളിക്കാൻ കഴിയില്ല. ഞങ്ങൾ അവരെ പിന്തുടരുകയും ഇല്ലാതാക്കുകയും ചെയ്യും," എന്നാണ് യോഅവ് ഗാലൻ്റ് കുറിച്ചത്. ഹമാസ് കമാൻഡറായിരുന്ന മുഹമ്മദ് ഡെയ്ഫിൻ്റെയും ഹിസ്ബുള്ള തലവൻ ഹസൻ നസ്റുള്ളയുടെയും ചിത്രങ്ങൾക്കൊപ്പം ഒരു ബ്ലാങ്ക് പോർഷനും ഉൾപ്പെടുത്തിയാണ് പോസ്റ്റ്.
മൂന്നാഴ്ചയ്ക്കു മുൻപും യഹിയ സിൻവാർ കൊല്ലപ്പെട്ടുവെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. അന്ന് ഇസ്രയേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് ആ വാർത്ത തള്ളിയിരുന്നു.
ഗാസ ആസ്ഥാനമായാണ് യഹിയ സിൻവാർ കാലങ്ങളായി പ്രവർത്തിക്കുന്നത്. 'തിന്മയുടെ മുഖ'മെന്ന് ഇസ്രയേൽ വിശേഷിപ്പിക്കുന്ന സിൻവാർ, ഇസ്മായിൽ ഹനിയയുടെ മരണത്തിനു പിന്നാലെയാണ് ഹമാസിന്റെ നേതൃസ്ഥാനത്ത് എത്തുന്നത്. അതിനുമുൻപ് 22 വർഷം ഇസ്രയേലി തടവറയിലായിരുന്നു.