ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തലിനു തയാറായാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്

ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തലിനു തയാറായാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്

വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറുമായി സംസാരിക്കുന്നതിനായി മൊസാദ് പ്രതിനിധികളെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞയച്ചു
Updated on
2 min read

ഗാസയിൽ വെടിനിർത്തലിന് തയാറാവുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇസ്രയേലിനോട് ഹമാസ്. ഇസ്രായേൽ ചാര മേധാവി നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കരാർ അവതരിപ്പിക്കുകയാണെങ്കിൽ പോരാട്ടം അവസാനിപ്പിക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതോടെയാണ് ഒരു സമവായചർച്ചയ്ക്ക് ഇസ്രായേൽ തയാറാകുന്നത്. ഹമാസ് തലവൻ കൊല്ലപ്പെട്ടതോടെ ഒരു കരാറിന് സാധ്യതയുണ്ടെന്ന് അമേരിക്കയും വിലയിരുത്തിയിരുന്നു.

ഗാസയിൽ വെടിനിർത്തൽ കരാർ കൊണ്ടുവരാൻ കെയ്റോയിൽ വച്ച് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി തങ്ങളുടെ ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഭാഗം ചർച്ചകൾ നടത്തിയതായി ഹമാസ് അറിയിക്കുന്നു. ആക്രമണം അവസാനിപ്പിക്കാൻ ഹമാസ് തയാറാണ്. എന്നാൽ ഗാസ മുനമ്പിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണം. ഗാസയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനും, മനുഷ്യാവകാശ സഹായങ്ങൾ എത്തിക്കാനും സാധിക്കണം. രണ്ടു വിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ പുറത്ത് വിട്ടയക്കണം എന്നിങ്ങനെയാണ് ഹമാസ് മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ.

ഈജിപ്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം. ഹമാസ് ബന്ദികളാക്കിയ ആളുകളെ വിട്ടുകിട്ടുന്നത്തിനായി ഒരു കരാർ ഉണ്ടാക്കാൻ ഈജിപ്തിന്റെ ഭാഗത്തുനിന്നുമുള്ള ഈ ശ്രമം സ്വാഗതാർഹമാണ് എന്നാണ് ഇസ്രയേലിന്റെ ആദ്യപ്രതികരണം.

കൈറോയിൽ വച്ച് നടന്ന ചർച്ചകൾക്കു ശേഷം വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറുമായി സംസാരിക്കുന്നതിനായി മൊസാദിന്റെ പ്രതിനിധികളെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞയച്ചു എന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം. അജണ്ടയിലുള്ള പദ്ധതികളെ മുന്നോട്ടുകൊണ്ടു പോവുക എന്നതാണ് അവർക്ക് നൽകിയിട്ടുള്ള നിർദേശം. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം ഖത്തർ കേന്ദ്രീകരിച്ചാകും നടക്കുക എന്നാണ് അമേരിക്കയും ഖത്തറും അറിയിക്കുന്നത്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ദോഹയിൽ വച്ച് ഖത്തർ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തലിനു തയാറായാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്
ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഗാസ മുനമ്പിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥത വഹിക്കുന്നവർ പുതിയ മാർഗങ്ങൾ സ്വീകരിക്കുമെന്നാണ് ആന്റണി ബ്ലിങ്കൻ അറിയിക്കുന്നത്. ഗാസയിൽ നിന്നും ഇസ്രായേൽ പിന്മാറുകയും ഹമാസ് ഇനി വീണ്ടും ശക്തിപ്രാപിക്കാതിരിക്കുകയും പലസ്തീനിലെ ജനങ്ങൾ സമാധാനപൂർണമായ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും സഹായിക്കുന്ന ഒരു കരാറിലേക്ക് എത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബ്ലിങ്കൻ പറഞ്ഞത്.

അമേരിക്കൻ-ഇസ്രയേലി നേതാക്കൾ ചർച്ചകൾക്കായി ദോഹയിലേക്കെത്തുമെന്നാണ് സൂചന. ചർച്ചകൾക്ക് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസ്സിം അൽ താനി നേതൃത്വം നൽകുമെന്നാണ് അറിയുന്നത്. ഹമാസ് തലവനായ യഹിയ സിൻവാറിനെ ആണ് ഇസ്രായേൽ ഒരു പ്രധാന തടസമായി കണ്ടിരുന്നത്. സിൻവർ ഉള്ള കാലത്തോളം ഗാസയിൽ ഹമാസ് തടവിലാക്കിയ ആളുകളെ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്താൻ സാധിക്കില്ല എന്നുറപ്പാണെന്നും ഇസ്രയേലി-യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ആകെ 97പേരെയാണ് ഹമാസ് ബന്ദികളാക്കിയതെന്നാണ് കരുതുന്നത്. അതിൽ 34പേർ ഇതിനോടകം മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നു. ബാക്കിയുള്ള ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ എന്തുകൊണ്ടാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതെന്ന വിമർശനം നേരത്തെ തന്നെ ഉണ്ട്.

വ്യാഴാഴ്ച ലണ്ടനിലെത്തിയ ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ജോർദാന്റെയും യുഎഇയുടെയും വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിലപ്പോൾ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാത്തിയെയും ബ്ലിങ്കൻ നേരിൽ കണ്ടേക്കും.

ഈ മാസം വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 770 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം. 19 ദിവസങ്ങൾകൊണ്ടാണ് ഇത്രയും ഉയർന്ന മരണനിരക്കുണ്ടായത്. കെട്ടിടാവശിഷ്ടങ്ങളിൽ പെട്ടുപോയ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാൻ പോലും സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്നലെ ജനങ്ങൾ ദുരിതാശ്വാസ കേന്ദ്രമായി കണക്കാക്കിയിരുന്ന ഒരു സ്‌കൂളിലേക്ക് നടന്ന ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടെന്ന വാർത്തയാണ് പുറത്തു വന്നത്. വടക്കൻ ഗാസയിൽ ഇനി തങ്ങൾക്ക് സേവനങ്ങൾ എത്തിക്കാൻ സാധിക്കില്ല എന്നാണ് സിവിൽ ഡിഫൻസ് പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും ബോംബ് വർഷിക്കാമെന്നും, കൊല്ലപ്പെടാമെന്നുമുള്ള ഭീഷണി ഇസ്രയേലിന്റെ ഭാഗത്തുനിന്നുമുണ്ടെന്നാണ് അവർ നൽകുന്ന വിശദീകരണം.

ഒരു വർഷമായി നടക്കുന്ന ആക്രമണങ്ങളിൽ ഒരു മാസം മുമ്പാണ് ഇസ്രായേൽ ലെബനനിലേക്ക് ശ്രദ്ധ തിരിച്ചത്. ഹമാസിന് പിന്തുണ നൽകുന്ന ഹിസ്ബുള്ളയെ ആക്രമിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. സെപ്റ്റംബർ 30ന് ലെബനൻ മേഖലയിലുള്ള ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ അതിശക്തമായ ബോംബാക്രമണം നടത്തുകയായിരുന്നു ഇസ്രായേൽ. സെപ്റ്റംബർ 23 മുതൽ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 1580 പേരെ വധിച്ചു. ഇതാണ് പുറത്ത് വന്ന കണക്കുകളെങ്കിലും യഥാർഥത്തിൽ മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലാണ്.

വ്യാഴാഴ്ച കിഴക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. അതിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. ലെബനൻ അതിർത്തി കടന്ന് അകത്തേക്ക് അതിക്രമിച്ചു കടന്ന ഇസ്രയേലി സൈനിക ട്രൂപ്പുകളെ തങ്ങൾ തിരിച്ചും ആക്രമിച്ചതായി ഹിസ്ബുള്ളയും വെളിപ്പെടുത്തി. തെക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ അഞ്ച് സൈനികർ മരിച്ചതായി ഇസ്രയേലും അറിയിച്ചു. ലെബനനിൽ നടക്കുന്ന അതിക്രമം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

logo
The Fourth
www.thefourthnews.in