ഒരു ഹിസ്‌ബുള്ള കമാൻഡർ കൂടി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരണം 500 കവിഞ്ഞു

ഒരു ഹിസ്‌ബുള്ള കമാൻഡർ കൂടി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരണം 500 കവിഞ്ഞു

പശ്ചിമേഷ്യ ഒരു യുദ്ധത്തിന്റെ വക്കിൽ നിൽക്കെയാണ് നിരന്തരമായി ഹിസ്‌ബുള്ളയുടെ പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം
Updated on
1 min read

ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെബനൻ സായുധ സംഘമായ ഹിസ്‌ബുള്ളയുടെ റോക്കറ്റ് വിഭാഗം തലവനാണ് ഇബ്രാഹിം ഖുബൈസി. ആറുപേരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.

പശ്ചിമേഷ്യ ഒരു യുദ്ധത്തിന്റെ വക്കിൽ നിൽക്കെയാണ് നിരന്തരമായി ഹിസ്‌ബുള്ളയുടെ പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം. കഴിഞ്ഞ പതിനൊന്ന് മാസങ്ങളായി ഗാസയിൽ നടത്തിപ്പോരുന്ന ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ലെബനനിൽ ആക്രമണം കടുപ്പിക്കുന്നത്. ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തിൽ ഹിസ്‌ബുള്ളയുടെ എലൈറ്റ് സൈനിക വിഭാഗമായ റെദ്വാൻ സേനയുടെ തലവൻ ഇബ്രാഹിം അഖീലിനെയും ഇസ്രയേൽ വധിച്ചിരുന്നു.

ഒരു ഹിസ്‌ബുള്ള കമാൻഡർ കൂടി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരണം 500 കവിഞ്ഞു
ലെബനന്‍ മറ്റൊരു ഗാസയാകുമോ? ഇസ്രയേലിന് താക്കീതുമായി പശ്ചിമേഷ്യൻ രാജ്യങ്ങൾ

പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ദിനംപ്രതി വഷളാകുന്ന സാഹചര്യത്തിൽ, ലെബനനും ഇസ്രയേലും സംയമനം പാലിക്കാൻ ഐക്യരാഷ്ട്രസഭ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ തുടർച്ചയായി ലെബനൻ കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങൾ ഒരു തുറന്ന യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയിലാണ് ആഗോളനേതാക്കൾ. ഇറാനും അവർ പിന്തുണയുള്ള ഹിസ്‌ബുള്ള, യെമനിലെ ഹൂതികൾ ഉൾപ്പെടെയുള്ള പ്രോക്സി സംഘടനകളും സംഘർഷത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യവും സജീവമാണ്. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബെയ്‌റൂട്ടിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് ജര്‍മനിയും യുഎസും അറിയിച്ചു.

2006ന് ശേഷം ലെബനൻ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അക്രമണപരമ്പരയായിരുന്നു തിങ്കളാഴ്ച ഉണ്ടായത്. അഞ്ഞൂറിലധികം ആളുകളെയാണ് ഒരൊറ്റ ദിവസത്തിനിടെ ഇസ്രയേൽ കൊന്നൊടുക്കിയത്. ഒക്ടോബർ ഏഴിന് പിന്നാലെ ഹമാസിനെ പിന്തുണക്കുന്ന ഹിസ്‌ബുള്ള വടക്കൻ ഇസ്രയേലിൽ അനേകം മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇസ്രയേൽ തിരിച്ചടിച്ചെങ്കിലും എഴുപത്തിനായിരത്തോളം പേർക്കാണ് അതിർത്തി മേഖലകളിൽനിന്ന് കുടിയൊഴിയേണ്ടി വന്നത്. ഇവർക്ക് സ്വന്തം വീടുകളിൽ സുരക്ഷിതരായി കഴിയാനുള്ള സാഹചര്യം ഒരുക്കുകയാണ് ലെബനൻ ആക്രമണത്തിന് പിന്നിലെന്നാണ് ഇസ്രയേലിന്റെ വാദം.

logo
The Fourth
www.thefourthnews.in