'സൈനിക യൂണിഫോം ധരിപ്പിച്ച്, കൈകൾ ബന്ധിച്ച്, ശരീരത്തില്‍ ക്യാമറ ഘടിപ്പിക്കുന്നു'; പലസ്തീന്‍ യുവാക്കളെ മനുഷ്യകവചമാക്കി ഇസ്രയേൽ
ഗാസയിലെ ഇസ്രയേലിന്റെ സൈനിക ഓപ്പറേഷനുകൾക്ക് പലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഗാസയിലെ കെട്ടിടങ്ങളിലും തുരങ്കങ്ങളിലും നിരപാധികളായ മനുഷ്യരെ മുന്നിൽനിർത്തിയാണ് ഇസ്രയേൽ സൈന്യം കടന്നുകയറുന്നത്. അന്താരാഷ്ട്ര മാനുഷിക ചട്ടങ്ങളുടെയെല്ലാം നഗ്നമായ ലംഘനമാണിത്. ഇസ്രയേലി മാധ്യമമായ 'ഹാരെറ്റ്സ്' ആണ് അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടത്.
"ബോംബ് സ്‌ക്വാഡിലെ നിരവധി നായ്ക്കൾ ചത്തതിനാൽ സ്ഫോടകവസ്തുക്കൾക്കായുള്ള തിരച്ചിലിന് പോലും പലസ്തീൻ പൗരന്മാരെ ഉപയോഗിക്കുന്നുവെന്ന് ഒരു സൈനികൻ മൊഴി നൽകിയതായും സംഘടന പറഞ്ഞു
ഗാസയിലെ ഇസ്രയേലി സൈനികർക്കിടയിൽ പലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുക എന്നത് പതിവാണെന്നും 'പ്രോട്ടോകോൾ' പോലെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സൈനിക ദുരുപയോഗം പുറത്തുകൊണ്ടുവരാനായി മുൻ ഇസ്രയേലി സൈനികർ സ്ഥാപിച്ച 'ബ്രേക്കിങ് ദ സൈലൻസ്'എന്ന സംഘടനയും ഹാരെറ്റ്സ് റിപ്പോർട്ടിനെ ശരിവയ്ക്കുന്നു. ഗാസയിൽ ഇസ്രയേൽ സ്വീകരിക്കുന്ന മനുഷ്യത്വവിരുദ്ധ സമീപനത്തെ സ്ഥിരീകരിക്കുന്ന നിരവധി മൊഴികൾ ശേഖരിച്ചിട്ടുണ്ടെന്നും സംഘടന പറയുന്നു. ഹാരെറ്റ്സ് റിപ്പോർട്ട് പ്രകാരം, ചീഫ് ഓഫ് സ്റ്റാഫ് ഓഫീസർക്കുൾപ്പെടെ ഈ രീതിയെക്കുറിച്ച് അറിവുണ്ട്.
കൂടുതലും പലസ്തീൻ യുവാക്കളെയാണ് മനുഷ്യകവചമായി ഇസ്രയേലി സൈന്യം ഉപയോഗിക്കുന്നത്. അവരെ സൈന്യത്തിന്റെ യൂണിഫോം ധരിപ്പിച്ച്, കൈകൾ പിന്നിൽകെട്ടി, ശരീരത്തിൽ ക്യാമറയും ധരിപ്പിച്ച് കെട്ടിടങ്ങളിലേക്കും തുരങ്കങ്ങളിലേക്കും കയറ്റിവിടുകയാണ് രീതി. കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലാത്ത പലസ്തീനികളെ സൈനിക ഓപ്പറേഷനുകളിൽ ഉപയോഗിക്കാൻ വേണ്ടി മാത്രമാണ് പിടിച്ചുകൊണ്ടുപോകുന്നത്. ശേഷം വിട്ടയയ്ക്കുകയും ചെയ്യുന്നു. ഒരുതവണ മനുഷ്യകവചമായാൽ കുടുംബത്തോടൊപ്പം വിട്ടയയ്ക്കാമെന്ന വാഗ്ദാനമാണ് ഇസ്രയേൽ സൈന്യം നൽകുന്നതെന്നും സ്രോതസുകളെ ഉദ്ധരിച്ച് ഹാരെറ്റ്സ് റിപ്പോർട്ട് ചെയുന്നു.
ഇസ്രയേലി ഡിഫെൻസ് ഫോഴ്‌സിന്റെ യൂണിഫോമിൽ പലസ്തീൻ സിവിലിയൻമാരെ തകർന്ന കെട്ടിടങ്ങളിലേക്ക് അയക്കുന്നതിൻ്റെ ദൃശ്യങ്ങൾ ജൂലൈയിൽ പുറത്തുവന്നിരുന്നു. ഗാസയിൽ ആക്രമണമാരംഭിച്ച ഘട്ടത്തിൽ തന്നെ മനുഷ്യകവചങ്ങളെ ഉപയോഗിക്കുന്ന പതിവ് ഇസ്രയേൽ സൈന്യത്തിനുണ്ടായിരുന്നു എന്നാണ് 'ബ്രേക്കിങ് ദ സൈലെൻസ്' ആരോപിക്കുന്നത്. വിവിധ യൂണിറ്റുകൾക്കിടയും വ്യാപകമാണ്. "ബോംബ് സ്‌ക്വാഡിലെ നിരവധി നായ്ക്കൾ ചത്തതിനാൽ സ്ഫോടകവസ്തുക്കൾക്കായുള്ള തിരച്ചിലിന് പോലും പലസ്തീൻ പൗരന്മാരെ ഉപയോഗിക്കുന്നുവെന്ന് ഒരു സൈനികൻ മൊഴി നൽകിയതായും സംഘടന പറഞ്ഞു.
മുൻപ്, പരുക്കേറ്റ പലസ്തീൻ പൗരനെ ഇസ്രയേൽ സൈന്യത്തിന്റെ വാഹനത്തിന് മുന്നിൽ മനുഷ്യകവചമായി കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിലെ സൈനിക റെയ്ഡിന് പിന്നാലെയാണ് പരുക്കേറ്റ യുവാവിനെ സൈന്യം വാഹനത്തിൽ കെട്ടിയിട്ട് കൊണ്ടുപോയത്. 2005-ൽ ഇസ്രായേൽ സുപ്രീംകോടതി മനുഷ്യരെ കവചമായി ഉപയോഗിക്കുന്ന രീതി നിരോധിച്ചിരുന്നു. അന്ന് വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം വീടുകൾ പരിശോധിക്കാൻ മനുഷ്യകവചത്തെ ഉപയോഗിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു കോടതി നടപടി.