കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ സജ്ജമെന്ന് കേന്ദ്രസർക്കാർ, മരിച്ചവരിൽ 16 മലയാളികൾ

കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ സജ്ജമെന്ന് കേന്ദ്രസർക്കാർ, മരിച്ചവരിൽ 16 മലയാളികൾ

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ചികിത്സയിലുള്ള ഇന്ത്യക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർതി വർധൻ സിങ് വ്യാഴാഴ്ച കുവൈറ്റിലേക്ക് തിരിച്ചു
Updated on
2 min read

കുവൈറ്റില്‍ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരില്‍ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞു. ഇതോടെ 49 പേർ മരിച്ച അപകടത്തില്‍ തിരിച്ചറിഞ്ഞ മലയാളികളുടെ എണ്ണം 16 ആയി. തൊഴിലാളികൾ താമസിച്ചിരുന്ന ആറുനിലക്കെട്ടിടത്തിന് ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചത്. അപകടത്തില്‍ 25 മലയാളികൾ എങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ സജ്ജമെന്ന് കേന്ദ്രസർക്കാർ. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. ചികിൽസയിയിലുള്ളവരിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അപകടം ചർച്ച ചെയ്യാനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കേരളത്തിൽ അടിയന്തിര മന്ത്രിസഭാ യോഗം

മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനും ചികിത്സയിലുള്ള ഇന്ത്യക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർതി വർധൻ സിങ് വ്യാഴാഴ്ച കുവൈറ്റിലേക്ക് തിരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കുവൈറ്റ് അധികാരികളെ നേരിട്ട് ബന്ധപ്പെട്ടിരുന്നു. അപകടം ചർച്ച ചെയ്യാനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി ഇന്ന് കേരള സർക്കാർ അടിയന്തര മന്ത്രിസഭാ യോഗം ചേരും.

മരിച്ച മലയാളികള്‍
മരിച്ച മലയാളികള്‍

തെക്കൻ കുവൈറ്റിലെ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലായിരുന്നു തീ പടർന്നുപിടിച്ചത്. തൊഴിലാളികൾ ഉറങ്ങിക്കിടന്ന സമയമായാതിരുന്നതിനാലാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പ് സ്ഥാപനത്തിലെ തൊഴിലാളികളെ പാർപ്പിക്കാൻ വാടകക്കെടുത്തതായിരുന്നു കെട്ടിടം. അനുമതിയുള്ളതിലും കൂടുതൽ തൊഴിലാളികളെ ഇവിടെ പാർപ്പിച്ചതായാണ് വിവരം. കുവൈറ്റ് ഭരണകൂടം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ കെട്ടിടത്തിന്റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു.കെട്ടിട ഉടമയുടെ അത്യാഗ്രഹം അപകടത്തിലേക്ക് നയിച്ചുവെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു.

കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ സജ്ജമെന്ന് കേന്ദ്രസർക്കാർ, മരിച്ചവരിൽ 16 മലയാളികൾ
കുവൈറ്റ് അപാർട്മെന്റ് തീപിടിത്തം: മരണം 49, 11 പേർ മലയാളികൾ; നോര്‍ക്കയില്‍ ഗ്ലോബല്‍ കോണ്ടാക്ട് സെന്ററും ഹെല്‍പ് ഡെസ്‌കും

മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരായ തൊഴിലാളികളുടെ മോശം ജോലിസാഹചര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അവർക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.

അപകടത്തിൽ മരിച്ചവരിൽ നാലുപേർ പത്തനംതിട്ട സ്വദേശികളാണ്. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ്‌ (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48),തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂർ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കൽ നൂഹ് (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

logo
The Fourth
www.thefourthnews.in