കനത്ത മഴയും മണ്ണിടിച്ചിലും: റോഡുകള്‍ തകര്‍ന്നു, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; വലഞ്ഞ് ദുബായ്

കനത്ത മഴയും മണ്ണിടിച്ചിലും: റോഡുകള്‍ തകര്‍ന്നു, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; വലഞ്ഞ് ദുബായ്

ഇന്നലെ വൈകിട്ട് മുതല്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു
Updated on
2 min read

കനത്ത മഴയിലും തുടര്‍ന്നുണ്ടായ നാശത്തിലും വലഞ്ഞ് ദുബായ്. ശക്തമായ ഇടിമിന്നലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. ഇന്നലെ വൈകിട്ട് മുതല്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നല്‍ എന്നിവ രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്നും പൊതുജനങ്ങളും അധികൃതരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ദുരന്ത നിവാരണ വിഭാഗവും അറിയിച്ചിട്ടുണ്ട്.

എമിറേറ്റ്‌സില്‍ ഇന്നലെ രാത്രി മുഴുവന്‍ പെയ്ത മഴയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റാസല്‍ഖൈമയിലെ റോഡ് തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് അല്‍ ഷുഹാദ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് റാസല്‍ഖൈമ പോലീസ് ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റ്‌സ് റോഡിലേക്കു പോകുന്ന സ്ട്രീറ്റിന്റെ ഒരു ഭാഗത്താണ് റോഡ് തകര്‍ന്നിരിക്കുന്നത്.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള 13 വിമാനങ്ങള്‍ ശനിയാഴ്ച രാവിലെ അടുത്ത വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി ഒരു ഡിഎക്‌സ്ബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പ്രതികൂല കാലവസ്ഥ എയര്‍പോര്‍ട്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് പരിപാടികള്‍ റദ്ദാക്കുകയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കുകയും ചെയ്തു.

ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ദുബായ് ആര്‍ടിഎ ട്വിറ്ററിലൂടെ അറിയിച്ചു.

ഷാര്‍ജ മലീഹ റോഡ്, ഷാര്‍ജ അല്‍ ദൈദ് റോഡ്, ഖോര്‍ ഫക്കാന്‍ റോഡ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ റോഡ് എക്‌സിറ്റ് ടണലുകളും മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അടച്ചിട്ടിരിക്കുകയാണെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. എമിറേറ്റ്‌സ് റോഡില്‍ യു ടേണിനായി ഉപയോഗിക്കുന്ന അടിപ്പാതയും അടച്ചിട്ടുണ്ട്.

ഇന്നലെ അല്‍ ഐനില്‍ തുടങ്ങിയ മഴ പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. റോഡുകളില്‍ മഴവെള്ളം നിറഞ്ഞ് പല സ്ഥലങ്ങളിലും റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. പാതകളുടെ വശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിലൂടെ നീങ്ങി റോഡില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വെള്ളപ്പൊക്കമുണ്ടായാല്‍ വാഹനങ്ങള്‍ പുറത്തെടുക്കാനായി അഞ്ച് ട്രക്കുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കല്‍ബയില്‍നിന്നുള്ള ട്രക്ക് ഡ്രൈവര്‍ ഷാഹിദ് കമാല്‍ പറഞ്ഞു. ഷാര്‍ജയില്‍ മഴയുടെ അളവില്‍ ഇപ്പോള്‍ കുറവുണ്ടെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചതായും കമാല്‍ പറഞ്ഞു.

കനത്ത മഴയും മണ്ണിടിച്ചിലും: റോഡുകള്‍ തകര്‍ന്നു, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; വലഞ്ഞ് ദുബായ്
'നിജ്ജർ കൊലപാതകം ആസൂത്രിതം'; ആക്രമണദൃശ്യം പുറത്ത്

'മുന്‍കാല അനുഭവങ്ങളില്‍, വെള്ളപ്പൊക്കത്തില്‍ നിരവധി കാറുകള്‍ കുടുങ്ങിയിട്ടുണ്ട്. ഇവയുടെ അറ്റകുറ്റ പണിക്കായി ചെലവ് അധികം വേണ്ടി വന്നിട്ടുമുണ്ട്. വാഹനങ്ങളിലെ കേടുപാടുകള്‍ തടയാന്‍വേണ്ട ശ്രമങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നും' കമാല്‍ പറയുന്നു.

logo
The Fourth
www.thefourthnews.in