ലെബനൻ ഭീകരമായ അഭയാർഥി പ്രതിസന്ധി നേരിടുന്നുവെന്ന് യുഎൻ; ആരോഗ്യ സംവിധാനങ്ങൾ തകർച്ചയുടെ വക്കിൽ
ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണങ്ങൾ ശക്തമായി തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഇസ്രയേൽ ആക്രമണങ്ങളിൽ നിരാലംബരാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്ത ആളുകളാൽ ലെബനൻ ഭീകരമായ അഭയാർഥി പ്രതിസന്ധി നേരിടുന്നുവെന്ന് യുഎൻ വ്യക്തമാക്കി. അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി ഇന്ന് ഉച്ചയോടെ ബെയ്റൂട്ടിൽ വിമാനമിറങ്ങിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം.
ലെബനനിലെ മാനുഷിക പ്രതിസന്ധി ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രയേൽ വ്യോമാക്രമണം ആരോഗ്യ പരിരക്ഷ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. 2023 ഒക്‌ടോബർ മുതൽ കുറഞ്ഞത് 77 ആരോഗ്യ പ്രവർത്തകർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനനിലെ ആരോഗ്യ പരിപാലന സംവിധാനം തകർച്ചയുടെ വക്കിലാണ്, ലോകാരോഗ്യ സംഘടന അറിയിച്ചു.
സെപ്തംബർ 23ന് ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 1,110-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ബെയ്‌റൂട്ടിൽ മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. 12 ലക്ഷം ആളുകൾ പ്രദേശത്ത് നിന്ന് പലായനം ചെയ്തതായും അധികൃതർ അറിയിച്ചു. അതേസമയം ഇറാൻ, ലെബനൻ, ഗാസ എന്നിവിടങ്ങളിൽ വൻ തോതിലുള്ള ആക്രമണത്തിന് ഇസ്രയേൽ സൈന്യം തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനൻ്റെ തെക്കൻ അതിർത്തിയിൽ ഐഡിഎഫും ഹിസ്ബുള്ളയും ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്ത പ്രദേശങ്ങളിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയിട്ടുണ്ട്.
ഹസൻ നസ്റുല്ലയുടെ മരണശേഷം ഹിസ്ബുല്ലയുടെ അടുത്ത നേതാവായി പരക്കെ കരുതപ്പെട്ടിരുന്ന ഹാഷിം സഫീദ്ദീനുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് ലെബനൻ സുരക്ഷാ വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു. ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ തലവനും നസ്‌റല്ലയുടെ ബന്ധുവുമായിരുന്നു ഹാഷിം സഫീദ്ദീൻ. ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസിൻ്റെ രണ്ട് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടിട്ടുണ്ട്.
വിവിധ രാജ്യങ്ങൾ ബെയ്‌റൂട്ടിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനായി നടപടികൾ സ്വീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ബെൽജിയം വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് എത്രയും വേഗം പോകാൻ നിർദ്ദേശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയ പൗരന്മാരെ ഒഴിപ്പിച്ച് തുടങ്ങി. രാജ്യത്തുള്ള 3,000 പൗരന്മാരെ തിരിച്ചയക്കണമെന്ന് ബ്രസീൽ അറിയിച്ചു. 200 ലധികം ചൈനീസ് പൗരന്മാരെ ലെബനനിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതായി ബെയ്ജിങ് അറിയിച്ചു. ഗ്രീസ്, ഡെൻമാർക്ക്, ജർമനി തുടങ്ങിയ രാജ്യങ്ങളും നടപടികളുമായി മുന്നോട്ട് പോവുകയാണ്.