ലെബനൻ സ്ഫോടനപരമ്പര: ഹിസ്ബുള്ളയുടെ പേജർ സംവിധാനം തകർത്തതെങ്ങനെ?

ലെബനൻ സ്ഫോടനപരമ്പര: ഹിസ്ബുള്ളയുടെ പേജർ സംവിധാനം തകർത്തതെങ്ങനെ?

ആക്രമണത്തിൽ 11 പേർ മരിക്കുകയും 3000ലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു
Updated on
2 min read

​ഇസ്രയേല്‍ ഹിസ്ബുള്ളയെ ആക്രമിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കന്‍ ബെക്കാ താഴ്വരയിലും നടന്ന സ്‌ഫോടനങ്ങള്‍ ലോകത്തെയും ഹിസ്ബുല്ലയെയും ഞെട്ടിച്ചിരിക്കുകയാണ്. 11 പേര്‍ മരിക്കുകയും മൂവായിരത്തിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഈ സംഭവത്തിന് പിന്നില്‍ ഇസ്രയേലിന്റെ കൈകളാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച് ഒരു മണിക്കൂറോളം നീണ്ടു സ്‌ഫോടനങ്ങളില്‍ നൂറുകണക്കിനു പേജറുകള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയുടെ അംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്താനുപയോഗിച്ചിരുന്ന പേജറുകളില്‍ അവരറിയാതെ സ്‌ഫോടകവസ്തുക്കള്‍ വച്ച് നടത്തിയ ആക്രമണമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയതെന്നാണ് വിലയിരുത്തലുകള്‍.

പേജറുകളിൽ സ്‌ഫോടകവസ്‌തു നിറച്ചതെങ്ങനെ?

എങ്ങനെയാണ് ഹിസ്ബുള്ളയറിയാതെ അവര്‍ ഉപയോഗിക്കുന്ന പേജറുകളിൽ സ്‌ഫോടകവസ്‌തു നിറച്ചു? എങ്ങനെ കൃത്യസമയത്ത് അത് പൊട്ടിത്തെറിച്ചു എന്നീ ചോദ്യങ്ങൾ ആകാംക്ഷയുണ്ടാക്കുന്നതാണ്.

1996 ജനുവരി 5ന് സമാനമായ രീതിയിൽ ഇസ്രയേൽ ഹമാസിന് വേണ്ടി സ്ഫോടകവസ്തുക്കൾ തയ്യാറാക്കി നൽകിയിരുന്ന യഹിയ അയ്യാഷിനെ കൊലചെയ്തിരുന്നു. നൂറോളം ഇസ്രേലികൾ കൊല്ലപ്പെടാൻ കാരണക്കാരാനെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് അയ്യാഷ്. അയ്യാഷിന് തന്റെ അച്ഛന്റെ ഫോൺ കോൾ വരികയാണ്. സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് മരിക്കുന്നു. ഇസ്രയേലി സെക്യൂരിറ്റി ഏജൻസികൾ അയ്യാഷ്പോലുമറിയാതെ ഫോണിൽ സ്ഫോടകവസ്തുക്കൾ വയ്ക്കുകയായിരുന്നു.

സമാനമായ രീതിയിലാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ലെബനനിലെയും സിറിയയിലെ ചില ഭാഗങ്ങളിലെയും നൂറുകണക്കിന് പേജറുകൾ പൊട്ടിത്തെറിച്ചത്. ഇസ്രായേൽ സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും സമാനമായ രീതിയിൽ നിരവധി ആക്രമണങ്ങൾ നടത്തിയതിന്റെ ചരിത്രമുള്ളതുകൊണ്ടുതന്നെ സംശയത്തിന്റെ നിഴലിൽ ഇസ്രയേലിനു മുകളിൽ തന്നെയാണ്.

സ്‌ഫോടനത്തിൽ മരണപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്ത മിക്കവാറും ആളുകൾ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ടവരാണ്. കടകളിൽ നിൽക്കുമ്പോഴും ബൈക്കിൽ സഞ്ചരിക്കുമ്പോഴും വീട്ടിലോ ബാർബർഷോപ്പിലോ നിൽക്കുമ്പോഴുമാണ് ഇവരുടെ പേജറുകൾ പൊട്ടിത്തെറിച്ചത്. ലെബനൻ ആരോഗ്യ വകുപ്പ് മന്ത്രി നൽകുന്ന വിവരങ്ങൾ അനുസരിച്ച് ആളുകളുടെ മുഖത്തും കൈകളിലും വയറിലുമാണ് ഏറ്റവുമധികം പരുക്കുപറ്റിയിട്ടിട്ടുള്ളത്.

ലെബനൻ സ്ഫോടനപരമ്പര: ഹിസ്ബുള്ളയുടെ പേജർ സംവിധാനം തകർത്തതെങ്ങനെ?
നെതന്യാഹുവിന്റെ അധികാരമോഹത്തിന് ഇരയാകുന്ന പശ്ചിമേഷ്യ; വഴിയൊരുങ്ങുന്നത് ലെബനൻ-ഇസ്രയേൽ യുദ്ധത്തിന് ?

എങ്ങനെയാണ് ആക്രമണം നടത്തിയത്?

മൊബൈൽ ഫോണുകൾ ഇസ്രായേൽ ഹാക്ക് ചെയ്യാൻ സാധ്യതയുള്ളതിനാൽ, ഇത്തരമൊരു ആക്രമണം ഭയന്നാണ് ഹിസ്ബുള്ള ആശയവിനിമയത്തിനായി പേജറുകൾ തിരഞ്ഞെടുത്തത്. എന്നാൽ ഈ അക്രമം സൂചിപ്പിക്കുന്നത് ഹിസ്ബുള്ള പ്രവർത്തകർ ഉപയോഗിച്ച ആയിരക്കണക്കിന് പേജറുകളിലേക്ക് സ്‌ഫോടക വസ്തുക്കൾ വയ്ക്കാനും ഡിവൈസ് ഹാക്ക് ചെയ്ത് ബാറ്ററി അധികമായി ചൂടാക്കി സ്ഫോടനം സാധ്യമായത് ഈ പേജറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറിയതിലൂടെയാണ്.

യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുരക്ഷാ വിദഗ്ധൻ ദിമിത്രി അൽപ്പറോവിച്ച് പറയുന്നതനുസരിച്ച് ചരിത്രത്തിൽ ഏറ്റവും വലിയ സപ്ലൈ ചെയിൻ ആക്രമണങ്ങളിൽ ഒന്നാകും ഇന്നലെ ലെബനണിൽ നടന്നത്.

ഒക്ടോബർ ഏഴിന് ഗാസയിൽ ഇസ്രായേൽ അക്രമം ആരംഭിച്ച സമയത്താണ് തങ്ങളുടെ അംഗങ്ങളോട് ഹിസ്ബുള്ള, അക്രമണസാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്നും പകരം ആശയവിനിമയത്തിനായി പേജറുകൾ ഉപയോഗിക്കാമെന്നും നിർദേശിക്കുന്നതെന്നാണ് ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുള്ള പുതുതായി വാങ്ങിയ പേജറുകളിൽ ഇസ്രയേൽ സ്ഫോടകവസ്തുക്കൾ വച്ചതായാണ് ഇപ്പോൾ സംശയിക്കുന്നത്. ഒരു ടെക്സ്റ്റ് മെസ്സേജിലൂടെ സ്‌ഫോടകവസ്‌തു ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു. ഹിസ്ബുള്ള പ്രവർത്തകർ തന്നെ പറയുന്നതനുസരിച്ച് സ്ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പായി പേജറുകളിൽനിന്ന് ബീപ്പ് ശബ്ദം ഉണ്ടായിരുന്നു.

ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധം

ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നീക്കം ശക്തിപ്പെടുത്തുമെന്ന ഇസ്രയേലി നേതാക്കളുടെ പ്രതികരണത്തിന്റെ തുടർച്ചയിലാണ് ഇന്നലെ ആക്രമണം നടക്കുന്നത്. ഇത് ഇസ്രയേലിന്റെ ക്രിമിനൽ അക്രമണമാണെന്നാണ് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കത്തി പറഞ്ഞത്. ലെബനന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണ് ഈ നീക്കമെന്നും മിക്കത്തി പറഞ്ഞു. മുൻ ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥനെ വധിക്കാൻ ഹിസ്ബുള്ള ശ്രമിച്ചതിലുള്ള പ്രതികാരനടപടിയായാണ് ഇപ്പോൾ നടന്ന ആക്രമണം എന്നാണ് ഹിസ്ബുള്ള വിലയിരുത്തുന്നത്.

ആക്രമണത്തിൻ്റെ സ്വഭാവത്തിൽനിന്നും മൊസാദിന്റെ ആസൂത്രണമാണിതെന്ന നിഗമനത്തിലേക്കെത്താമെന്നും എന്നാൽ ഈ അക്രമണം നിലവിലെ സ്ഥിതിയിൽ മാറ്റമൊന്നും വരുത്തില്ലെന്നും വിദഗ്ധർ പറയുന്നു. ഹിസ്ബുള്ളയെ തങ്ങളുടെ അതിർത്തിയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഭീഷണിയായാണ് ഇസ്രയേൽ കണക്കാക്കുന്നത്. ഇവർക്കിടയിൽ നിരവധിതവണ യുദ്ധങ്ങളുണ്ടായിട്ടുമുണ്ട്. അവസാനം യുദ്ധമുണ്ടായത് 2006ൽ.

logo
The Fourth
www.thefourthnews.in