സംഘര്‍ഷത്തിന് അയവില്ലാതെ പശ്ചിമേഷ്യ; ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി കത്യുഷ റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹിസ്ബുള്ള

സംഘര്‍ഷത്തിന് അയവില്ലാതെ പശ്ചിമേഷ്യ; ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി കത്യുഷ റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹിസ്ബുള്ള

ഹിസ്ബുള്ള ഇസ്രയേലിനുള്ളില്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇനി സൈനിക ലക്ഷ്യങ്ങളില്‍ ഒതുങ്ങില്ലെന്നും ഇറാന്‍ പറഞ്ഞു
Updated on
2 min read

ടെഹ്റാനില്‍ ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയേയും ബെയ്റൂട്ടിലെ ലെബനീസ് തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പ്രധാന കമാന്‍ഡറും കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും സംഘര്‍ഷഭൂമിയായി പശ്ചിമേഷ്യ. ലബനനിലെ ക്ഫാര്‍ കേലയിലും ദേര്‍ സിരിയാനിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഹിസ്ബുള്ള ഇസ്രയേലിലേക്ക് ഡസന്‍ കണക്കിന് കത്യുഷ റോക്കറ്റുകള്‍ വിക്ഷേപിച്ചതാണ് ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയത്. ഹിസ്ബുള്ള ഇസ്രയേലിനുള്ളില്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇനി സൈനിക ലക്ഷ്യങ്ങളില്‍ ഒതുങ്ങില്ലെന്നും ഇറാന്‍ പറഞ്ഞു. 'പ്രതികാര പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തവും കൂടുതല്‍ വ്യാപിക്കുന്നതും തടയാന്‍ അസാധ്യവുമാണെന്ന്' ഇറാന്റെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.

ഇറാന്റെ ഭീഷണി നിലനില്‍ക്കെ ഇസ്രയേലിന്റെ പ്രതിരോധം ശക്തമാക്കാന്‍ സഹായവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ഇറാന്റെയും അവര്‍ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളുടെയും ആക്രമണങ്ങളില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിച്ച് നിര്‍ത്താന്‍ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഇസ്മായില്‍ ഹനിയയെ തങ്ങളുടെ രാജ്യത്തുവച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇസ്രയേലിനെതിരെ ഇറാന്‍ രംഗത്തുവന്നത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടയില്‍, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇറാന്റെയും ഇറാന്റെ പിന്തുണയുള്ള മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെയും ഭീഷണികളെക്കുറിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി ചര്‍ച്ചയും നടത്തി. ഇസ്രയേലിനെ പ്രതിരോധിക്കാന്‍ അമേരിക്ക കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കൂടുതല്‍ സംഘര്‍ഷം ആവശ്യമില്ലെന്നും വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതും എല്ലാ കക്ഷികള്‍ക്കും പ്രയോജനം ചെയ്യുമെന്നും ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

സംഘര്‍ഷത്തിന് അയവില്ലാതെ പശ്ചിമേഷ്യ; ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി കത്യുഷ റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹിസ്ബുള്ള
പശ്ചിമേഷ്യ പുകയുന്നു; പൗരന്മാരോട് ലഭ്യമായ ടിക്കറ്റിൽ ലെബനൻ വിടാൻ അമേരിക്ക, ഇസ്രയേലിലേക്ക് മിസൈൽ തൊടുത്ത് ഹിസ്‌ബുള്ള

ഇറാന്‍ വിന്യസിച്ചിരിക്കുന്ന 'ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്' ഹനിയയുടെ കൊലപാതകത്തോട് പ്രതികരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, വര്‍ധിച്ചുവരുന്ന സാഹചര്യത്തിന് മറുപടിയായി, കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള പദ്ധതികളും അമേരിക്ക പ്രഖ്യാപിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥരെയും ജൂതരാഷ്ട്രത്തെയും സംരക്ഷിക്കുന്നതിനുമായി പശ്ചിമേഷ്യയില്‍ തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്ന് ഇസ്രയേലിന്റെ സഖ്യകക്ഷിയായ യുഎസ് പറഞ്ഞു. യുഎസ് എബ്രഹാം ലിങ്കണിന്റെ നേതൃത്വത്തില്‍ ഒരു വിമാനവാഹിനിക്കപ്പല്‍ സ്ട്രൈക്ക് ഗ്രൂപ്പും അധിക ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധശേഷിയുള്ള ക്രൂയിസറുകളും ഡിസ്‌ട്രോയറുകളും ഒരു പുതിയ ഫൈറ്റര്‍ സ്‌ക്വാഡ്രണും വിന്യസിക്കുമെന്ന് വാഷിങ്ടണ്‍ പറഞ്ഞു.

അതേസമയം, ഹിസ്ബുള്ള വിക്ഷേപിച്ച മിക്ക റോക്കറ്റുകളും തങ്ങളുടെ ഡ്രൊണ്‍ സിസ്റ്റം തടഞ്ഞതായി ഇസ്രയേല്‍ പറഞ്ഞു. ബെയ്റ്റ് ഹില്ലലിന് സമീപം നിരവധി ആക്രമണങ്ങള്‍ തിരിച്ചറിഞ്ഞതായി ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് തീപിടിത്തമുണ്ടായതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ 31 ന് ടെഹ്റാനില്‍ പുതിയ ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയത്. ഖത്തറില്‍ താമസിച്ചിരുന്ന 62-കാരന്‍ 2007 മുതല്‍ ഗാസ മുനമ്പ് ഭരിക്കുന്ന ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായിരുന്നു. 'ഹ്രസ്വ ദൂര പ്രൊജക്‌റ്റൈല്‍' ഉപയോഗിച്ചാണ് ടെഹ്റാനില്‍ വെച്ച് ഹനിയയെ കൊലപ്പെടുത്തിയതെന്ന് ശനിയാഴ്ച ഇറാന്‍ പറഞ്ഞു. ഹനിയയെ കൊല്ലുന്നതിന് മുമ്പ്, ജൂലൈ 30 ന് ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ ഫുആദ് ഷുക്കര്‍ കൊല്ലപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in