സഹാനുഭൂതിയുടെ റമദാൻ മാതൃക; യുഎഇയിൽ അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണത്തിൽ വൻവര്‍ധന
ഇസ്ലാം മതവിശ്വാസികള്‍ വിശുദ്ധമാസമായി ആചരിക്കുന്ന റമദാനില്‍ സക്കാത്ത് ഏറെ പ്രധാനമാണ്. തങ്ങളുടെ പക്കലുള്ള സമ്പത്തിന്റെ ഒരു പങ്ക് അര്‍ഹരായവര്‍ക്ക് നീക്കിവയ്ക്കുന്നതാണ് ഈ രീതി. പരമ്പരാഗത രീതികള്‍ക്കപ്പുറം സക്കാത്ത് എന്ന സമ്പ്രദായത്തെ വിശാല അര്‍ഥത്തില്‍ നോക്കികാണുകയാണ് ഗള്‍ഫ് രാജ്യമായ യുഎഇ. രാജ്യത്ത് അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ വന്ന വര്‍ധനയാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം.
അവയവദാനം സംബന്ധിച്ച് മുസ്ലിം മതവിശ്വാസികള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് ഇസ്ലാമിക ഭരണമുള്ള യുഎഇയില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ അവയവദാനം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. അവയവദാനമെന്നത് ജീവന്‍രക്ഷാ മാര്‍ഗമെന്ന നിലയില്‍ മാത്രം ഉയര്‍ത്തിക്കാട്ടാതെ സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും മാതൃകയാക്കി മാറ്റുകയാണ് യുഎഇ.
റമദാന്‍ മാസത്തില്‍ അവയവദാന സമ്മതം അറിയിച്ച് രംഗത്തെത്തിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ - വൈദ്യശാസ്ത്ര മേഖലയിലെ പ്രമുഖ പ്രസിദ്ധീകരണമായ പബ് മെഡിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
'ഹയാത്ത്' എന്ന പദ്ധതി പ്രകാരമാണ് യുഎഇയില്‍ അവയവ ദാനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 18 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ യുഎഇ നിവാസികള്‍ക്കും മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിക്കാന്‍ 'ഹയാത്ത്' പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അവയവദാനത്തിന്റെ നടപടിക്രമങ്ങള്‍. ഇതിനായി യുഎഇ ആരോഗ്യമന്ത്രാലയം പ്രത്യേക പോര്‍ട്ടലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള പ്രായപരിധിയില്‍പ്പെടുന്നവര്‍ക്കും എമിറേറ്റ്‌സ് ഐഡിയുള്ളവര്‍ക്കും അവയവദാനത്തിനായി യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യാം. ജീവിച്ചിരിക്കുന്നവർക്ക് വൃക്ക, കരള്‍ എന്നിവ ദാനം ചെയ്യാനാകും.
മസ്തിഷ്‌കമരണം സംഭവിക്കുന്ന സാഹചര്യത്തില്‍ ഹൃദയം, കരള്‍, വൃക്ക, ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവ ദാനം ചെയ്യാം. കുടുംബത്തിന്റെ അനുമതിയോടെയായിരിക്കും നടപടിക്രമങ്ങള്‍. മൂന്ന് വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന പാനല്‍ മരണം സ്ഥിരീകരിച്ചശേഷം മാത്രമായിരിക്കും അവയദാനം സാധ്യമാകുക.
യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 52 പേര്‍ അവയവദാന പദ്ധതി പ്രകാരം അവയവം ദാനം ചെയ്യുകയോ സ്വീകരിക്കുയോ ചെയ്തിട്ടുണ്ട്. ഫെബ്രുവരി മുതലുള്ള കണക്കുകള്‍ അനുസരിച്ച് 25,300 പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. ഏകദേശം നാലായിരത്തോളം പേരാണ് അവയവദാതാക്കളെ കാത്തിരിക്കുന്നത്. 2023 ലെ 111 എണ്ണം ഉള്‍പ്പെടെ 460 അവയവമാറ്റ ശസ്ത്രക്രിയകള്‍ ഇതുവരെ രാജ്യത്ത് നടന്നിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ 47.5 ശതമാനം വളര്‍ച്ചയാണ് അവയവമാറ്റ ശസ്ത്രക്രിയകളിലുണ്ടായത്.
അതേസമയം, പണം വാങ്ങിയുള്ള അവയവകൈമാറ്റം യുഎഇയില്‍ കുറ്റകരമാണ്. അവയവദാതാക്കള്‍ക്ക് നഷ്ടപരിഹാരത്തിനും അര്‍ഹതയില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നിയമം അനുശാസിക്കുന്നു. നിയമവിരുദ്ധവും അനുമതിയില്ലാത്ത സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് അവയവമാറ്റ നടപടികള്‍ക്ക് മുതിരരുതെന്നാണ് യുഎഇ സര്‍ക്കാരിന്റെ മുന്നറിയിപ്പ്.