ഇസ്രയേലിലേക്ക് ഇറാഖിൽനിന്ന് ഡ്രോണ്‍ ആക്രമണം, രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു; യെമന്‍ നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി യുഎസ്
ഇറാഖില്‍നിന്നുള്ള സായുധസംഘം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്). വടക്കാന്‍ ഗോലാന്‍ കുന്നുകളിലെ സൈനിക താവളത്തിനുനേരെയാണ് ആക്രമണമുണ്ടായത്.
ഇറാഖില്‍നിന്നുള്ള സായുധസംഘം സ്‌ഫോടക വസ്തുക്കള്‍ നിറഞ്ഞ രണ്ട് ഡ്രോണുകള്‍ വിക്ഷേപിച്ചു. ഇതിലൊന്ന് വ്യോമപ്രതിരോധസേന വെടിവെച്ചു വീഴ്ത്തി. കുറച്ച് മിനിറ്റുകള്‍ക്കുശേഷം രണ്ടാമത്തേത് വടക്കാന്‍ ഗോലാന്‍ കുന്നുകളിലെ സൈനിക താവളത്തില്‍ പതിക്കുകയായിരുന്നുവെന്നു ഐഡിഎഫ് അറിയിച്ചു. ഇറാന്റെ പിന്തുണയുള്ളവരാണ് ഈ സായുധസംഘമെന്നാണ് ഐഡിഎഫ് ആരോപിക്കുന്നത്.
ആദ്യത്തെ ഡ്രോൺ ഇസ്രയേലി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ നിരവധി ഗോലാന്‍ കമ്മ്യൂണിറ്റികളില്‍ സൈറന്‍ മുഴങ്ങി. എന്നാല്‍ രണ്ടാമത്തെ ഡ്രോണിനെ യഥാസമയം കണ്ടെത്തുന്നതില്‍ പരാജയം സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ അലെര്‍ട്ടുകള്‍ ആക്ടിവേറ്റായില്ല. ഇതുമൂലം സൈനികതാവളത്തിലെ സൈനികര്‍ക്ക് അഭയം തേടാനും സാധിച്ചില്ല. എന്തുകൊണ്ട് സൈറണുകള്‍ മുഴങ്ങിയില്ലെന്നതില്‍ ഇസ്രയേല്‍ പ്രതിരോധസേന അന്വേഷണം തുടരുകയാണ്.
ഇറാഖിലെ ഇസ്ലാമിക് റസിസ്റ്റന്‍സ് ആക്രമണത്തിന്‌റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വടക്കന്‍ ഇസ്രയേലിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി അവര്‍ അവകാശപ്പെട്ടു. അതേസമയം, വെള്ളിയാഴ്ച രാത്രി ബെയ്റ്റ് ഷിയാന്‍ താഴ്‍വരയില്‍ ഇസ്രയേലി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഡ്രോണ്‍ ഇസ്രയേല്‍ സേന വെടിവച്ചിട്ടതായി ഐഡിഎഫ് അറിയിച്ചു.
ഐഡിഎഫ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് ലെബനനില്‍നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് 180 റോക്കറ്റുകള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഇസ്രയേല്‍ ബോംബാക്രമണത്തെത്തുടര്‍ന്ന് ബെയ്‌റൂട്ടിന്‌റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ഒരാശുപത്രി ഉള്‍പ്പെടെ ലെബനനിലെ മൂന്ന് ആശുപത്രികള്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആക്രമണത്തില്‍ പാരാമെഡിക്കുകള്‍ കൊല്ലപ്പെട്ടതായി മല്‍ജയൂണിന്‌റെ ആശുപത്രി ഡയറക്ടര്‍ സ്ഥിരീകരിച്ചു. ഇത് ജീവനക്കാരുടെ കുറവ് കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.
അതേസയമം, യെമന്‍ നഗരങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതായി ഹൂതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാനമായ സനയും തുറമുഖ നഗരമായ ഹൊദൈദയും ഉള്‍പ്പെടെ യെമനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഗനരങ്ങളെയാണ് അമേരിക്ക ലക്ഷ്യമിട്ടതെന്ന് ഹൂതികള്‍ നടത്തുന്ന അല്‍ മസീറ ടെലിവിഷന്‍ ശൃംഖലയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആക്രമണത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായോയെന്ന് വ്യക്തമല്ല. യെമനനു മുകളിലൂടെ പറക്കുന്ന യുഎസ് സൈനിക ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍ പിന്തുണയുള്ള സംഘം അവകാശപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ന് യെമനിലെ പല ഭാഗങ്ങളിലും ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയത്.