ഇനി മൂന്ന് മാസമില്ല; സന്ദർശക വിസയുടെ കാലാവധി വെട്ടിച്ചുരുക്കി യുഎഇ
സന്ദർശക വിസാ കാലാവധി വെട്ടിച്ചുരുക്കി യുഎഇ. മൂന്ന് മാസത്തേയ്ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്ന രീതിയാണ് യുഎഇ നിർത്തലാക്കിയത്. ഫെഡറല്‍ അതോറിറ്റി ഫോർ ഐഡെന്റിറ്റി, സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ പോർട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റർ എക്സിക്യൂട്ടീവിനെ ഉദ്ധരിച്ചുകൊണ്ട് യുഎഇ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇനിമുതല്‍ 30 അല്ലെങ്കില്‍ 60 ദിവസത്തെ വിസയില്‍ മാത്രമായിരിക്കും സന്ദർശകർക്ക് യുഎയിലേക്ക് എത്താനാകുക. മൂന്ന് മാസത്തെ സന്ദർശന വിസയ്ക്ക് അപേക്ഷിക്കാനുള്ള ഓപ്ഷന്‍ പോർട്ടലില്‍ ലഭ്യമല്ലെന്നും ട്രാവല്‍ ഏജന്റുമാർ അറിയിക്കുന്നു. കോവിഡ് സമയത്തായിരുന്നു ഇതിന് മുന്‍പ് മൂന്ന് മാസത്തെ വിസ യുഎഇ റദ്ദാക്കിയിരുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ സംവിധാനം വീണ്ടും നിലവില്‍ വന്നിരുന്നു.
ദുബായില്‍, താമസക്കാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് (ഫസ്റ്റ് ഡിഗ്രി) 90 ദിവസത്തെ വിസ അനുവദിക്കുന്നുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. ശൈത്യകാലം വരാനിരിക്കെ വിസ ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നതിനിടെയാണ് റദ്ദാക്കല്‍. ഇത് താല്‍ക്കാലിക നടപടിയാകാനുള്ള സാധ്യതയുണ്ടെന്നും ട്രാവല്‍ ഏജന്റുമാരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സന്ദർശകർക്ക് യുഎഇയില്‍ താമസിക്കുന്നതിനായി മറ്റ് വിസകള്‍ ലഭ്യമാണ്.
തൊഴില്‍ വിസ
രാജ്യത്ത് തൊഴില്‍ അന്വേഷിച്ച് എത്തുന്നവർക്കായി നിരവധി വിസ അവസരങ്ങളാണ് യുഎഇ വാഗ്ദാനം ചെയ്യുന്നത്. 60, 90, 120 ദിവസങ്ങളിയാണ് തൊഴിലന്വേഷകർക്കായുള്ള ഒറ്റത്തവണ സന്ദർശന വിസകള്‍.
60 ദിവസത്തെ തൊഴില്‍ വിസയ്ക്കായി 200 ദിർഹമാണ് ഫീസ്. 90 ദിവസത്തിന് 300 ദിർഹവും 120 ദിവസത്തിന് 400 ദിർഹവും ഫീസ് നല്‍കണം. ഇതിന് പുറമെ സാമ്പത്തിക ഉറപ്പിനായി ആയിരം ദിർഹത്തിന്റെ സുരക്ഷാ നിക്ഷേപവും ആവശ്യമാണ്. ജിഡിആർഎഫ്എ, ഐസിപി തുടങ്ങിയ വെബ്സൈറ്റുകള്‍ വഴി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
അഞ്ച് വർഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ
സെല്‍ഫ് സ്പോണ്‍സർഷിപ്പിലൂടെ ഒന്നിലധികം തവണ യുഎഇ സന്ദർശിക്കാന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയിലൂടെ സാധിക്കും. ഓരോ തവണയും 90 ദിവസമായിരിക്കും വിസയുടെ കാലാവധി. വിസ ലഭിച്ചവർക്ക് രാജ്യം വിടാതെ തന്നെ കാലാവധി 90 ദിവസം കൂടി നീട്ടുന്നതിനും അവസരമുണ്ട്.