പശ്ചിമേഷ്യയിലേക്ക് യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും നീക്കം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക; നടപടി ഇറാന്റെ ഭീഷണി നിലനില്‍ക്കെ

പശ്ചിമേഷ്യയിലേക്ക് യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും നീക്കം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക; നടപടി ഇറാന്റെ ഭീഷണി നിലനില്‍ക്കെ

ഗൈഡഡ് മിസൈൽ അന്തർവാഹിനി ഉൾപ്പെടെയുള്ളവയുടെ വിന്യാസമാണ് അമേരിക്ക നടത്തുക
Updated on
1 min read

പശ്ചിമേഷ്യയിലേക്കുള്ള യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും വിന്യാസം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക. ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് എബ്രഹാം ലിങ്കൺ സ്‌ട്രൈക്ക് ഗ്രൂപ്പിനോട് ഈ മേഖലയിലേക്കുള്ള വിന്യാസം ത്വരിതപ്പെടുത്താൻ ആവശ്യപ്പെട്ടത്.

ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി സംസാരിച്ച ശേഷമാണ് ലോയ്ഡ് ഓസ്റ്റിന്റെ ഉത്തരവ്. ഗൈഡഡ് മിസൈൽ അന്തർവാഹിനി ഉൾപ്പെടെയുള്ളവയുടെ വിന്യാസമാണ് അമേരിക്ക നടത്തുക. ഇസ്രയേൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നേരത്തെ തന്നെ പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു.

ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയയെ ഇറാനിൽവച്ച് ഇസ്രയേൽ കൊലപ്പെടുത്തിയതാണ് പശ്ചിമേഷ്യയെ വീണ്ടും സംഘർഷ സാധ്യതയിലേക്ക് തള്ളിവിട്ടത്. കൊലപാതകത്തിന് ഉത്തരവാദി ഇസ്രയേലാണെന്ന് ആരോപിച്ച ഇറാൻ ഹനിയയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു. കൂടാതെ, ഹിസ്‌ബുള്ള നേതാവ് ഫുവാദ് ശുക്കറിനെയും ഇസ്രയേൽ വധിച്ചിരുന്നു. ഇത് ഹിസ്‌ബുള്ളയെയും ചൊടിപ്പിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലേക്ക് യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും നീക്കം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക; നടപടി ഇറാന്റെ ഭീഷണി നിലനില്‍ക്കെ
ഇസ്രയേൽ ആക്രമണം: പത്തുമാസത്തിനുള്ളിൽ ഗാസയിൽ മരിച്ചത് 1.8 ശതമാനം ജനത; ഇരകളിൽ 75 ശതമാനവും 30 വയസിൽ താഴെയുള്ളവർ

അതേസമയം, ഗാസയിൽ വെടിനിർത്തൽ ഏർപ്പെടുത്താനുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവരുടെ മധ്യസ്ഥയിൽ വെള്ളിയാഴ്ച ചർച്ചകളും വിളിച്ചിട്ടുണ്ട്. കൂടുതൽ യോഗങ്ങളിലേക്ക് പോകുന്നതിന് പകരം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തൽ ഉപാധികൾ നടപ്പാക്കുകയാണ് വേണ്ടത് എന്നതാണ് ഹമാസിന്റെ പക്ഷം. ചർച്ചാ പ്രക്രിയയിലുടനീളം തങ്ങൾ അനുകൂല സമീപനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇസ്രയേലിനാണ് താത്പര്യമില്ലാത്തതെന്നും അവർ ആരോപിച്ചു.

ഗാസയിൽനിന്ന് ഹമാസിനെ നശിപ്പിക്കാനെന്ന പേരിൽ വലിയ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേൽ സൈന്യം നടത്തുന്നത്. ഗാസ സിറ്റിയിലെ അൽ താബിൻ സ്കൂളിന് നേരെ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഗാസ ജനസംഖ്യയുടെ ഏകദേശം 1.8 ശതമാനം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 75 ശതമാനവും 30 വയസിൽ താഴെയുള്ളവരാണ്.

logo
The Fourth
www.thefourthnews.in