നസ്‌റുള്ളയുടെ മരണം സൃഷ്ടിച്ച ശൂന്യതയിൽ ഹിസ്ബുള്ള; നേതൃത്വത്തിലേക്ക് ഇനിയാര്?
ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് സംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് ആരെത്തുമെന്ന ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 1992 മുതൽ ഹിസ്ബുള്ളയുടെ നേതൃസ്ഥാനം വഹിച്ചയാളാണ് ഹസൻ നസറുള്ള. അതിനാൽ തന്നെ നസറുള്ളയുടെ കൊലപാതകം സംഘത്തിന്റെ നേതൃസ്ഥാനത്ത് സൃഷ്ടിക്കാൻ പോകുന്ന ശൂന്യത വളരെ വലുതാണ്. ഇസ്രയേൽ ആക്രമണങ്ങൾ വളരെ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആരാവും ഹിസ്ബുള്ളയെ നയിക്കാനായി രംഗത്തെത്തുക?
മാസങ്ങളായി തുടരുന്ന ഇസ്രയേൽ അതിക്രമങ്ങളിൽ ഹിസ്ബുള്ള നേതൃനിരയുടെ ഭൂരിഭാഗം പേരും ഇതിനകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം, തെക്കൻ ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേലി ആക്രമണത്തിൽ, ഹിസ്ബുള്ള അനുഭാവികൾക്കിടയിൽ ഏറെ ജനപ്രീതി ഉണ്ടായിരുന്ന ഹസൻ നസ്‌റുള്ള കൂടി കൊല്ലപ്പെട്ടതോടെയാണ് സംഘത്തിന് മുൻപിൽ ഇപ്പോഴത്തെ പ്രതിസന്ധി രൂപപ്പെട്ടത്.1992-ൽ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ ആകുമ്പോൾ തന്റെ മുപ്പതുകളിൽ ആയിരുന്നു നസ്റുള്ള. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഹിസ്ബുള്ളയെ നയിക്കുന്നതിന് വ്യാപൃതനായിരുന്നു ഹസൻ നസറുള്ള.
ഇസ്രയേലിന്റെ ആക്രമണങ്ങൾ ശമനമില്ലാതെ തുടരുകയും തെക്കൻ ലെബനനിൽ കരയുദ്ധം ഏറ്റവും അടുത്തുതന്നെ പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നസ്‌റുള്ളയ്ക്കു പകരക്കാരനെ കണ്ടെത്തുകയെന്നത് ഹിസ്ബുള്ളയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. പ്രധാനമായും രണ്ടുപേരെയാണ് ഹിസ്ബുല്ലയുടെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഹാഷിം സഫീദ്ദീൻ
ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ തലവനും നസ്‌റുള്ളയുടെ ബന്ധുവുമായ സഫീദ്ദീൻ, പ്രസ്ഥാനത്തിൻ്റെ അടുത്ത സെക്രട്ടറി ജനറലാകാനുള്ള പട്ടികയിൽ ഏറ്റവും ആദ്യമുണ്ടെന്നാണ് കരുതപ്പെടുന്നത്. 1964-ൽ ടയറിന് സമീപമുള്ള തെക്കൻ ഗ്രാമമായ ദേർ ഖനൂൻ എൻ-നഹറിലാണ് സഫീദ്ദീൻ ജനിച്ചത്. ഇറാനിലെ ഇറാഖി നഗരമായ നജാഫിലും കോമിലും പ്രവർത്തിക്കുന്ന രണ്ട് പ്രധാന ഷിയ മതപഠന കേന്ദ്രങ്ങളിൽ നസ്രുള്ളയോടൊപ്പം അദ്ദേഹം വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സംഘടനയുടെ ആദ്യനാളുകളിലാണ് ഇരുവരും ഹിസ്ബുള്ളയിൽ ചേർന്നത്.
മതപണ്ഡിതന്മാരും ലെബനൻ പാർലമെൻ്റംഗങ്ങളും ഉൾപ്പെട്ട പ്രമുഖ ഷിയ കുടുംബത്തിൽ പെട്ടയാളാണ് സഫീദ്ദീൻ. സഹോദരൻ അബ്ദുല്ല ഇറാനിലെ ഹിസ്ബുള്ളയുടെ പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്നുണ്ട്. വ്യക്തിപരമായി തന്നെ സഫീദ്ദീന് ഇറാനുമായി അടുത്ത ബന്ധമുണ്ട്. 2020-ൽ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയുടെ മകളെയാണ് സഫീദ്ദീൻ്റെ മകൻ റെധ വിവാഹം കഴിച്ചത്.
എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഭാഗമാണെന്നത് കൂടാതെ, സംഘത്തിന്റെ ഷൂറ കൗൺസിലിലെ ഒരു പ്രധാന അംഗവും ജിഹാദി കൗൺസിലിൻ്റെ തലവനുമാണ് സഫീദ്ദീൻ. ആ പ്രാധാന്യമാണ് ഹിസ്ബുള്ളയുടെ എതിരാളികളുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയത്. അമേരിക്കയും സൗദി അറേബ്യയും സഫീദ്ദീനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നയീം ഖാസിം
എഴുപത്തിയൊന്നുകാരനായ ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയീം ഖാസിം. നസറുള്ള കഴിഞ്ഞാൽ നേതൃത്വത്തിലെ രണ്ടാമനാണ് നയീം ഖാസിം. നബാത്തി ഗവർണറേറ്റിലെ ക്ഫാർ കില എന്ന തെക്കൻ ലെബനീസ് ഗ്രാമത്തിലാണ് ഖാസിം ജനിച്ചത്. കഴിഞ്ഞ ഒക്‌ടോബർ മുതൽ നിരവധി ഇസ്രയേൽ ആക്രമണങ്ങൾ നടന്നിട്ടുള്ള പ്രദേശമാണിത്.
ഷിയാ രാഷ്ട്രീയത്തിൽ ഒരു നീണ്ട ചരിത്രമുണ്ട് ഖാസിമിന്. 1970-കളിൽ, അന്തരിച്ച ഇമാം മൂസ അൽ-സദറിൻ്റെ ഡിസ്പോസസ്ഡ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഖാസിം. അത് പിന്നീട് ലെബനനിലെ ഷിയാ ഗ്രൂപ്പായ അമാൽ മൂവ്‌മെൻ്റിൻ്റെ ഭാഗമായി. പിന്നീട് അമാൽ വിട്ട് 1980 കളുടെ തുടക്കത്തിൽ ഹിസ്ബുള്ള രുപീകരണത്തിന്റെ ഭാഗമായി. ഗ്രൂപ്പിൻ്റെ അടിസ്ഥാന മത പണ്ഡിതന്മാരിൽ ഒരാളാണ് ഖാസിം.പ്രമുഖ ലെബനീസ് - ഇറാഖി മതനേതാവായിരുന്ന അയത്തുള്ള മുഹമ്മദ് ഹുസൈൻ ഫദ്‌ലല്ലയുടെ ശിഷ്യനാണ് ഖാസിം. പതിറ്റാണ്ടുകളായി ബെയ്‌റൂട്ടിൽ മതപരമായ ക്ലാസുകളും നടത്തുന്നുണ്ട്.
ഹിസ്ബുള്ള വളരെ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ഒരു സംഘടനയായതിനാൽ, അതിൽ ഖാസിമിന്റെ ചുമതലകൾ എന്തൊക്കെയാണെന്നുള്ളത് പൊതുവിടങ്ങളിൽ പരസ്യമല്ല. എന്നിരുന്നാലും, ഒരു ഘട്ടത്തിൽ, ഹിസ്ബുള്ളയുടെ വിദ്യാഭ്യാസ ശൃംഖലയുടെ ഒരുഭാഗം അദ്ദേഹം നിയന്ത്രിക്കുകയും ഗ്രൂപ്പിൻ്റെ പാർലമെൻ്ററി പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു.
വർഷങ്ങളായി ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളയാണ് നയീം ഖാസിം . കൂടാതെ ഗ്രൂപ്പിൻ്റെ ശൂറ കൗൺസിൽ അംഗവുമാണ്. 2005-ൽ ഹിസ്ബുള്ള, 'ദി സ്റ്റോറി ഫ്രം വിത്ത്' എന്ന പേരിൽ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അത് നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
1991-ൽ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ-മുസാവിയുടെ കീഴിലാണ് ഖാസിം ഡെപ്യൂട്ടി സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. മുസാവിയെ പിന്നീട് ഇസ്രയേൽ വധിച്ചു.