ശക്തമായ ചൈനീസ് വിരുദ്ധത, മോദിയുമായും ഇന്ത്യയുമായും അടുത്ത ബന്ധം; മൈക്ക് വാൾട്‌സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുമ്പോൾ ട്രംപിന്റെ മനസിലെന്ത്?
റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മൈക്ക് വാൾട്‌സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കാൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നാഷണൽ ഗാർഡിൽ കേണലായി സേവനമനുഷ്ഠിച്ച ട്രംപിൻ്റെ വിശ്വസ്തനായ വാൾട്ട്സ് കടുത്ത ചൈന വിമർശകനും ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഏറ്റവും അടുത്ത് നിൽക്കുന്നയാളുമാണ്. ഇന്ത്യൻ കോക്കസിൻ്റെ തലവനാണ് ഫ്ലോറിഡ പ്രതിനിധിയായ മൈക്ക് വാൾട്ട്സ്.
കിഴക്കൻ-മധ്യ ഫ്ലോറിഡയിൽ നിന്ന് മൂന്ന് തവണ റിപ്പബ്ലിക്കൻ പ്രതിനിധിയായ വാൾട്ട്സ്, യുഎസ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഗ്രീൻ ബെററ്റ് ആയിരുന്നു. കഴിഞ്ഞ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഹൗസ് ആംഡ് സർവീസസ് സബ് കമ്മിറ്റിയുടെ ചെയർമാനായും ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിലും ഇൻ്റലിജൻസ് സ്ഥിരം സെലക്ട് കമ്മിറ്റിയിലും അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്ന് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
പരിചയസമ്പന്നനായ വിദേശനയ വിദഗ്ധനും യുഎസ്-ഇന്ത്യ സഖ്യത്തിൻ്റെ ശക്തനായ വക്താവുമാണ് അദ്ദേഹം. അതേസമയം ചൈനയെ പ്രതിരോധിക്കുന്നതിലാണ് അദ്ദേഹം എല്ലായ്പ്പോഴും ഊന്നൽ കൊടുത്തത്.
ഇന്ത്യയെയും ഇന്ത്യൻ-അമേരിക്കക്കാരെയും സംബന്ധിച്ചുള്ള ഉഭയകക്ഷി കോൺഗ്രസ്സ് കോക്കസിൻ്റെ കോ-ചെയർ എന്ന നിലയിൽ, 2023 ലെ യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാപിറ്റോൾ ഹില്ലിൽ നടത്തിയ പ്രസംഗം ക്രമീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു എന്നത് ശ്രദ്ധേയമാണ്. നിലവിൽ സെനറ്റിലെ 40 അംഗങ്ങൾ അടങ്ങുന്ന ഒരു ഉഭയകക്ഷി ഗ്രൂപ്പാണ് സെനറ്റിൻ്റെ ഇന്ത്യാ കോക്കസ്. 2004-ൽ അന്നത്തെ ന്യൂയോർക്ക് സെനറ്ററും സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലാരി ക്ലിൻ്റണും സെനറ്റർ ജോൺ കോർണിനും ചേർന്ന് സ്ഥാപിച്ച ഇത് സെനറ്റിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ കോക്കസാണ്.
കോവിഡ് 19 ഉത്ഭവവും ഉയ്ഗൂർ മുസ്‌ലിംകളോട് മോശമായി പെരുമാറി തുടങ്ങിയ ആരോപണങ്ങൾ ചൈനക്കെതിരെ വാൾട്ട്‌സ് നിരന്തരം ഉന്നയിച്ചിരുന്നു. 2022-ൽ ബീജിംഗിൽ നടക്കുന്ന വിൻ്റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാൻ യുഎസ് ആഹ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഭരണകൂടത്തിൻ്റെ തീരുമാനത്തെ വാൾട്ട്സ് രൂക്ഷമായി വിമർശിച്ചിരുന്നു.
അദ്ദേഹത്തിന്റെ നിയമനം ചൈനയോടുള്ള അമേരിക്കയുടെ ഉറച്ച സമീപനങ്ങളെ കൂടുതൽ ദൃഢമാക്കുമെന്നാണ് കരുതുന്നത്. ഒപ്പം ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ നന്നാകുമെന്നും പ്രതീഷിക്കുന്നുണ്ട്. പ്രാദേശിക സ്ഥിരതയ്ക്കും പരസ്പര സാമ്പത്തിക, സുരക്ഷാ നേട്ടങ്ങൾക്കും ഇന്ത്യ- ചൈന സഖ്യം അനിവാര്യമാണെന്ന് വാൾട്ട്സ് വാദിച്ചിരുന്നു.