ചാര ഉപഗ്രഹം ഉടൻ വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയ; 'അമേരിക്കൻ ധിക്കാരത്തിന് മുന്നിൽ കാഴ്ചക്കാരായി നിൽക്കാനാകില്ല'
സൈനിക നിരീക്ഷണ ഉപഗ്രഹം ഉടന്‍ പ്രവർത്തനം തുടങ്ങുമെന്ന് ഉത്തര കൊറിയ. ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള നീക്കത്തെ ന്യായീകരിച്ച ഉത്തരകൊറിയ, അമേരിക്കൻ കടന്നുകയറ്റം നോക്കി നിൽക്കില്ലെന്നും പറഞ്ഞു. ഇന്നലെ ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രതികരണം.
നിരീക്ഷണ ഉപഗ്രഹം എത്രയും വേഗത്തിൽ ഭ്രമണപഥത്തിലെത്തിക്കുമെന്നും പ്രവർത്തനക്ഷമമാക്കുമെന്നും കിം ജോങ് ഉന്നിന്റെ സഹോദരി കിം യോങ് ജോങ്ങിനെ ഉദ്ധരിച്ച് ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ വ്യക്തമാക്കി. ഉത്തരകൊറിയയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെയും കിം ന്യായീകരിച്ചു. അമേരിക്ക ഉള്‍പ്പെടെ ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച എല്ലാ രാജ്യങ്ങളെയും കുറ്റപ്പെടുത്താതെ ഉത്തരകൊറിയയെ മാത്രം കുറ്റപ്പെടുത്തുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്.
രാജ്യത്തിന്റെ പരമാധികാര അവകാശത്തെ ഹനിക്കുന്ന ധിക്കാരപരമായ പ്രവൃത്തികള്‍ അമേരിക്ക തുടരുമ്പോള്‍ ഉത്തരകൊറിയയ്ക്ക് ഒരിക്കലും ഒരു കാഴ്ചക്കാരനായി തുടരാനാകില്ല
'അമേരിക്കയുമായി നീണ്ടു നില്‍ക്കുന്ന ഏറ്റുമുട്ടലിന്റെ സ്വഭാവത്തെക്കുറിച്ച് ഉത്തര കൊറിയയ്ക്ക് നല്ല ബോധ്യമുണ്ട്. എല്ലാവരെയും ഉള്‍ക്കൊണ്ട് യുദ്ധ പ്രതിരോധം ശക്തിപ്പെടുത്താനുള്ള മുഴുവന്‍ ശ്രമങ്ങളും നടത്തും. രാജ്യത്തിന്റെ പരമാധികാര അവകാശത്തെ ഹനിക്കുന്ന ധിക്കാരപരമായ പ്രവൃത്തികള്‍ അമേരിക്ക തുടരുമ്പോള്‍ ഉത്തരകൊറിയയ്ക്ക് ഒരിക്കലും ഒരു കാഴ്ചക്കാരനായി തുടരാനാകില്ല' പ്രസ്താവനയില്‍ പറയുന്നു.
ഒന്നാം ഘട്ടം വേര്‍പെടുത്തിയ റോക്കറ്റിന്റെ രണ്ടാം ഘട്ടം തകരാറിലായതോടെയാണ് വിക്ഷേപണം പരാജയപ്പെട്ടത്
ഉത്തരകൊറിയയുടെ ആദ്യ ചാര ഉപഗ്രഹമായ ചോലിമ-1 ന്റെ വിക്ഷേപണമാണ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. റോക്കറ്റിന്റെ രണ്ടാം ഘട്ടം തകരാറിലായതോടെയാണ് വിക്ഷേപണം പരാജയപ്പെട്ടത്. ഉപഗ്രഹവുമായി കുതിച്ച റോക്കറ്റ് കടലില്‍ വീഴുകയായിരുന്നു. അമേരിക്കയുടെയും ദക്ഷിണകൊറിയയുടേയും സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഉപഗ്രഹം നിര്‍മിച്ചതെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്.