പതിച്ചത് യുക്രെയ്‌ന്റെ മിസൈലുകളാകാനാണ് സാധ്യത: റഷ്യന്‍ ബന്ധം തള്ളി പോളണ്ട് പ്രസിഡന്റ്

പതിച്ചത് യുക്രെയ്‌ന്റെ മിസൈലുകളാകാനാണ് സാധ്യത: റഷ്യന്‍ ബന്ധം തള്ളി പോളണ്ട് പ്രസിഡന്റ്

റഷ്യ കഴിഞ്ഞ ദിവസം യുക്രെയ്ൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ പറ്റിയതാകാമെന്നാണ് വിലയിരുത്തൽ.
Updated on
2 min read

റഷ്യ യുക്രെയ്ന്‍ സംഘര്‍ഷത്തിനിടെ അയല്‍ രാജ്യമായ പോളണ്ടില്‍ മിസൈല്‍ പതിച്ചുണ്ടായ അപകടം ഉണ്ടാക്കിയ ആഗോള യുദ്ധ ഭീതിയ്ക്ക് വിരാമമാകുന്നു. രണ്ട് പേരുടെ മരണത്തിനിടയാക്കിയ മിസൈല്‍ ആക്രമണം റഷ്യ നടത്തിയതല്ലെന്ന വിശദീകരണവുമായി പോളണ്ട് പ്രസിഡന്റ് ഒന്‍ഡ്രേ ഡൂഡ രംഗത്ത് എത്തി. പോളണ്ടിലെ ഗ്രാമമേഖലയില്‍ പതിച്ച മിസൈലിന് പിന്നില്‍ റഷ്യയാണെന്ന ആക്ഷേപം ഉയരുകയും, നാറ്റോ ഉള്‍പ്പെടെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണത്തിലെ യുക്രൈന്‍ ബന്ധത്തിനിള്ള സാധ്യത പോളണ്ട് തന്നെ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം രാജ്യത്ത് പതിച്ച മിസൈല്‍ യുക്രെയ്ന്‍ പ്രതിരോധ സേനയുടേത് ആകാമെന്നാണ് പോളണ്ട് പ്രസിഡന്റ് ഒന്‍ഡ്രേ ഡൂഡയുടെ നിലപാട്. ആക്രമണം റഷ്യ മനഃപൂര്‍വം നടത്തിയതാണെന്ന് ഉറപ്പിച്ച പറയാന്‍ തെളിവുകളില്ല. എന്നാല്‍ റഷ്യ കഴിഞ്ഞ ദിവസം യുക്രെയ്ന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നടത്തിയ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ പറ്റിയതാകാമെന്നാണ് വിലയിരുത്തല്‍. എന്നാണ് പോളിഷ് പ്രസിഡന്റിന്റെ പ്രതികരണം. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സമാന അഭിപ്രായമാണ് പങ്കുവെച്ചത്.

യുക്രെയ്‌ന്റെ ഭാഗത്ത് നിന്ന് അബദ്ധവശാൽ ഉണ്ടയതാകാമെന്നും അവരുടെ തെറ്റാണെന്ന് പറയാനാകില്ലെന്നും നാറ്റോ സെക്രട്ടറി ജനറൽ പറഞ്ഞു

തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം, പോളണ്ടിൽ പതിച്ചത് സോവിയറ്റ് യൂണിയനിൽ നിർമിച്ച മിസൈലാണ്. അത് റഷ്യയുടെ ഭാഗത്ത് നിന്നുള്ളതാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് പോളണ്ട് പ്രസിഡന്റ് പറഞ്ഞു. യുക്രെയ്‌ന്റെ വ്യോമ പ്രതിരോധ സേനയുടേത് ആകാനാണ് സാധ്യത. കൂടാതെ നാറ്റോ സഖ്യരാജ്യങ്ങളിൽ ഏതെങ്കിലും സുരക്ഷാ ഭീഷണി നേരിടുകയാണെന്ന് തോന്നിയാൽ കൂടിയാലോചന ആവശ്യപ്പെടുന്നതിന് അനുവദിക്കുന്ന അനുച്ഛേദം നാല് ഉപയോഗിക്കേണ്ടതില്ലെന്ന് പോളിഷ് പ്രധാനമന്ത്രി പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കിയും വ്യക്തമാക്കി.

റഷ്യ വിക്ഷേപിച്ചതാകാൻ സാധ്യതയില്ലെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പരസ്യമായി പറഞ്ഞിരുന്നു. യുക്രെയ്ൻ വ്യോമ പ്രതിരോധ മിസൈലാണെന്ന് ബൈഡൻ സഖ്യകക്ഷികളോട് പറഞ്ഞതായി നാറ്റോ വൃത്തങ്ങളും അറിയിച്ചു. നാറ്റോ അംഗ രാജ്യമായത് കൊണ്ട് തന്നെ സംഭവത്തിന് പിന്നാലെ നാറ്റോ അംബാസഡർമാർ അടിയന്തര യോഗം ചേർന്നിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും യോഗത്തിന് അധ്യക്ഷത വഹിച്ച നാറ്റോ സെക്രട്ടറി ജനറൽ പറഞ്ഞു. യുക്രെയ്‌ന്റെ ഭാഗത്ത് നിന്ന് അബദ്ധവശാൽ ഉണ്ടയതാകാമെന്നും അവരുടെ തെറ്റാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തിന്റെ "ആത്യന്തികമായ ഉത്തരവാദിത്വം" റഷ്യക്ക് തന്നെയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു

തങ്ങളുടെ മിസൈലുകളൊന്നും പോളിഷ് അതിർത്തിയുടെ 35 കിലോമീറ്റർ പരിധിക്കുള്ളിൽ പതിച്ചിട്ടില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു. പോളണ്ടിലെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളിൽ യുക്രെയ്നിന്റെ എസ്-300 വ്യോമ പ്രതിരോധ മിസൈലിന്റെ ഘടകങ്ങൾ ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടി. എന്നാൽ സംഭവത്തിന് പിന്നാലെ പോളണ്ടിൽ നടന്നത് റഷ്യൻ മിസൈൽ ഭീകരതയാണെന്ന് വോളോഡിമിർ സെലൻസ്കി ട്വീറ്റ് ചെയ്തിരുന്നു. നാറ്റോയുടെയും അമേരിക്കയുടെയും പ്രതികരണം വന്നതിന് ശേഷം യുക്രെയ്ൻ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.

ഖേഴ്‌സണിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ മിസൈൽ ആക്രമണം റഷ്യ കടുപ്പിച്ചിരുന്നു. ഇത് പ്രതിരോധിക്കുന്നതിന് ഇടയിലായിരുന്നു സംഭവം.

logo
The Fourth
www.thefourthnews.in