ഒടുവില്‍ കണക്ക് പുറത്തുവിട്ട് ചൈന; ഒരുമാസത്തിനിടെ 60,000 കോവിഡ് മരണം

ഒടുവില്‍ കണക്ക് പുറത്തുവിട്ട് ചൈന; ഒരുമാസത്തിനിടെ 60,000 കോവിഡ് മരണം

2022 ഡിസംബര്‍ എട്ടിനും 2023 ജനുവരി 12നുമിടയിലെ കോവിഡ് മരണനിരക്ക് പുറത്തുവിട്ട് ചൈന
Updated on
1 min read

കോവിഡ് സാഹചര്യം ഗുരുതരമായതിന് ശേഷം ആദ്യമായി മരണനിരക്ക് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ട് ചൈന. ഒരു മാസത്തിനിടെ 60,000 ത്തോളം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന് കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട കണക്ക്. 2022 ഡിസംബര്‍ എട്ടിനും 2023 ജനുവരി 12നും ഇടയിലുണ്ടായത് 59,938 മരണമാണെന്ന് ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി ജിയാവോ യാഹുയി വ്യക്തമാക്കി.

വൈറസ് ബാധയെ തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് മരിച്ചത് 5000ത്തിലേറെ പേരാണ്. കോവിഡ് ബാധിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമായി മരിച്ചവരാണ് 55,000ത്തിലേറെ പേരും. മെഡിക്കല്‍ റെക്കോര്‍ഡുകളിലെ മരണനിരക്ക് മാത്രമാണിത്. അല്ലാത്തവ കൂടി ചേരുമ്പോള്‍ മരണസംഖ്യ ഇതിലേറെയായിരിക്കുമെന്നതാണ് യാഥാര്‍ഥ്യം.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരാശരി പ്രായം 80 വയസാണെന്നും മരിച്ചവരിൽ 90 ശതമാനത്തിലധികം പേരും 65 വയസ്സിന് മുകളിലുള്ളവരാണെന്നും ചൈനീസ് അധികൃതര്‍ വിശദീകരിക്കുന്നു. 60 വയസ്സിന് മുകളിലുള്ള 10ലക്ഷത്തിലധികം വരുന്ന ചൈനീസ് പൗരന്മാര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവരാണെന്ന വിവരവും അവര്‍ പുറത്തുവിട്ടു.

ഒടുവില്‍ കണക്ക് പുറത്തുവിട്ട് ചൈന; ഒരുമാസത്തിനിടെ 60,000 കോവിഡ് മരണം
ചൈന കൃത്യമായ കോവിഡ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

ജനകീയ പ്രതിഷേധം ശക്തമായതോടെ ഡിസംബർ ആദ്യം സീറോ കോവിഡ് നയം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ചൈനയില്‍ കോവിഡ് സാഹചര്യം വഷളായത്. വൈറസ് ബാധ രൂക്ഷമാകുമ്പോഴും കൃത്യമായ മരണനിരക്ക് ചൈന പുറത്തുവിടുന്നില്ലെന്ന് ലോകാരോഗ്യസംഘടനയും അന്താരാഷ്ട്ര സമൂഹവും കുറ്റപ്പെടുത്തിയിരുന്നു.

ഒടുവില്‍ കണക്ക് പുറത്തുവിട്ട് ചൈന; ഒരുമാസത്തിനിടെ 60,000 കോവിഡ് മരണം
കോവിഡ് കേസുകള്‍ ഉയരുന്നു; വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപനവുമായി ചൈന

കോവിഡ് മരണങ്ങളെ തരംതിരിക്കുന്നതിനുള്ള രീതി ചൈന നേരത്തെ പരിഷ്കരിച്ചിരുന്നു. വൈറസ് ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നവരെ മാത്രമെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തൂ എന്നായിരുന്നു നിലപാട് . എന്നാൽ, ഇതിനെ വിമർശിച്ച് ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും കോവിഡ് മരണങ്ങളുടെയും കൃത്യമായ വിവരങ്ങൾക്കായി നിരന്തരം ചൈനയോട് ആവശ്യപ്പെടുകയാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനത്തിന്റെ നിലപാട്.

logo
The Fourth
www.thefourthnews.in