ജോലി ലഭിക്കാൻ കെനിയയിൽ ലൈംഗിക ചൂഷണം; അതിക്രമം
ബ്രിട്ടീഷ് കമ്പനികൾക്ക് കീഴിലെ തോട്ടങ്ങളിൽ

ജോലി ലഭിക്കാൻ കെനിയയിൽ ലൈംഗിക ചൂഷണം; അതിക്രമം ബ്രിട്ടീഷ് കമ്പനികൾക്ക് കീഴിലെ തോട്ടങ്ങളിൽ

യുണിലിവർ, ജെയിംസ് ഫിൻലേ എന്നീ രണ്ട് ബ്രിട്ടീഷ് കമ്പനികളുടെ തോട്ടങ്ങളിൽ 70ൽ അധികം സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് വിധേയരായതായി റിപ്പോർട്ട്
Updated on
1 min read

കെനിയയിലെ തേയിലത്തോട്ടങ്ങളിലെ ലൈംഗികാതിക്രമ ആരോപണങ്ങൾ ബിബിസി ഡോക്യുമെൻ്ററിയിലൂടെ പുറത്തു വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് കെനിയൻ പാർലമെൻ്റ്. മാനേജർമാർ 70 ലധികം സ്ത്രീകളെ അവരുടെ തൊഴിലിടങ്ങളിൽ ചൂഷണം ചെയ്തതായാണ് ബിബിസി ഡോക്യുമെൻ്ററിയിൽ കണ്ടെത്തിയിരിക്കുന്നത്. യുണിലിവർ, ജെയിംസ് ഫിൻലേ എന്നീ രണ്ട് ബ്രിട്ടീഷ് കമ്പനികൾ നടത്തുന്ന തോട്ടങ്ങളിലാണ് സ്ത്രീകൾക്ക് നേരെയുള്ള ഈ അതിക്രമം നടന്നിരിക്കുന്നത്. അതിക്രമത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കമ്പനികൾ ആരോപണവിധേയരായ 3 മാനേജർമാരെ സസ്‌പെൻഡ് ചെയ്തു. മാനേജരെ സസ്പെൻഡ് ചെയ്തതായും പോലീസിൽ പരാതി നൽകിയതായും ജെയിംസ് ഫിൻലേ ആൻഡ് കോ വ്യക്തമാക്കി. വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി സ്പീക്കർ ഗ്ലാഡിസ് ഷോലെയ് എംപിമാരുടെ സമിതിയെ ചുമതലപ്പെടുത്തി.

മാനേജരുടെ ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം എച്ച്ഐവി ബാധിത ആയി മാറിയതായി ബിബിസി ഡോക്യുമെൻ്ററിയിലൂടെ ഒരു സ്ത്രീ വ്യക്തമാക്കി. ഡിവിഷണൽ മാനേജരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതിക്കുന്നതുവരെ ജോലി നിർത്തി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടായെന്ന് മറ്റൊരു സ്ത്രീ പറഞ്ഞു. ലൈംഗിക ചൂഷണം സ്ഥിരീകരിക്കാൻ ബിബിസി ഒളിക്യാമറ ഓപ്പറേഷനും നടത്തി.ബിബിസിയുടെ ഒരു റിപ്പോർട്ടർ ജെയിംസ് ഫിൻലേ ആൻഡ് കോ എന്ന കമ്പനിയിലേയ്ക്ക് ജോലിക്ക് വേണ്ടി അപേക്ഷിച്ചു. തുടർന്ന് അവരെ ഒരു ഹോട്ടൽ മുറിയിലേക്ക് അഭിമുഖത്തിനായി വിളിക്കുകയും അവിടെ വെച്ച് വസ്ത്രം അഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു.

ഞെട്ടലോടെയാണ് ഈ റിപ്പോർട്ട് കണ്ടതെന്ന് പാർലമെൻ്റ അംഗം ബിയാട്രിസ് കെമി പറഞ്ഞു. രാജ്യത്തെ മൾട്ടിനാഷണൽ ചായ കമ്പനികളിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളെയാണ് റിപ്പോർട്ട് പുറം ലോകത്തെത്തിച്ചിരിക്കുന്നതെന്ന് തേയില കൃഷികൾ ചെയ്യുന്ന പ്രദേശമായ കെറിക്കോയിലെ വനിതാ പ്രതിനിധി കെമി പറഞ്ഞു.ഇത്തരം സംഭവങ്ങൾ ഇപ്പോഴും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് പാർലമെൻ്റ് അംഗമായ ബിയാട്രിസ് എലാക്കി പറഞ്ഞു.

വരുമാനമില്ലാതെ ജീവിക്കാൻ പ്രയാസമായതിനാൽ മേലധികാരികൾക്ക് വഴങ്ങി കൊടുക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ആരോപണ വിധേയയമായ രണ്ട് കമ്പനികളുടെ കീഴിലും പ്രവർത്തിക്കുന്ന സ്ത്രീകൾ വ്യക്തമാക്കി. 10 വർഷങ്ങൾക്ക് മുൻപും യുണിലിവർ സമാനമായ ആരോപണങ്ങൾ നേരിട്ടുണ്ട്. എന്നാൽ ഇത്തരം ലൈംഗിക പീഡന ആരോപണങ്ങളിൽ കാര്യമായ ഒരു നടപടിയും കമ്പനികൾ എടുക്കുന്നില്ലെന്നാണ് ബിബിസിയുടെ കണ്ടെത്തൽ. കെനിയയിലെ ജെയിംസ് ഫിൻലേ ആൻഡ് കോയിൽ നിന്നുള്ള വാങ്ങൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസ്താവന ഇറക്കിയ സ്റ്റാർബക്സ് വിഷയത്തിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി.

logo
The Fourth
www.thefourthnews.in