ആൻഡമാന് സമീപം ഗ്രേറ്റ് കോക്കോ ദ്വീപിൽ സൈനിക നിർമാണങ്ങൾ, പിന്നിൽ ചെെനയെന്ന് സംശയം; ഇന്ത്യയ്ക്ക് ഭീഷണി
ആൻഡമാൻ നിക്കോബാറിനു സമീപമുള്ള ഗ്രേറ്റ് കൊക്കോ ദ്വീപുകളില്‍ ചെെനയുടേതെന്ന് സംശയിക്കുന്ന പുതിയ സൈനിക സൗകര്യങ്ങള്‍. മ്യാന്‍മറിന്റെ അധീനതയിലുളള ഈ ദ്വീപിലെ ചൈനയുടെ ഇടപെടൽ ഇന്ത്യയുടെ സൈനിക ആധിപത്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാവുമെന്നാണ് വിലയിരുത്തൽ.
ആന്‍ഡമാന്‍ നിക്കോബാറിന് വടക്ക് 55 കിലോമീറ്റര്‍ അകലെയായാണ് ഗ്രേറ്റ് കൊക്കോ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടെ രണ്ട് പുതിയ സെെനിക ഹാംഗറുകൾ, കോസ് വേ, അക്കോമഡേഷന്‍ ബ്ലോക്ക്, റണ്‍വേ എന്നിവ നിര്‍മിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് വളരെ തന്ത്രപ്രധാനമുള്ളതാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകൾ. ഇന്ത്യയിലെ ആദ്യത്തെ ട്രൈ സര്‍വിസ് കമാന്‍ഡ് ആസ്ഥാനമാണ് ആന്‍ഡമാന്‍ നിക്കോബാര്‍. ഇതിനെ ലക്ഷ്യം വച്ചാണ് കൊക്കോ ദ്വീപില്‍ ചൈന സൈനിക സൗകര്യങ്ങള്‍ നവീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗ്രേറ്റ് കൊക്കോ ദ്വീപിൽ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തെളിവുകൾ സാറ്റ്‌ലൈറ്റ് ഇമേജറി സ്ഥാപനമായ മാക്‌സര്‍ ടെക്‌നോളജീസാണ് പുറത്തുവിട്ടിരിക്കുന്നത്.
ദ്വീപില്‍ പ്രത്യേക റഡാറുകളും ലിസണിങ് പോയിന്റുകളും ഉപയോഗിച്ച് ഇന്ത്യയുടെ മിസൈല്‍ പരീക്ഷണമുള്‍പ്പെടെ നീക്കങ്ങള്‍ ചെെന വീക്ഷിക്കുന്നതായി സംശയമുണ്ട്
ദ്വീപിൽ പുതിയ ഹാംഗറുകള്‍ ദൃശ്യമാണെന്ന് ഉപഗ്രഹചിത്ര വിദഗ്ധനായ ഡാമിയന്‍ സൈമണും വിദേശ സുരക്ഷാ പ്രശ്‌നങ്ങളില്‍ വിദഗ്ധായ ജോണ്‍ പൊള്ളോക്കും പറയുന്നു. പുതുതായി നീളം കൂട്ടിയ റണ്‍വേയ്ക്കും റഡാര്‍ സ്റ്റേഷനും സമീപമാണ് ഇവയെല്ലാം കാണപ്പെടുന്നത്. രണ്ട് ശദാബ്ദമായി ഗ്രേറ്റ് കൊക്കോ ദ്വീപ് പ്രദേശങ്ങളില്‍ ചൈനയുടെ സാന്നിധ്യമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ദ്വീപില്‍ പ്രത്യേക റഡാറുകളും ലിസണിങ് പോയിന്റുകളും ഉപയോഗിച്ച് ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങൾ ഉള്‍പ്പെടെയുള്ള പ്രതിരോധ നീക്കങ്ങള്‍ ചെെന വീക്ഷിക്കുന്നതായി സംശയമുണ്ട്.
മ്യാന്‍മറുമായി നേരത്തെ ഇന്ത്യ മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നൂ. എന്നാൽ അവിടെ നടന്ന സൈനിക അട്ടിമറിക്കുശേഷം ഇന്ത്യയ്ക്ക് ബന്ധം നഷ്ടമാകുകയും ചൈന സ്വാധീനം വര്‍ധിക്കുകയുമായിരുന്നു. തങ്ങളുടെ കിഴക്കന്‍ തീരത്തേക്കുളള കപ്പല്‍ ഗതാഗതത്തിനുളള നിര്‍ണായക കടല്‍പ്പാതയായ മലാക്ക കടലിടുക്കിന് പകരമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടല്‍പ്പാതകളില്‍ കൂടുതല്‍ മേല്‍കൈ ലഭിക്കാനുളള ശ്രമങ്ങള്‍ ചൈന നടത്തി.
മ്യാന്‍മർ സായുധ സേന രാജ്യത്തിന്റെ വലിയൊരു ഭാഗത്തെ നിയന്ത്രിക്കാന്‍ പാടുപെടുകയാണ്. സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ തകർച്ചയും നേരിടുന്നു. അതേസമയം, ചൈന മ്യാൻമറിൽ കൂടുതൽ നിക്ഷേപം നടത്തിക്കൊണ്ട് ഭരണതലത്തിൽ സ്വാധീനം വർധിപ്പിക്കുന്നു. ഇതുപയോഗിച്ച് കൊക്കോ ദ്വീപുകളിലെ സാന്നിധ്യം വഴി ചൈന ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങൾ നിരീക്ഷിക്കുന്നതായാണു വിലയിരുത്തൽ.